മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഇടിവി ഭാരതിനോട് 700ലധികം ഗാനങ്ങള്‍ കൂടാതെ തിരക്കഥകളും രചിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനാണ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ. ഏതാണ്ട് 52 വർഷങ്ങൾക്ക് മുമ്പാണ് മങ്കൊമ്പ് സിനിമയുടെ ലോകത്തേക്ക് കടന്നുവരുന്നത്. വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി അയാൾ കടന്നുവന്നു. സിനിമാലോകത്തെ തന്‍റെ അനുഭവങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.
അടിയന്തരാവസ്ഥക്കാലം തനിക്ക് മറക്കാൻ പറ്റാത്തതാണെന്ന് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ പറയുന്നു. അക്കാലത്തായിരുന്നു 'തെമ്മാടി വേലപ്പൻ' എന്ന ചിത്രം റിലീസിന് ഒരുങ്ങിയത്. പ്രധാന വേഷങ്ങളില്‍ പ്രേംനസീറും ജയഭാരതിയും.
ഈ സിനിമയ്‌ക്കായി 'തൃശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി' എന്നൊരു ഗാനം മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ എഴുതുകയുണ്ടായി. പണക്കാരനായ ഒരു മുതലാളിയുടെ മകളെ കളിയാക്കുന്നതിനായി നായകന് പാടേണ്ട പാട്ട് എന്നായിരുന്നു മങ്കൊമ്പിന് ലഭിച്ച നിർദേശം. പക്ഷേ ഗാനം പുറത്തുവന്നപ്പോഴാണ് അതിന് മറ്റൊരു വ്യാഖ്യാനം ഉണ്ടാവുന്നത്.
അടിയന്തരാവസ്ഥ കാലമായതിനാൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കളിയാക്കിയാണ് ഈ ഗാനം രചിച്ചതെന്ന് ആരൊക്കെയോ ചിലർ പറഞ്ഞുനടന്നു. എതിർ പാർട്ടികളുടെ യോഗങ്ങളിൽ ഗാനം പതിവായി ഉയർന്നുകേട്ടു. ഇന്ദിരാഗാന്ധിക്കെതിരായ മുദ്രാവാക്യമാക്കി പോലും ഗാനത്തെ മാറ്റുകയുണ്ടായി.
അടിയന്തരാവസ്ഥക്കാലം ആയതുകൊണ്ട് തന്നെ ചോദ്യവും പറച്ചിലും ഒന്നും തന്നെ ഉണ്ടാകില്ല, നേരെ ഇരുമ്പഴിക്കുള്ളിൽ ആകും. പക്ഷേ അന്ന് താനൊരു മുൻകൂർ ജാമ്യം എടുത്തതിനാൽ പ്രശ്‌നമൊന്നും സംഭവിച്ചില്ലെന്ന് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. പക്ഷേ കോടതി മുഖാന്തരമുള്ള ജാമ്യമല്ല കേട്ടോ, മറിച്ച് മറ്റൊരു പരിഹാര മാർഗമാണ് താൻ അവലംബിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തു.
അക്കാലത്താണ് 'സംഗമം' എന്ന ചിത്രം സംഭവിക്കുന്നത്. സംവിധായകൻ ഹരിഹരന്‍റെ നിർദേശപ്രകാരം ഇന്ദിരാഗാന്ധിയുടെ 20 പോയിന്‍റ് പദ്ധതിയെ പുകഴ്‌ത്തി ഒരു ഗാനം എഴുതിയാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ സംഗമം സിനിമയ്‌ക്കായി ട്വന്‍റി പോയിന്‍റ് പദ്ധതിയെ പുകഴ്‌ത്തി മങ്കൊമ്പ് ഒരു ഗാനം രചിച്ചു.
നിർമ്മാതാവ് പി വി ഗംഗാധരൻ ഈ ഗാനം ഹിന്ദിയിലേക്ക് തർജമ ചെയ്‌ത ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു ഡബ്ബിങ് റൈറ്ററായി ഇപ്പോൾ അറിയപ്പെടുന്നതിൽ തനിക്ക് പരിഭവമില്ലെന്നും മറിച്ച് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. 'ബാഹുബലി, മഗധീര, ആർ ആർ ആർ അങ്ങനെ നിരവധി ചിത്രങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൽ അഭിമാനമേയുള്ളൂ. എന്‍റെ തർജമാരീതി എസ് എസ് രാജമൗലി പോലും മാതൃകയാക്കിയതാണ്.
ഞാനൊരു സിനിമ മലയാളത്തിലേക്ക് തർജമ ചെയ്യുമ്പോൾ ഒരിക്കലും അതൊരു ഡബ്ബിങ് സിനിമ അല്ലെന്ന് കാണുന്ന പ്രേക്ഷകന് തോന്നണം. അതായിരുന്നു എന്‍റെ നിർബന്ധം' - മങ്കൊമ്പ് പറഞ്ഞു. പ്രശസ്‌ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമിയുമായി ഉള്ള ബന്ധത്തെ കുറിച്ചും മങ്കൊമ്പ് വാചാലനായി.
ദക്ഷിണാമൂർത്തി സ്വാമിയുമായി അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. സ്വാമിക്ക് ഒരു ന്യൂസ് പേപ്പർ നോട്ടിസ് കൊടുത്താലും അത് സംഗീതമാണ്, അത്രയും മികച്ച സംഗീതജ്ഞൻ. താൻ മലയാള സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് ദക്ഷിണാമൂർത്തി സ്വാമിയും ഒരു കാരണക്കാരൻ തന്നെയാണെന്ന് മങ്കൊമ്പ് പറഞ്ഞുനിർത്തി.