മഹാ മൂവീസിൻ്റെ ബാനറിൽ മഹേന്ദ്ര നാഥ് കോണ്ട്‌ല നിർമിക്കുന്ന 'ശബരി' റിലീസിനൊരുങ്ങുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയ 'ശബരി'യിൽ യുവതാരം വരലക്ഷ്‌മി ശരത്കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. നവാഗതനായ അനിൽ കാറ്റ്സ് ആണ് സംവിധാനം. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നതും അനിൽ കാറ്റ്സ് തന്നെയാണ്.
തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് 'ശബരി' റിലീസിന് തയ്യാറെടുക്കുന്നത്. മെയ് 3ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മഹർഷി കോണ്ട്‌ലയാണ് ശബരി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
നൂതനമായ കഥയും തിരക്കഥയുമായാണ് 'ശബരി' സിനിമയുടേതെന്ന് നിർമാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ ഇമോഷണൽ രംഗങ്ങളും ത്രില്ലർ ഘടകങ്ങളും ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'വരലക്ഷ്‌മിയുടെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും ഈ സിനിമ.
വരലക്ഷ്‌മിയുടെ അഭിനയം പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. തെലുഗു, തമിഴ് പതിപ്പുകളുടെ അവസാന ഭാഗം കണ്ടതിന് ശേഷം ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്. മറ്റ് ഭാഷാ ഡബ്ബുകൾ നടക്കുകയാണ്. വേൾഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തിലും ഞങ്ങൾ സന്തുഷ്‌ടരാണ്.