മുത്തപ്പന്‍റെ കഥയുമായി സാമ്യമുള്ള 'കൊറഗജ്ജ' എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. പ്രശസ്‌ത സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാറിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സക്‌സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'കൊറഗജ്ജ' സിനിമ മലയാളം, തമിഴ്,തെലുഗു,തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു.
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ കൊറഗജ്ജയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്.
'കൊറഗജ്ജ' എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. മാത്രമല്ല 'കൊറഗജ്ജ'യെ കുറിച്ചുള്ള മൂന്ന് സിനിമകള്‍ പൂര്‍ത്തികരിക്കാനാവാതെ നിന്നുപോയിട്ടുണ്ട്. ആ അവസരത്തിലാണ് മലയാള ചിത്രമായ 'കൊറഗജ്ജ 'പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതോടെ കന്നഡ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
തെയ്യങ്ങളുടെ നാടായ ഉത്തരമലബാറിൽ ചമയത്തിലും ചടങ്ങിലും വ്യത്യസ്‌തത പുലർത്തുന്ന അനുഷ്‌ഠാന കലാരൂപമാണ് കൊറഗജ്ജ തെയ്യം. കാസർകോട് മുതൽ ഉഡുപ്പി വരെയുള്ള വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ കൊറഗജ്ജ കെട്ടിയാടാറുണ്ട്. ഭൂതകാലത്തിന്‍റെ പ്രതിഫലനമായാണ് കൊറഗജ്ജയെ തുളുനാട്ടുകാർ കാണുന്നത്. മുത്തപ്പനും കൊറഗജ്ജയും ഒന്നാണെന്ന് പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്.
ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്‌ത അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബാൾ ഡാൻസറുമായ സന്ദീപ് സോപർക്കർ, ബോളിവുഡിലെ പ്രശസ്‌തനായ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്‌ത താരം ഭവ്യ, 'ഒരാൾ മാത്രം','കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' എന്ന സിനിമയിലെ നായിക ശ്രുതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സ്വന്തം എന്ന് കരുതി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടിയാണ് ശ്രുതി. അടൂർ ഗോപാലകൃഷ്‌ണന്‍റെ "വിധേയൻ" എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്. കന്നട,തുളു ഭാഷകളിലെ പ്രശസ്‌ത നാടക അഭിനേതാവ് കൂടിയാണ് നവീൻ.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'തനിയ' എന്ന ആദിവാസി യുവാവ് 'കൊറഗജ്ജയായി ദൈവികത്വം ലഭിച്ചതെങ്ങനെ എന്ന പഠനം ഒന്നര വര്‍ഷത്തോളം സുധീർ അത്താവാര്‍ നടത്തി. തുടര്‍ന്നാണ് സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർ തന്‍റെ ജോലി രാജി വെച്ചാണ് പഠനം നടത്തിയത്.