കേരളം

kerala

ETV Bharat / entertainment

കാളിയന്‍ ഉടന്‍ എത്തുമോ? പൃഥ്വിരാജിന് പിറന്നാള്‍ സര്‍പ്രൈസുമായി ടീം - KAALIYAN NEW POSTER

പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്‌റ്റര്‍ പുറത്തുവിട്ട് കാളിയന്‍ ടീം. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ടീം പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ചിറക്കോട്ട് കാളിയന്‍ ആയാണ് പൃഥ്വിരാജ് എത്തുക..

KAALIYAN  PRITHVIRAJ BIRTHDAY  കാളിയന്‍ പോസ്‌റ്റര്‍  കാളിയന്‍
Kaaliyan new poster (ETV Bharat)

By ETV Bharat Entertainment Team

Published : Oct 16, 2024, 5:06 PM IST

നാളേറെയായി പൃഥ്വിരാജ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാളിയന്‍'. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'കാളിയന്‍റെ' പുതിയ പോസ്‌റ്ററാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധസമാനമായ ഭൂമിയില്‍ കയ്യില്‍ വാളുമായി ഒരാള്‍ നില്‍ക്കുന്നതാണ് പോസ്‌റ്ററില്‍ ദൃശ്യമാവുക. ഉടലിന് താഴ്‌ഭാഗം മാത്രമാണ് പോസ്‌റ്ററിലുള്ളത്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് 'കാളിയന്‍' ടീം പൃഥ്വിരാജിന്‍റെ പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

വേണാടിന്‍റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയന്‍ ആയാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിടുക. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രം പ്രഖ്യാപിച്ചെങ്കിലും പലകാരണങ്ങളാല്‍ സിനിമയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയിരുന്നു. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 'കാളിയന്‍റെ' ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

നേരത്തെ പുറത്തിറങ്ങിയ 'കാളിയന്‍റെ' മോഷന്‍ പോസ്‌റ്ററും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതനായ എസ് മഹേഷ് ആണ് സിനിമയുടെ സംവിധാനം. ബിടി അനില്‍ കുമാര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സുജിത് വാസുദേവ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. രവി ബസ്‌റൂര്‍ ആണ് 'കാളിയന്' വേണ്ടി സംഗീതം ഒരുക്കുക. 'കെജിഎഫ്', 'സലാര്‍' തുടങ്ങീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയതും രവി ബസ്‌റൂര്‍ ആണ്.

അതേസമയം 'എമ്പുരാന്‍റെ' തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'എമ്പുരാനി'ലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റററും പുറത്തിറങ്ങിയിരുന്നു. 'എമ്പുരാനി'ല്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ആണ് 'എമ്പുരാനി'ലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

റൈഫിളുമായി നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് ക്യാരക്‌ടര്‍ പോസ്‌റ്ററില്‍ കാണാനാവുക. കൗതുകകരമായ ഒരു കുറിപ്പിനൊപ്പമാണ് സയീദ് മസൂദിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചത്. ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

"ജന്‍മദിനാശംസകൾ ജനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട... പിശാച് വളർത്തിയ! സയീദ് മസൂദ്, എമ്പറേഴ്‌സ്‌ ജനറല്‍" -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: "ദൈവം ഉപേക്ഷിച്ച് ചെകുത്താന്‍ വളര്‍ത്തിയ സയീദ് മസൂദ്"; പൃഥ്വിരാജിന് സര്‍പ്രൈസുമായി മോഹന്‍ലാല്‍

ABOUT THE AUTHOR

...view details