നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിത്രമാണ് 'പണി'. ഒക്‌ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 'പണി'യുടെ തമിഴ് ഡബ്ബ് വേര്‍ഷന്‍ നാളെ മുതല്‍ തമിഴ്‌നാട്ടില്‍ റിലീസിനെത്തും.
'പണി'യുടെ തമിഴ് പതിപ്പ് നാളെ തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'പണി'യുടെ തമിഴ് ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഈ സാഹചര്യത്തില്‍ നടന്‍ ജോജു ജോര്‍ജിനെ അഭിനന്ദിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പമുള്ള ജോജു ജോര്‍ജിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
"സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് ശേഷം ഇതിഹാസ താരം കമല്‍ ഹാസന്‍ പണി ടീമിനെ പ്രശംസിച്ചു. പണിയുടെ തമിഴ് വേര്‍ഷന്‍ നാളെ മുതല്‍ തിയേറ്ററില്‍ എത്തും. സിനിമയുടെ രചനയും സംവിധാനവും ജോജു ജോര്‍ജ്." -ഇപ്രകാരമാണ് രമേശ് ബോല ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
സംവിധായകന്‍ ഭദ്രനും പണിയെ അഭിനന്ദിച്ചിരുന്നു. മലയാളത്തിന്‍റെ അനശ്വരനായ സത്യന് ശേഷം ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു ജോര്‍ജ് എന്നാണ് ഭദ്രന്‍ പറഞ്ഞത്. 'പണി' സിനിമയെ കുറിച്ചുള്ള വിവിധ കമന്‍റുകളാണ് സിനിമ കാണാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"ജോജുവിന്‍റെ ജോസഫും നായാട്ടും കണ്ടിട്ട് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, മലയാളത്തിന്‍റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങളെന്ന്. 'മധുരം' സിനിമയില്‍ ജോജുവിന്‍റെ പ്രണയാതുര ഭാവങ്ങള്‍ കണ്ടപ്പോള്‍, ഒരിക്കല്‍ കൂടി മറ്റൊരു സ്‌ത്രീയെ പ്രണയിക്കാന്‍ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സര്‍പ്പത്തിന്‍റെ കണ്ണിലെ കൂര്‍മ്മതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂര്‍വ്വം നടന്‍മാരില്‍ നിങ്ങളും ഉണ്ട്."-ഇപ്രകാരമാണ് ഭദ്രന്‍ പറഞ്ഞത്.
ജോജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് 'പണി'. ഇതുവരെ 35 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടയിത്. ജോജുവിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് 'പണി'.
ജോജു ജോര്‍ജിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എഡി സ്‌റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.
Also Read: "ജോജുവിന്‍റെ സര്‍ക്കാസത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു"; പ്രതികരിച്ച് അണിയറപ്രവര്‍ത്തകര്‍