പത്തനംതിട്ട: ഇനി ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരോട് അധികം വിളച്ചിലെടുക്കാൻ ആരും പോകണ്ട, പണി പാളും. ഏത് പ്രശ്‌നക്കാരനെയും നേരിടാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് പറയാൻ ഇവരെ പ്രാപ്‌തരാക്കുകയാണ് കേരള പൊലീസ്. അതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ പൊലീസിൻ്റെ ആഭിമുഖ്യത്തിൽ ബീവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെ കഴിഞ്ഞ ദിവസം സ്വയംരക്ഷാ മുറകൾ അഭ്യസിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിൻ്റെ നിർദേശപ്രകാരമാണ് തൊഴിൽ മേഖലയിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് സർവീസ് സഹകരണ സംഘം ഹാളിൽ ഇന്നലെ (ഡിസംബർ 1) രാവിലെ 9.30 ന് ആരംഭിച്ച പരിശീലന പരിപാടി പത്തനംതിട്ട അഡീഷണൽ എസ്‌പി ആർ ബിനു ഉദ്‌ഘാടനം ചെയ്‌തു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം പരിശീലന പരിപാടികൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എസ്‌പി ആർ ബിനു പറഞ്ഞു. 'സ്ത്രീകളും കുട്ടികളും ജോലിസ്ഥലത്തും പൊതുഇടങ്ങളിലുമെല്ലാം അതിക്രമങ്ങൾക്ക് ഇരയാകുന്നു. കുടുംബങ്ങളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ ഇത്തരം പരിശീലന പരിപാടികൾ അവരെ പ്രാപ്‌തരാക്കുമെന്നും എസ്‌പി ആർ ബിനു അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട വനിതാ പൊലീസ് സ്‌റ്റേഷനിലെ ലേഖ, കോന്നി പൊലീസ് സ്‌റ്റേഷനിലെ നീന, അടുർ സ്‌റ്റേഷനിലെ അശ്വതി, തിരുവല്ല സ്‌റ്റേഷനിലെ വിനിത എന്നിവരാണ് പരിശീലകരായത്. ബിവറേജസ് കോർപ്പറേഷനിലെ 60 ഓളം വനിതാ ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ 100 ഓളം വനിതാ ഉദ്യോഗസ്ഥർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനം നൽകി വരുന്നുണ്ട്. വനിതാ സെൽ എസ്‌ഐ കെആർ ഷെമിമോൾ, എസ്ഐ ജി സുരേഷ് കുമാർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
Also Read: ബെവ്കോ വനിത ജീവനക്കാരെ തൊട്ടാല്‍ ഇനി വിവരമറിയും; കായിക പരിശീലന പദ്ധതിയുമായി എംഡി