കേരളത്തിലെ മാധ്യമ ഫോട്ടോഗ്രാഫർമാരിൽ ശ്രദ്ധേയ വ്യക്‌തിത്വമാണ് ജിതേഷ് ദാമോദർ. മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, അഭിനേതാവ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ജിതേഷ് ദാമോദർ. കേരളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഒന്നായ കേരളകൗമുദി ദിനപത്രത്തിലാണ് ജിതേഷ് ദാമോദർ ദീർഘകാലം സേവനമനുഷ്‌ഠിച്ചത്. മാധ്യമപ്രവർത്തനത്തിന് താല്‍ക്കാലിക ഇടവേള നൽകി അഭിനലോകത്ത് സജീവമാവുകയാണ് ജിതേഷ് ദാമോദർ.
വിഖ്യാത ഛായഗ്രഹകൻ രാമചന്ദ്ര ബാബുവിന്‍റെ ജീവചരിത്രം അദ്ദേഹത്തിന് വേണ്ടി പുസ്‌തക രൂപത്തിൽ രചിച്ചത് ജിതേഷ് ദാമോദറാണ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്‍റെ ഇഷ്‌ട നഗരമായ തിരുവനന്തപുരത്ത് ആരോരും അറിയാതെ അതിരാവിലെ സൈക്കിളിൽ ചുറ്റിയപ്പോൾ ആ നിമിഷങ്ങൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിച്ചത് ജിതേഷ് ദാമോദറാണ്.
മലയാള സിനിമയില്‍ തിലകക്കുറിയായി മാറിയ 'നീലക്കുയിൽ' (1954) 70 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ചിത്രം നാടകമാകുകയാണ്. ഫോട്ടോ ജേണലിസ്‌റ്റായ ജിതേഷ് ദാമോദറാണ് സത്യൻ മാഷ് അവതരിപ്പിച്ച കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് ജിതേഷ് ദാമോദർ.
"കരിയറിന്‍റെ തുടക്കം കേരളകൗമുദിയിൽ ആയിരുന്നു. കേരളകൗമുദിയുടെ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ആദ്യമായി വളരെ പെട്ടെന്ന് സ്ഥിരം ജീവനക്കാരനായി മാറിയ വ്യക്‌തിത്വമായിരുന്നു ഞാന്‍. പഠനം പൂർത്തിയാക്കി പ്രസ് ഫോട്ടോഗ്രാഫറായി കേരള കൗമുദിയിൽ ജോലിക്ക് കയറുന്നു. ആ ഇടയ്ക്ക് കേരളത്തിൽ ആഹ്വാനം ചെയ്‌തൊരു ഹർത്താലാണ് എന്‍റെ മാധ്യമ ജീവിതത്തിൽ ഒരു വഴിത്തിരിവിന് കാരണമാകുന്നത്. ഹർത്താൽ ദിനത്തിലെ സംഭവ വികാസങ്ങൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കാനായിരുന്നു ദൗത്യം," ജിതേഷ് ദാമോദര്‍ പറഞ്ഞു.
'സാറേ ഇത് കണ്ടോ' എന്ന് പറഞ്ഞതും ഒറ്റ ക്ലിക്ക്..
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന് മുന്നിൽ എത്തിയപ്പോള്‍ കണ്ട കാഴ്‌ച്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞു. "ഹർത്താൽ ദിനത്തിൽ ഓടാൻ ശ്രമിച്ച ഒരു ഓട്ടോറിക്ഷയെ ഹർത്താൽ അനുകൂലികൾ തടയുകയും തള്ളിമറിച്ചിടുകയും ചെയ്‌തു. ഓട്ടോ തള്ളി മറച്ചിടാനുള്ള ഹർത്താൽ അനുകൂലികളുടെ പ്രവൃത്തിക്കെതിരെ പ്രതികരിക്കാൻ പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കായില്ല. ഓട്ടോ തള്ളി മറിച്ചിട്ടപ്പോൾ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിപ്പോയി. അപ്പോഴേക്കും സംഭവ സ്ഥലത്തേക്ക് പൊലീസുകാർ ഓടി എത്തിയിരുന്നു. തള്ളി മറിച്ചിട്ട ഓട്ടോയിൽ നിന്നും എഴുന്നേറ്റ് ഡ്രൈവർ തന്‍റെ കൈകൾ നീട്ടി പൊലീസുകാരെ നോക്കി 'സാറേ ഇത് കണ്ടോ' എന്ന് വിലപിക്കുന്നുണ്ടായിരുന്നു. ഈയൊരു നിമിഷം ഞാൻ പൊടുന്നനെ ക്യാമറയിൽ ക്ലിക്ക് ചെയ്‌തു. അതൊരു വൈഡ് അങ്കിൾ ഫോട്ടോയായിരുന്നു," അദ്ദേഹം പറഞ്ഞു.
മണി സറിനെ വരെ അമ്പരപ്പിച്ച ചിത്രം
കേരളത്തിലെ ജേണലിസ്‌റ്റ് ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന എംഎസ് മണി സറിനെ വരെ അമ്പരപ്പിച്ച ഒരു ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കേരളകൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജോജോ സർ എന്നെ വിളിച്ച് ഈ ചിത്രത്തിന്‍റെ പേരിൽ വളരെയധികം അഭിനന്ദനം അറിയിച്ചു. ഈ ചിത്രം അടുത്ത ദിവസം കേരളകൗമുദിയുടെ ഒന്നാം പേജിൽ അച്ചടിച്ച് വന്നു. ഇങ്ങനെയൊരു ചിത്രം എടുത്തതിന്‍റെ പേരിൽ താൽക്കാലിക ജീവനക്കാരനായിരുന്ന എന്നെ ആറ് മാസത്തിനുള്ളിൽ സ്ഥിരപ്പെടുത്താനുള്ള തീരുമാനം മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മൻചാണ്ടി നല്‍കിയ ക്യാമറ
"ഏകദേശം 12 വർഷങ്ങൾക്ക് മുമ്പ് ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന സമയത്ത് അധ്യാപക സംഘടനയും മാധ്യമ പ്രവർത്തകരും തമ്മിൽ ഒരു വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ചെന്ന് അവസാനിച്ചത് കയ്യാങ്കളിയിലായിരുന്നു. ധാരാളം മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. ഈ നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആരോ ഒരാൾ എനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. എന്‍റെ നേരെ വന്ന ഒരു അടി ഏറ്റുവാങ്ങിയത് എന്‍റെ ക്യാമറയായിരുന്നു. ക്യാമറ രണ്ടു കഷണമായി. പിന്നീട് ഈ വിഷയം ആളിക്കത്തി. അന്നത്തെ കോൺഗ്രസ് മന്ത്രിസഭ ഈ സംഭവത്തെ വലിയ രീതിയിൽ ഗൗരവമായി ചർച്ച ചെയ്‌തു. മന്ത്രിസഭാ യോഗത്തിൽ എനിക്കൊരു പുതിയ ക്യാമറ വാങ്ങിത്തരാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മന്ത്രിസഭ ഉത്തരവിട്ടു. അങ്ങനെയാണ് ഉമ്മൻചാണ്ടി സർ എനിക്കൊരു ക്യാമറ വാങ്ങിത്തരുന്നത്," ജിതേഷ് ദാമോദർ വിശദീകരിച്ചു.
സൈക്കിളിൽ ചുറ്റിയ മോഹൻലാല്‍
ആരോരും അറിയാതെ തിരുവനന്തപുരത്ത് സൈക്കിളിൽ ചുറ്റിയ മോഹൻലാലിന്‍റെ ചിത്രം എടുത്തതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. "ഏകദേശം മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അങ്ങനെ ഒരു അവസരം വീണുകിട്ടിയത്. മോഹൻലാലിന്‍റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നുവെന്ന വാർത്തകൾ ഒരുപാട് നാളായി കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ അസുലഭ നിമിഷം വന്നെത്തി. മോഹൻലാലിന്‍റെ സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
ചിത്രീകരണത്തിന്‍റെ ഇടവേളകളിൽ പഴയ തിരുവനന്തപുരം ഓർമ്മകൾ മോഹൻലാൽ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "സുരേഷ് കുമാറും, പ്രിയദർശനും, അശോക് കുമാറും തങ്ങളുടെ സ്വപ്‌നങ്ങൾ ചർച്ച ചെയ്‌ത തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസിനെ കുറിച്ചും ഒഴിവു സമയങ്ങൾ ചെലവഴിച്ച സ്‌റ്റാച്യു സ്പെൻസർ ജംഗ്ഷനെ കുറിച്ചും മോഹൻലാൽ ചർച്ചകളിൽ സംസാരിച്ചിരുന്നു. അക്കാലത്ത് അവരൊക്കെ സഞ്ചരിച്ചിരുന്നത് സൈക്കിളിലാണ്," ജിതേഷ് ദാമോദർ പറഞ്ഞു.
മോഹന്‍ലാലിന്‍റെ ആഗ്രഹത്തെ പിന്തുടര്‍ന്ന ഞാന്‍
"ഒരിക്കൽ കൂടി തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ സഞ്ചരിക്കണമെന്ന് മോഹൻലാലിന് ഒരു ആഗ്രഹം ഉദിക്കുന്നു. ഈ സംഭവം അറിഞ്ഞതോടെ മോഹൻലാലിന്‍റെ ആ ആഗ്രഹത്തെ ഞാൻ പിന്തുടർന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോകുന്നതിന് മുമ്പ് മോഹൻലാൽ തിരുവനന്തപുരത്തെ സ്‌റ്റാച്യുവിലൂടെ സൈക്കിളിൽ സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നു," അദ്ദേഹം പറഞ്ഞു.