എറണാകുളം : പ്രണയവിലാസം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന 'കടകൻ' നാളെ (മാർച്ച് 1) മുതൽ തിയറ്ററുകളിൽ. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ഖലീലാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നിലമ്പൂരിന്‍റെ പശ്ചാത്തലത്തിൽ ചാലിയാറിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർത്ഥത്തിൽ പ്രശസ്‌തമായ സ്ഥലമാണ് നിലമ്പൂർ. തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂർ മുൻപന്തിയിലായിരുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്‍റെ പ്രമേയം. മണല്‍ മാഫിയയും പൊലീസും തമ്മലുള്ള പോരാട്ടമാണ് 'കടകൻ' എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
മണൽവാരലും സ്വർണ്ണം അരിച്ചെടുക്കലും നിയമവിരുദ്ധമായതോടെ നിലമ്പൂർ പൊലീസിന്‍റെ കോട്ടയായ് മാറി. പണ്ട് വീടുകളും ബിൽഡിങ്ങുകളുമൊക്കെ മണൽ ഉപയോഗിച്ചാണ് നിർമ്മിച്ചിച്ചതെങ്കിൽ മണൽവാരൽ നിരോധിച്ചതോടെ പാറപ്പൊടി ഉപയോഗിച്ചായ് പിന്നീട് നിർമ്മാണം. പക്ഷെ ഒരു ചോദ്യം അപ്പോഴും നിലനിൽക്കുന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് മണൽവാരൽ നിരോധിച്ചതെങ്കിൽ പാറപ്പൊട്ടിക്കുന്നതും പ്രകൃതിയെ മോശമായി ബാധിക്കില്ലെ ? മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവർക്ക് ആഴത്തിൽ സ്‌പർശിക്കുന്ന ഒരു സിനിമയായിരിക്കും 'കടകൻ'. ഒരു ഫാമിലി എന്‍റർ ടൈനർ സിനിമയാണ് ഇത്. തികച്ചും വ്യത്യസ്‌തമായ രീതിയിലാണ് ചിത്രത്തിന്‍റെ കഥപറച്ചിൽ. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടും കിടിലൻ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷൻ രംഗങ്ങളോടും കൂടിയാണ് ചിത്രം എത്തുന്നത്. ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്‌ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.