ജൂനിയര്‍ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ മാസ് ട്രെയിലർ പുറത്ത്. ഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോകുകളാലും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ മികച്ച ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് പുറത്തിറങ്ങിയ ട്രെയിലര്‍.
ബിഗ് ബജറ്റിലായി ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. 'ദേവര'യുടെ ആദ്യ ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്.
'ആര്‍ആര്‍ആറി'ന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ് 'ദേവര'. ചിത്രത്തില്‍ ദേവര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. ഭൈര എന്ന വില്ലൻ കഥാപാത്രമായി സെയ്‌ഫ് അലി ഖാനും പ്രത്യക്ഷപ്പെടുന്നു. ബോളീവുഡ് താര സുന്ദരി ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. കൂടാതെ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, നരേൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.