മങ്കൊമ്പ് ഗോപാലകൃഷ്‌ണനുമായുള്ള അഭിമുഖം മലയാള സാഹിത്യ ലോകത്തേക്ക്, അല്ലെങ്കിൽ സിനിമയുടെ ലോകത്തേക്ക് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ കടന്നുവരുന്നത് ഏകദേശം 52 വർഷങ്ങൾക്കു മുമ്പാണ്. വയലാറും പി ഭാസ്‌കരനും അരങ്ങുവാണിരുന്ന തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായി അയാൾ മലയാള സിനിമ സാഹിത്യ ലോകത്തേക്ക് കടന്നുവന്നു.
മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളില്‍ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിനിമയിൽ നാല് പാട്ടുകളുണ്ടെങ്കിൽ അതിൽ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കിൽ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. ഒരു നിർമാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്‌നം. അധികായന്മാർക്കിടയിൽ ഏകാധിപത്യമുള്ള കാലത്ത് മലയാള സിനിമ സാഹിത്യ ലോകത്തിന്‍റെ ഭാഗമാകാൻ സാധിച്ചത് ഒരുപക്ഷേ ഭാഗ്യമായിരിക്കണമെന്ന് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഇടിവി ഭാരതിനോട് പറഞ്ഞു.
700 ഓളം പാട്ടുകളും നിരവധി തിരക്കഥകളും എഴുതിയെങ്കിലും വയലാറിനെയും ശ്രീകുമാരനും തമ്പിയെയും പോലെ ഒരു വ്യക്തി പ്രഭാവം തനിക്ക് സൃഷ്‌ടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മങ്കൊമ്പ് പറഞ്ഞു. തന്നെ ആർക്കും അറിയില്ല എന്നുള്ളതാണ് വസ്‌തുത. അതിൽ പരിഭവമോ പ്രതിഷേധമോ ഒന്നും തന്നെയില്ല. അക്കാലത്തെ ഒരു ഫോട്ടോ പോലും താൻ സൂക്ഷിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അത് തെറ്റായിപ്പോയി എന്ന് ബോധ്യം ഇപ്പോഴുണ്ടെന്നും മങ്കൊമ്പ് പറയുന്നു.
രവീന്ദ്ര ജെയിന്‍ എന്ന സുഹൃത്ത്:യാദൃശ്ചികമായി സഹകരിക്കാൻ ഭാഗ്യം സിദ്ധിച്ചതാണെങ്കിലും രവീന്ദ്ര ജെയിൻ എന്ന വിഖ്യാത സംഗീതജ്ഞന്‍റെ സൗഹൃദം മങ്കൊമ്പിന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മാറി. സുജാത എന്ന ചിത്രത്തിനുവേണ്ടി ഞാൻ വരികൾ എഴുതിയ പാട്ടുകൾക്ക് സംഗീതം നൽകാൻ യേശുദാസിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു രവീന്ദ്ര ജയിൻ മലയാളത്തിലേക്ക് എത്തുന്നത്. ആ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് സാക്ഷാൽ ആശ ബോസ്ലെ. ആശയുടെ ആദ്യത്തേതും അവസാനത്തേതുമായ മലയാള ഗാനമായിരുന്നു സുജാത എന്ന ചിത്രത്തിലേത്.
വരികൾക്ക് കട്ടി കുറയ്ക്കണമെന്ന് സംവിധായകൻ:രവീന്ദ്ര ജയിനെപ്പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അന്ധനാണ് എന്നത്. മലയാളം തീരെ വശമില്ല. ഞാൻ എഴുതുന്ന വരികൾക്കും ഒരല്‍പ്പം കട്ടി കൂടുതലാണെന്ന് അക്കാലത്തും പൊതുവേ ഒരു സംസാരമുണ്ട്. സുജാതയുടെ സംവിധായകൻ ഹരിഹരൻ ഗാനം റെക്കോർഡ് ചെയ്യാൻ ബോംബെയിലേക്ക് പോകുന്നതിനു മുമ്പ് മങ്കൊമ്പിനെ ഒന്ന് ഉപദേശിച്ചു. 'താന്‍ ആ ഹിന്ദിയിലെ പാട്ടൊക്കെ കാണാറുണ്ടല്ലോ. ചെറിയ ചെറിയ വാക്കുകൾ കൊണ്ടാണ് ഹിന്ദി ഗാനങ്ങൾ പിറവിയെടുക്കുന്നത്. ഖന ഘോരമായ വാക്കുകൾ ഇത്തവണ എഴുതാതിരിക്കാൻ ശ്രദ്ധിക്കണം. ചെറിയ പദങ്ങൾ ഉപയോഗിച്ച് വേണ്ട രീതിയിൽ എഴുതിക്കൊടുത്ത് കാര്യങ്ങൾ സുഗമമാക്കണം.' എന്നായിരുന്നു ഹരിഹരന്‍റെ ഉപദേശം.
ഹിറ്റ് ഗാനങ്ങളുടെ പിറവി: ഹരിഹരന്‍റെ നിർദ്ദേശപ്രകാരം മങ്കൊമ്പ് ചെറിയ ചെറിയ പദങ്ങൾ ഉപയോഗിച്ചുള്ള ഒന്ന് രണ്ട് പാട്ടുകൾ ആദ്യം എഴുതി കമ്പോസ് ചെയ്‌തു. രവീന്ദ്ര ജയ്‌നുമായി ആ സമയത്ത് ഒരു ആത്മബന്ധം പുലർന്നിരുന്നു. ആദ്യ രണ്ട് ഗാനങ്ങൾ സുഗമമായി പിറവിയെടുത്തതോടെ ഇനി കാര്യങ്ങൾ തന്‍റെ ട്രാക്കിലേക്ക് കൊണ്ടുവരാമെന്ന് മങ്കൊമ്പിന് ബോധം ഉദിച്ചു. അങ്ങനെ ജനിച്ച പാട്ടുകളിൽ ഒന്നാണ് കാളിദാസന്‍റെ കവിഭാവന.
ഭാഷയുടെ അതിർവരമ്പുകൾ കടിഞ്ഞാൺ ഇടാത്ത അത്യപൂർവ്വ കലാകാരനായിരുന്നു രവീന്ദ്ര ജയിൻ. പൊതുവേ അന്യഭാഷയിൽ നിന്ന് വരുന്ന സംഗീത സംവിധായകർ പാട്ടുകളുടെ വരികൾ ചെറുതായി വേണമെന്ന് നിർബന്ധം പിടിക്കുമ്പോഴാണ് ത്രയംബകം വില്ലൊടിച്ചു പോലുള്ള പാട്ടുകൾ മലയാളത്തിൽ ജനിക്കുന്നത്. തന്‍റെ പാട്ടുകളിലെ പ്രയോഗങ്ങൾ കടുകട്ടിയാണെന്ന് പറയുന്നവരുണ്ട്. പലതും പുരാണങ്ങളിൽ നിന്ന് കടം കൊണ്ടു എന്നും സാരം. അത്തരം ചോദ്യങ്ങൾക്ക് ഒരു മറുപടി മാത്രമേയുള്ളൂ. അക്കാലത്തെ സാഹിത്യ ഭീമന്മാരോടൊപ്പം പിടിച്ചുനിൽക്കണ്ടേ എന്നും മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ചോദിക്കുന്നു.
മങ്കൊമ്പിനെ റഫറൻസാക്കുന്ന രാജമൗലി: ബാഹുബലി 1, 2, ആർ ആർ ആർ തുടങ്ങി നിരവധി ഹിറ്റ് തെലുങ്ക് ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌ത വ്യക്തിത്വം കൂടിയാണ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ. മറ്റ് ഭാഷകളിലേക്ക് ചിത്രങ്ങൾ മൊഴിമാറ്റുമ്പോഴും എസ് എസ് രാജമൗലി മങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍റെ ഭാഷയും എഴുത്ത് റഫറൻസ് ആയി എടുക്കാറുണ്ട്. ഈ ചിത്രങ്ങളിലെ ഗാനരചനയും മങ്കൊമ്പ് തന്നെ. ജൂനിയർ എന്‍ ടി ആര്‍ നായകനാകുന്ന ദേവരയാണ് മങ്കൊമ്പ് എഴുതുന്ന പുതിയ ചിത്രം.