കോഴിക്കോട്:ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേ എന്ന് വായനക്കാരെ സന്ദേഹിപ്പിച്ച എംടിയുടെ നോവൽ 'വിലാപയാത്ര'. അതുപോലെ കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ ആളുകള്‍ക്കിടയിലൂടെ എംടിയുടെ മൃതദേഹം വഹിച്ച വിലാപയാത്രയ്ക്കൊടുവില്‍ കോഴിക്കോട് മാവൂർ റോഡിലെ സ്‌മൃതിപഥം ശ്‌മാശനത്തില്‍ മലയാളത്തിന്‍റെ മഹാപ്രതിഭയ്ക്ക് നിത്യനിദ്ര. നിരവധി പേരാണ് തങ്ങളുടെ പ്രിയ കഥാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ കോഴിക്കോട്ടേയ്ക്ക് ഒഴുകിയെത്തിയത്. കൈ കൂപ്പി നിറകണ്ണുകളോടെ അവര്‍ ആ പ്രതിഭയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
വ്യാഴാഴ്‌ച (ഡിസംബര്‍ 26) വൈകിട്ട് 4.35 ന് എം ടി സിതാരയുടെ പടി അവസാനമായി ഇറങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കേരളം അത് നോക്കി നിന്നത്. കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്ന് ആംബുലൻസിൽ പുറപ്പെട്ട ഭൗതികദേഹം നടക്കാവ്-ബാങ്ക് റോഡ്-കെഎസ്ആർടിസി വഴി സ്‌മൃതിപഥത്തിൽ എത്തിച്ചേർന്നപ്പോൾ സമയം 4.45. കാത്തിരുന്ന നൂറുകണക്കിന് പേരുടെ മൗന വിലാപങ്ങൾക്കിടയിൽ സ്‌മൃതിപഥത്തിന്‍റെ മുറ്റത്ത് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം ഭൗതിക ശരീരം ഉള്ളിലേക്കെടുത്തു.
അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്‌ണന്‍, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു. കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എം ടി വാസുദേവൻ നായർ എന്ന സാഹിത്യ കുലപതിയെ തീ നാളങ്ങൾ ഏറ്റുവാങ്ങി.
എവിടെയോ ആരംഭിച്ചു എവിടെയോ അവസാനിക്കുന്ന യാത്രയെന്ന് എഴുത്തുകാരൻ തന്നെ വിശേഷിപ്പിച്ച, നവതി പിന്നിട്ട ഉജ്ജ്വല ജീവിതത്തിന് സർഗ സമാപ്‌തി.
സ്‌മൃതിപഥത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എ എ റഹീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രാധാകൃഷ്ണൻ, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാ മാങ്കൂട്ടത്തിൽ, കെ പി അനിൽ കുമാർ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് കൗൺസിലർമാർ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, അസി. കളക്ടർ ആയുഷ് ഗോയൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ ആളുകളും സംബന്ധിച്ചു.
സാഹിത്യ-സിനിമ ലോകത്ത് നിന്ന് എം എൻ കാരശ്ശേരി, എം എം ബഷീർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, ആലങ്കോട് ലീലകൃഷ്ണൻ, കെ പി സുധീര, കെ പി രാമനുണ്ണി, ചിത്രകാരൻ പോൾ കല്ലാനോട്, സംവിധായകരായ ജയരാജ്, ലാൽ ജോസ്, നടൻ വിനോദ് കോവൂർ എന്നിവരും എത്തിച്ചേർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിൽ എത്തി എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
മലയാളത്തിന്‍റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും സംവിധായകന്‍ ഹരിഹരന്‍ എന്നിങ്ങനെ സിനിമാ രംഗത്തെ ഒട്ടേറേ പേര്‍ എം ടിക്ക് അനുശോചനം രേഖപ്പെടുത്തി.