കേരളം

kerala

ETV Bharat / entertainment

വാലിബൻ എത്തി, മോഹൻലാൽ- ലിജോ ചിത്രത്തിന് വൻ വരവേല്‍പ്പ്

സിനിമാസ്വാദകരെ നിരാശപ്പെടുത്താതെ ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ. തിയേറ്ററുകളിൽ ഇന്ന് പുലർച്ചെ (ജനുവരി 25) പ്രദർശനം ആരംഭിച്ചു.

Malayikatte Valiban Released  Lilo Jose Pellissery Mohanlal Movie  മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിൽ  പെല്ലിശ്ശേരി മോഹൻലാൽ ചിത്രം
Malaikottai Vaaliban Film Review

By ETV Bharat Kerala Team

Published : Jan 25, 2024, 1:43 PM IST

Malaikottai Vaaliban Film Review

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിൽ എത്തി. പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ പുലർച്ചെ മുതല്‍ പ്രദർശനം ആരംഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം ഏകദേശം 500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നേരിന്‍റെ വിജയത്തിനുശേഷം മോഹൻലാൽ ചിത്രം എന്നുള്ള രീതിയിൽ മലൈക്കോട്ടൈ വാലിഭന് വലിയ പ്രേക്ഷക പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആദ്യ ചോദ്യം ചിത്രം പ്രേക്ഷകരെ സംതൃപ്‌തിപ്പെടുത്തിയോ എന്നുള്ളത് തന്നെ.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍റെ ക്രാഫ്റ്റ് ഒരുകാലത്തും ചോദ്യം ചെയ്യലിന് വിധേയമാകാൻ പോകുന്നില്ല. ലോക നിലവാരത്തിലുള്ള ദൃശ്യഭാഷ തന്നെയാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ പ്രകടനം അതിഗംഭീരമെന്ന് സിനിമ കണ്ടിറങ്ങിയവരും പറഞ്ഞു. പ്രൊമോഷൻ വേളയിൽ മോഹൻലാൽ പറഞ്ഞതുപോലെ കാലവും ദേശവും ഇല്ലാത്ത കഥാസന്ദർഭങ്ങളും മലയാള സിനിമ ഇതുവരെ കാണാത്ത കാൻവാസിലും തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തിരക്കഥയിലെ സംതൃപ്‌തിക്കുറവ് ചില പ്രേക്ഷകർ പ്രകടിപ്പിച്ചു.

പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ 'മലൈക്കോട്ടൈ വാലിബന്‍റെ' തിരക്കഥ രചിച്ചത് പിഎസ് റഫീഖും സംവിധായകൻ ലിജോയും ചേര്‍ന്നാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്‌ഠൻ ആണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവർ ചേർന്നാണ് 'മലൈക്കോട്ടൈ വാലിബന്‍റെ' നിർമാണം.

ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ. എഡിറ്റിങ് ദീപു ജോസഫും കലാസംവിധാനം ഗോകുൽദാസും നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് ഈണം പകരുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'മദഭര മിഴിയോരം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ മികച്ച പ്രതികരണമാണ് നേടിയത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ പോസ്റ്ററുകളും സൈബർ ലോകത്ത് തരംഗം തീർത്തിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിലാകെ വലിയ വരവേൽപ്പാണ് ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ചത്. ഇതുപോലൊരു ജോണർ സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നായിരുന്നു മോഹൻലാൽ നേരത്തെ അഭിപ്രായപ്പെട്ടത്. 'അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് താൻ. കാലമോ ദേശമോ ഒന്നുമില്ലാത്ത കഥാസന്ദർഭങ്ങൾ. പ്രണയവും പ്രതികാരവും അസൂയയും പ്രണയവും തുടങ്ങി എല്ലാ മാനുഷിക കാര്യങ്ങൾക്കും മൂല്യം കൊടുത്തുകൊണ്ടാണ് കഥ പറച്ചിൽ. ഇതുവരെ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമായി വാലിബൻ വിസ്‌മയിപ്പിക്കും'.

ഈ കഥ കേരളത്തിൽ ആണോ നടക്കുന്നത് എന്ന് ചോദിച്ചാൽ അങ്ങനെയല്ല. പശ്ചാത്തലം എത്രത്തോളം പഴക്കമുള്ളതാണെന്ന് ചോദിച്ചാൽ അതിനും ഉത്തരം ഇല്ല. ഭാരതത്തിൽ കഥ നടക്കുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല. വസ്ത്രാലങ്കാരം ഗാനങ്ങൾ എന്നിങ്ങനെ എല്ലാം വ്യത്യസ്‌തമായതാണ്. ഒരു നടനെന്ന രീതിയിൽ വളരെയധികം സംതൃപ്‌തി നൽകിയ കഥാപാത്രമാണ് ചിത്രത്തിലേത്. വളരെയധികം ചോദിച്ചുകേട്ട ഒരു ചോദ്യമാണ് കഥാപാത്രത്തിന്‍റെ ഇൻട്രോയ്ക്ക് തിയേറ്റർ കുലുങ്ങുമോ എന്നുള്ളത്. അതൊക്കെ സിനിമ കണ്ടുതന്നെ അറിയണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details