നാഗ് അശ്വിൻ - പ്രഭാസ് കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' റിലീസിന് എത്തി ആദ്യ ഷോ കഴിയുമ്പോൾ എങ്ങും മികച്ച പ്രേക്ഷക പ്രതികരണമാണ് കേരളത്തിൽ മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ ഗംഭീരം എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ശോഭന എന്നിവരും കൽക്കിയിൽ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയിലെ താരങ്ങളുടെ പ്രകടനവും വിഎഫ്എക്‌സ് രംഗങ്ങൾ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയ രീതിയും അത്തരം രംഗങ്ങളുടെ ഗുണനിലവാരവുമെല്ലാം പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നു. കമൽഹാസന്‍റെ വില്ലൻ വേഷം കയ്യടി നേടുന്നുണ്ടെങ്കിലും സിനിമയിലെ താരം അമിതാഭ് ബച്ചൻ തന്നെ എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
കൊച്ചുകുട്ടി മുതൽ മുതിർന്നവർ വരെ താരത്തിന്‍റെ പ്രകടനത്തിന് കൈയ്യടിക്കുന്നുണ്ട്. സ്‌ത്രീ കഥാപാത്രങ്ങളിൽ കയ്യടി നേടുന്നത് ശോഭന തന്നെ. ശോഭനയുടെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകുന്നത്. സിനിമയിൽ പ്രഭാസ് മികച്ചതാണെങ്കിലും എടുത്തുപറയാൻ തക്കതായി ഒന്നും ഇല്ലെന്നാണ് പ്രേക്ഷക അഭിപ്രായം. സംവിധാന മികവിനും പ്രശംസ ഏറെ ലഭിക്കുന്നുണ്ട്.