തമിഴകത്തിന്റെ പ്രിയതാരം ജയം രവി നായകനായി പുതിയ ചിത്രം വരുന്നു. അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന 'ജീനി' എന്ന ചിത്രത്തിലാണ് ജയം രവി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
'ജീനി'യുടെ കൗതുകമുണർത്തുന്ന, ഒപ്പം ആകാംക്ഷയേറ്റുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ഹൗസായ വെൽസ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ഈ സിനിമ നിർമിക്കുന്നത്. 100 കോടി രൂപ മുതൽമുടക്കിലാണ് നിർമാണം. വെൽസ് ഇന്‍റർനാഷണലിന്‍റെ നിർമാണത്തിലൊരുങ്ങുന്ന 25-ാമത്തെ സംരംഭമാണ് 'ജീനി'.
ജയം രവിയുടെ 32-ാമത്തെ ചിത്രം കൂടിയായ 'ജീനി'യിൽ കല്യാണി പ്രിയദർശനാണ് നായിക. കീർത്തി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. തമിഴിന് പുറമെ തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. എ ആർ റഹ്മാനാണ് 'ജീനി' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ചെന്നൈയിൽ വച്ചായിരുന്നു ഈ ചിത്രത്തിന്‍റെ ലോഞ്ചിങ്ങ് നടന്നത്.
പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് മിഷ്‌കിന്‍റെ മുൻ അസോസിയേറ്റായിരുന്നു ജീനി സംവിധായകന്‍ അർജുനൻ ജൂനിയർ. അശ്വിൻ കുമാർ കെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ ക്രിയേറ്റിവ് പ്രൊഡ്യൂസർ കെ ആർ പ്രഭു ആണ്. മഹേഷ് മുത്തുസ്വാമി ഛായാഗ്രഹണവും 'ലവ് ടുഡേ' ഫെയിം പ്രദീപ് ഇ രാഘവ് ചിത്രസംയോജനവും നിർവഹിക്കുന്നു. കലാസംവിധാനം: ഉമേഷ് ജെ കുമാർ, ആക്ഷൻ: യാനിക്ക് ബെൻ.