ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡി, അഡ്വാൻസ് ബുക്കിങ്ങിൽ പുതിയ റെക്കോർഡുകൾ കുറിക്കുന്നു. തെലുങ്കാനയില്‍ മാത്രമല്ല, ലോകമെമ്പാടും ചിത്രത്തിന്‍റെ റിലീസിനായി ഉറ്റുനോക്കുകയാണ് ആരാധകര്‍. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷകളിലായി നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയിൽ ഇതിനകം തന്നെ 35 കോടിയിലധികം രൂപ ചിത്രം നേടി.
ആദ്യ ദിനം തന്നെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റെന്നാണ് പുറത്തുവരുന്ന കണക്കുകൾ . തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലായി 13,628 ഷോകളിൽ നിന്ന് 35.93 കോടി രൂപയാണ് റിലീസിന് മുന്നേ തന്നെ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിൽ ഇതിനോടകം 2 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ നോർത്ത് അമേരിക്കയിൽ 3 മില്യൺ ഡോളർ നേടി.
ഏതാനും തിയേറ്ററുകൾ ഇന്നലെ ടിക്കറ്റ് വിൽപന ആരംഭിച്ചു. അതേസമയം ആന്ധ്രാപ്രദേശിൽ കുറച്ച് മുമ്പ് പൂർണ്ണമായും അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ചിരുന്നു. രണ്ട് സംസ്ഥാന സർക്കാരുകളും ടിക്കറ്റ് നിരക്ക് വർധന അംഗീകരിച്ചിട്ടുണ്ട്. എല്ലാ കണ്ണുകളും ഇപ്പോൾ റിലീസ് ദിവസത്തെ കണക്കിലാണ്. കൽക്കി 2898 എഡിയുടെ ആദ്യ ദിനം, ആർആർആർന്‍റെ റെക്കോർഡ് മറികടക്കുമെന്നാണ് വിദഗ്‌ധരുടെ പ്രതീക്ഷ.