സിനിമ എന്നത് കൂട്ടായ പ്രയത്നത്തിന്‍റെ ഫലമാണെന്ന് നമുക്ക് ഏവർക്കും അറിയാം. അഭിനേതാക്കളെയും സംവിധായകനെയും സംഗീത സംവിധായകനെയുമെല്ലാം പലപ്പോഴും വാനോളം വാഴ്‌ത്തുമ്പോള്‍ കലാരൂപത്തിന് മജ്ജയും മാംസവും നൽകിയ ഒരുപാട് മികച്ച കലാകാരന്മാർ അണിയറയിൽ ആരും അറിയപ്പെടാതെ പോകാറുണ്ട്. അത്തരത്തിലൊരു കലാകാരനാണ് മുരുകൻ. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫോളി ആർട്ടിസ്റ്റുകളിൽ ഒരാൾ.
അടുത്തിടെ റിലീസ് ചെയ്‌ത കണ്ണൂർ സ്‌ക്വാഡ്, നടികർ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഫോളി ഒരുക്കിയത് മുരുകൻ ആയിരുന്നു. ഡോക്യുമെന്‍ററി വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഓസ്‌കർ പുരസ്‌കാരം ലഭിച്ച എലിഫന്‍റ് വിസ്‌പർ എന്ന ചിത്രത്തിനും ഫോളി ഒരുക്കിയത് മുരുകനാണ്. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾ പരിചയമില്ലാത്തവർക്ക് മനസിലാകുന്നതിന് വേണ്ടി ഫോളി എന്താണെന്ന് വിശദീകരിക്കാം.
സിനിമയിൽ ഒരു കഥാപാത്രം നടക്കുമ്പോൾ, ഒരു കുതിര ഓടുമ്പോൾ, മഴ പെയ്യുമ്പോൾ, ഗേറ്റ് തുറക്കുമ്പോൾ, ഒരാളെ ഇടിക്കുമ്പോൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ അതിന്‍റെയൊക്കെ ശബ്‌ദം കൃത്രിമമായോ അല്ലാതെയോ സൃഷ്‌ടിച്ചെടുക്കുന്നതിനെയാണ് ഫോളി എന്ന് പൊതുവേ പറയപ്പെടുന്നത്. അതായത് സിനിമയ്ക്ക് ആവശ്യമായ സംസാരം ഒഴികെയുള്ള ശബ്‌ദങ്ങൾ സൃഷ്‌ടിച്ചെടുക്കുന്ന മേഖല.
ഇത്തരം ഫോളി കലാകാരൻമാർ സൃഷ്‌ടിച്ചെടുക്കുന്ന ശബ്‌ദങ്ങളെയാണ് ഒരു സൗണ്ട് ഡിസൈനർ സിനിമയ്ക്ക് വേണ്ടി രൂപകൽപ്പന ചെയ്യുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന് ഫോളി ഒരുക്കുമ്പോഴായിരുന്നു അടുത്തിടെ ചെയ്‌ത ചിത്രങ്ങളിൽ ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്. വാഹനങ്ങൾ തല കീഴായി മറിയുന്ന ശബ്‌ദവും കരിയിലകൾക്കിടയിലുള്ള ആക്ഷൻ രംഗങ്ങളും ദിവസങ്ങൾ എടുത്താണ് പൂർത്തിയാക്കിയത്.