കേരളം

kerala

ETV Bharat / entertainment

"തഴഞ്ഞവരിൽ സുഹൃത്തുക്കളും, ആ സിനിമ ഇറങ്ങിയിരുന്നെങ്കിൽ ഞാനും വിലപിടിപ്പുള്ള താരം";മനസ്സ് തുറന്ന് കലാഭവൻ റഹ്‌മാന്‍

മിമിക്‌സ്‌ പരേഡിലൂടെ അഭിനയ ലോകത്തെത്തിയ കലാഭവന്‍ റഹ്‌മാന്‍. മലയാള സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ ഇടിവി ഭാരതിനോട് തന്‍റെ അഭിനയ വിശേഷങ്ങള്‍ പങ്കുവച്ചു. ഒന്നു മുതൽ പൂജ്യം വരെ ആയിരുന്നു ആദ്യ ചിത്രം.

KALABHAVAN RAHMAN CAREER JOURNEY  KALABHAVAN RAHMAN SHARES MEMORIES  കലാഭവന്‍ റഹ്‌മാന്‍  കലാഭവന്‍ റഹ്‌മാന്‍ കരിയര്‍
Kalabhavan Rahman (ETV Bharat)

By ETV Bharat Entertainment Team

Published : 4 hours ago

മലയാള സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കി നടന്‍ കലാഭവന്‍ റഹ്‌മാന്‍. മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവന്‍ റഹ്‌മാന്‍. കലാഭവനിലെ മിമിക്‌സ്‌ പരേഡാണ് റഹ്‌മാന് സിനിമയിലേയ്‌ക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. ഇപ്പോഴിതാ തന്‍റെ കരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍.

"മിമിക്രി ആയിരുന്നു അടിസ്ഥാനം. കോളേജില്‍ പഠിക്കുമ്പോഴെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്‌റ്റിവലിൽ മിമിക്രിക്ക് ധാരാളം സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയത് കലാഭവൻ എന്ന തട്ടകത്തിലേക്കുള്ള വഴിതെളിച്ചു. കലാഭവൻ ജീവിതമാണ് സിനിമയിൽ എത്താൻ കാരണമായത്. 30-35 വര്‍ഷമായി ഇൻഡസ്ട്രിയൽ പിടിച്ചുനിൽക്കാൻ സാധിക്കുക എന്നത് തന്നെ വലിയ കാര്യം.

Kalabhavan Rahman (ETV Bharat)

'ഒന്നു മുതൽ പൂജ്യം വരെ'എന്ന ചിത്രമായിരുന്നു അഭിനയ ജീവിതത്തിലെ ആദ്യത്തെ സിനിമ. പിന്നീട് ചെയ്യുന്ന ചിത്രമാണ് 'ജാതകം'. കലാഭവൻ റഹ്‌മാൻ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും, സിനിമയിൽ കോമഡി ചെയ്യുന്ന ഒരാൾ എന്ന കാഴ്‌ച്ചപ്പാടാണ്. എന്നാൽ 'ജാതകം' എന്ന ചിത്രത്തിൽ ഞാൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പിന്നീടൊക്കെ ലഭിച്ചതിൽ ഏറെയും കോമഡി കഥാപാത്രങ്ങൾ ആയിരുന്നു. മിമിക്രിയുടെ ഒരു അടിത്തറ ഉള്ളതിനാല്‍ സംവിധായകർ പൊതുവെ അത്തരം വേഷങ്ങളിലേക്കാണ് ക്ഷണിക്കാറ്. സംവിധായകൻ ക്ഷണിക്കുന്ന വേഷത്തിലേയ്‌ക്ക് അഭിനേതാവിന് ശരീരവും മനസ്സും കൊണ്ട് കഥാപാത്രമായി മാറാൻ സാധിക്കുന്നുണ്ടെങ്കിൽ ആ വേഷം സ്വീകരിക്കുക എന്നുള്ളതാണ്."-കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

കഥാപാത്രത്തിനായി വാശിപിടിക്കുന്നത് ശരിയല്ലെന്നും റഹ്‌മാന്‍ പറഞ്ഞു. താന്‍ ഇന്ന വേഷമെ ചെയ്യുകയുള്ളു എന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഒരുപാട് കോമഡി കഥാപാത്രങ്ങൾ ചെയ്‌തു, ഇനി മുതൽ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്താൽ വേഷങ്ങൾ ലഭിക്കണമെന്നില്ല. തനിക്ക് ലഭിച്ച വേഷങ്ങളൊക്കെ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിന്‍റെ പരിണിതഫലമാണ് 2024ലും മലയാള സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നതെന്നും കലാഭവൻ റഹ്‌മാൻ പറഞ്ഞു.

സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ തനിക്ക് നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ലെന്നും കലാഭവൻ റഹ്‌മാൻ തുറന്നു പറഞ്ഞു. തനിക്ക് അവസരങ്ങള്‍ തന്നില്ലെന്ന് കരുതി അവരുമായുള്ള സൗഹൃദബന്ധത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

"സംവിധായകരായ സിദ്ദിഖും ലാലും താനുമൊക്കെ ഒരേ തട്ടകത്തിൽ ഒരുപാട് കാലം യാത്ര ചെയ്‌ത് സിനിമയിലേക്ക് എത്തിയവരാണ്. അവരുടെ ചിത്രങ്ങളിൽ എനിക്ക് വേഷം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും മികച്ചതായിരുന്നില്ലെന്ന് തുറന്നു പറയാൻ മടിയില്ല. സിദ്ദിഖ് ലാലിന്‍റെ മിക്കവാറും ചിത്രങ്ങളിൾ വേഷമിട്ടിരുന്നു, എങ്കിലും വലിയ കഴമ്പുള്ള വേഷങ്ങൾ ആയിരുന്നില്ല.

തന്‍റെ ഉള്ളിലെ കലാകാരന് അത്തരം കഥാപാത്രങ്ങൾ കൊണ്ട് ഗുണം ലഭിച്ചെന്ന് പറയാനാകില്ല. കുറച്ചുകൂടി മെച്ചമുള്ള വേഷങ്ങൾ തനിക്ക് വേണ്ടി വേണമെങ്കിൽ അവർക്ക് ഒരുക്കിവയ്ക്കാമായിരുന്നു. അവർ മനസ്സിൽ കാണുന്ന കഥാപാത്രങ്ങളിലേക്ക് തന്നെ കാസ്‌റ്റ് ചെയ്‌താല്‍ യോജിക്കുമെന്ന് അവർക്ക് തോന്നിക്കാണില്ല. അതുകൊണ്ടുതന്നെ നല്ല വേഷങ്ങൾ ലഭിച്ചില്ലെന്ന് ഞാന്‍ ഈ പറയുന്നത് പരാതിയായി കാണേണ്ട.

സുഹൃത്തുക്കളോട് ആയാലും വേഷങ്ങൾ ചോദിച്ചു വാങ്ങുന്നതിനോട് മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത്തരം ബുദ്ധിമുട്ടുകളെ അഹങ്കാരമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യരുത്. എന്തും ചോദിച്ചു വാങ്ങാൻ മടിയുള്ള വ്യക്‌തിത്വമാണ് തന്‍റേത്."-കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

കോമഡി വേഷങ്ങൾ ധാരാളം ലഭിച്ചതിന് കാരണം മലയാള സിനിമയിൽ നിലനിക്കുന്ന ഒരു വ്യവസ്ഥിതി കാരണമാണെന്നും റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഒരു വ്യക്തി ഒരു വേഷം ചെയ്‌ത് അത് കൊള്ളാമെന്ന് മറ്റുള്ളവർക്ക് തോന്നിക്കഴിഞ്ഞാൽ പിന്നെ അതുപോലുള്ള വേഷങ്ങളാവും തേടിയെത്തുക. വർഷങ്ങളായി ഇത് തന്നെയാണ് മലയാള സിനിമയിൽ സംഭവിക്കുന്നതെന്നും റഹ്‌മാന്‍ പറഞ്ഞു. തന്‍റെ സിനിമകളെ കുറിച്ചും മികച്ച വേഷങ്ങളെ കുറിച്ചും റഹ്‌മാന്‍ സംസാരിച്ചു.

"എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായി ടൈപ്പ് ആയിപ്പോയെന്ന് പറയാന്‍ സാധിക്കില്ല. 'ദാഫെദാർ', 'രണ്ട്', 'റേഡിയോ', 'പുരിയം തുടങ്ങിയ സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. പക്ഷേ ഇത്തരം ചിത്രങ്ങൾ മികച്ച ജനപ്രീതി നേടിയില്ല.

നല്ല വേഷങ്ങൾ ചെയ്യുന്ന സിനിമകൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചാൽ മാത്രമാണ് അതിൽ അഭിനയിക്കുന്ന കലാകാരന്‍മാർക്കും കരിയറിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ. മികച്ച നിരൂപക പ്രശംസ കിട്ടിയ ചിത്രമായിരുന്നു 'രണ്ട്'. 'രണ്ട്' എന്ന ചിത്രം റിലീസ് ചെയ്‌തിരുന്നെങ്കിൽ എന്‍റെ തലവര മാറിയേനെ."-കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

ജഗദീഷ് എന്ന നടൻ ചെയ്‌തത് പോലെയുള്ള കഥാപാത്രങ്ങൾ ഏതൊരു നടന്‍റെയും ആഗ്രഹമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് ജഗദീഷ് സിനിമയിൽ പ്രകടിപ്പിക്കുന്നതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.

"സിനിമയില്‍ ഇടവേള സംഭവിച്ചാലും മികച്ച ഒരേയൊരു കഥാപാത്രം മതിയാകും വലിയ തിരിച്ചുവരവിന്. അതുപോലെ എത്ര മികച്ച നടനായാലും നല്ല സിനിമകൾ ലഭിച്ചിട്ടില്ലെങ്കിൽ കരിയറിൽ വലിയൊരു ഇടവേള സംഭവിക്കും. ഉദാഹരണത്തിന് നടൻ ജഗദീഷിന്‍റെ കാര്യമെടുക്കാം.

ഒരു സമയത്ത് ടെലിവിഷൻ പരിപാടികളിൽ ജഡ്‌ജായും റിയാലിറ്റി ഷോകളിൽ അതിഥിയായും മാത്രമാണ് ജഗദീഷിനെ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്. പിന്നീട് ജഗദീഷ് എന്ന നടൻ ചെയ്യുന്നത് പോലുള്ള കഥാപാത്രങ്ങൾ ഏതൊരു നടന്‍റെയും ആഗ്രഹമായി മാറി. പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് ജഗദീഷിന്‍റേത്."-കലാഭവൻ റഹ്‌മാൻ പറഞ്ഞു.

Also Read: "65-ാം വയസ്സിലെ വിവാഹം", "ഇതൊക്കെ ഒരുതരം മാനസിക രോഗം, അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്"; പ്രതികരിച്ച് ക്രിസ്

ABOUT THE AUTHOR

...view details