തമിഴ് സൂപ്പർ താരം സൂര്യ നായകനായി ഇരട്ട വേഷത്തിൽ എത്തിയ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കങ്കുവ. രണ്ടുവര്‍ഷത്തിലേറെയായി ആരാധകര്‍ കാത്തിരുന്ന ഈ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചിരുന്നത്. ശിവ സംവിധാനം ചെയ്‌ത ഈ എപിക് ഫാന്‍റസി ആക്ഷന്‍ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്‌ടുകളില്‍ ഒന്നാണ്.
350 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നവംബര്‍ 14 നാണ് ആഗോളതലത്തില്‍ 10,000 സ്ക്രീനുകളില്‍ കങ്കുവ എത്തിയത്.
38 ഭാഷകളിലായാണ് കങ്കുവ റിലീസിന് എത്തിയിരുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്‍റെ ശബ്‌ദവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ടുകളനുസരിച്ച് കങ്കുവയ്ക്ക് മികച്ച ഓപ്പണിംഗ് കളക്ഷനാണ് ലഭിച്ചത്. ആദ്യ ദിവസം തന്നെ 24 കോടി രൂപ നേടി. എന്നിരുന്നാലും, റിലീസ് ചെയ്‌തതിൻ്റെ രണ്ടാം ദിവസം വലിയ തോതില്‍ കളക്ഷന്‍ കുറഞ്ഞിരുന്നു. 9.25 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ നേടിയത്. മൂന്നാം ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച 9.50 കോടി രൂപയാണ് നേടാനായത്.
എന്നാല്‍ മൂന്നാം ദിവസമായപ്പോള്‍ വീണ്ടും ഇടിവ് കാണിച്ചു. ഇതോടെ ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 42.75 കോടി രൂപയായി. നേരത്തെ തിരിച്ചടി നേരിട്ടെങ്കിലും ഞായറാഴ്ചയോടെ ചിത്രം 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കങ്കുവ പോലൊരു ഹൈ ബജറ്റ് ചിത്രത്തിന് ഈ കണക്ക് പ്രതീക്ഷകൾക്കും താഴെയാണ്.
ആദ്യ ദിനം മുതൽ കളക്ഷനുകളിൽ 50 ശതമാനത്തിലധികം ഇടിവ് സംഭവിച്ചതിനാൽ, വാരാന്ത്യത്തിൽ ഇത് വീണ്ടെടുക്കാന്‍ കങ്കുവ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ വലിയ തോതിലുള്ള ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. അതുകൊണ്ട് തന്നെ കങ്കുവയ്ക്ക് കടുത്ത വെല്ലുവിളിയാണ്.