കേരളം

kerala

ETV Bharat / entertainment

വെട്ടിക്കൊല്ലണോ, കുത്തിക്കൊല്ലണോ, അതോ വായ കീറി കൊല്ലണോ? 'മാര്‍ക്കോ'യിലെ വെടിക്കെട്ട് ആക്ഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കലൈ കിങ്സൺ - KALAI KINGSON INTERVIEW

ബോക്‌സ് ഓഫിസില്‍ തരംഗം സൃഷ്‌ടിക്കുന്ന 'മാര്‍ക്കോ'യുടെ ആക്ഷന്‍ ഡയറക്‌ടര്‍ കലൈ കിങ്സണ്‍ ആദ്യമായി ഒരു മാധ്യമത്തിന് മുന്നില്‍ മനസ് തുറക്കുന്നു. ഇ ടിവി ഭാരതിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം.

MARCO ACTION DIRECTOR  UNNIMUKUNDAN MOVIE MARCO  കലൈ കിങ്സണ്‍ അഭിമുഖം  മാര്‍ക്കോ ആക്ഷന്‍
കലൈ കിങ്സണ്‍ അഭിമുഖം (ETV Bharat)

By ETV Bharat Entertainment Team

Published : Jan 2, 2025, 4:50 PM IST

ഇന്ത്യയിലെ തന്നെ ഏറ്റവും വയലന്‍റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രമാണ് 'മാര്‍ക്കോ'. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുഗുവിലുമെല്ലാം വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചിത്രം ചര്‍ച്ചയാകുമ്പോള്‍ ഉണ്ണി മുകുന്ദന്‍റെ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് അതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

'മാർക്കോ'യിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ ഒറ്റ പേരാണ്. കലൈ കിങ്സൺ... സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആക്ഷൻ ഡയറക്ടേഴ്‌സില്‍ ഒരാളായ കലൈ കിങ്സൺ ആദ്യമായി ഒരു മാധ്യമത്തിനു മുന്നിൽ മനസു തുറക്കുന്നു. സിനിമയ്ക്ക് സംഘട്ടനം ഒരുക്കിയതിനെ കുറിച്ച് കലൈ കിങ്സൺ ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.

മാര്‍ക്കോ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ (ETV Bharat)

" മലയാള സിനിമയുടെ ആശയ നിലവാരത്തെക്കുറിച്ച് തെക്കേ ഇന്ത്യയിലെ അണിയറ പ്രവർത്തകർ വാ തോരാതെ സംസാരിക്കും. ഒരു അവസരം വന്നുചേരുമ്പോൾ എല്ലാവരും പറയുന്നതുപോലെ അല്ല ഞാൻ പറയുന്നത്. ഒരു മുഴുനീള മലയാളം ആക്ഷൻ സിനിമയ്ക്ക് കൊറിയോഗ്രാഫി ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ജയസൂര്യ നായകനാകുന്ന 'കടമറ്റത്ത് കത്തനാർ' എന്നീ സിനിമകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ ഹനീഫ് അദേനി 'മാർക്കോ' എന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യാൻ ക്ഷണിക്കുന്നത്. എന്നാല്‍ ഇതുവരെ ചെയ്‌ത ചിത്രങ്ങളിൽ 'മാർക്കോ' തന്‍റെ കരിയറിലെ ബെഞ്ച് മാർക്ക് ആയി മാറും എന്ന് അപ്പോൾ കരുതിയില്ല", കലൈ കിങ്സൺ തുറന്നു പറഞ്ഞു.

മാർക്കോ എന്ന മാജിക്

'മാർക്കോ' എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങൾ ജനപ്രിയമായതിനു പിന്നിലെ മാജിക് എന്താണെന്ന് തനിക്ക് കൃത്യമായി ധാരണയില്ലെന്ന് കലൈ കിങ്സൺ വ്യക്തമാക്കി.

കലൈ കിങ്സണ്‍ (ETV Bharat)

"മറ്റു ഇന്ത്യൻ സിനിമകളിൽ കണ്ടുപരിചിതമല്ലാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കണമെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചു. വളരെ ജോളിയായിട്ടാണ് മാർക്കോയിലെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തത്. പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല ഇത്രയും റിസ്ക്കുള്ള ആക്ഷൻ സിനിമയിൽ ഉണ്ടായിട്ടും ചിത്രീകരണ സമയത്ത് നായകനായ ഉണ്ണി മുകുന്ദനോ മറ്റ് അഭിനേതാക്കൾക്കോ ഫൈറ്റേഴ്‌സിനോ ശരീരത്തിൽ ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല.

റോപ്പ് ഫൈറ്റുകൾ എക്‌സിക്യൂട്ടീവ് ചെയ്യുമ്പോഴും കാർ ആക്‌സിഡന്‍റ് രംഗങ്ങൾ എടുക്കുമ്പോഴും എല്ലാം സേഫ് ആയിരുന്നു. സേഫ്റ്റിയാണ് ആദ്യം, അതാണ് എന്‍റെ ആദ്യ ചിന്ത. ഒരു ആക്ഷൻ രംഗം ഡിസൈൻ ചെയ്‌താല്‍ പെർഫോം ചെയ്യുന്നവർക്ക് യാതൊരുവിധ അപകടങ്ങളും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയാണ് താൻ ആദ്യം ചെയ്യുക. ഒരു അപകടവും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ക്യാമറ റോൾ ചെയ്യുകയുള്ളൂ. ഫൈറ്റ് സീനുകൾ ചിത്രീകരിക്കുമ്പോൾ സംവിധായകന്‍റെ പിന്തുണയോടെ ആക്ഷൻ ഡയറക്‌ടര്‍ തന്നെയാണ് ക്യാമറയുടെ ആംഗിളുകളും ലെൻസിങ്ങും എല്ലാം തീരുമാനിക്കുന്നത്. 60 ദിവസങ്ങൾ ആണ് ആക്ഷൻ സീനുകൾ ചിത്രീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടത് . എന്നാൽ 50 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കി", കലൈ കിങ്സൺ വിശദീകരിച്ചു.

ഇന്ത്യയിലെ നമ്പർവൺ ആക്ഷൻ സൂപ്പർസ്റ്റാർ

"ഇന്ത്യയിൽ ആക്ഷൻ കൈകാര്യം ചെയ്യുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ . ആക്ഷൻ രംഗങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ജനിച്ച ആളാണ് ഉണ്ണി എന്ന് തോന്നുന്നു. ഉണ്ണി മുകുന്ദൻ അഭിനയിച്ച ആക്ഷൻ ചിത്രങ്ങൾ ഒന്നും താൻ കണ്ടിട്ടില്ല. ഏതൊരു അഭിനേതാവിനെ എന്‍റെ മുന്നിൽ കിട്ടുമ്പോഴും അയാളുടെ ആക്ഷൻ ചെയ്യുവാനുള്ള കഴിവിനെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കും. ആക്ഷനെ പറ്റി ഒരു കാര്യം ഉണ്ണിയോട് പറയുമ്പോൾ നോ എന്നൊരു വാക്ക് അയാളുടെ ഭാഗത്തുനിന്ന് ആദ്യാവസാനം ഉണ്ടായിട്ടില്ല. എന്തുപറഞ്ഞാലും ചെയ്യാൻ റെഡി. അയാളുടെ ഫ്ലക്‌സിബിലിറ്റി അപാരമാണ്", എന്ന് കലൈ കിങ്സൺ പറയുകയുണ്ടായി.

ഉണ്ണി മുകുന്ദന്‍ മാര്‍ക്കോ സിനിമയില്‍ (ETV Bharat)

" ഉണ്ണി മുകുന്ദന്‍റെ സ്വാഗ് ഒരു ഹോളിവുഡ് സ്റ്റാറിനെ പോലെയാണ്. കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച ആള് സെറ്റിൽ വന്ന് നിൽക്കുമ്പോഴേ ആ രൂപ ഭംഗിയിൽ എല്ലാവരും മതി മറക്കും. 'എന്നാ.. സർ, ഹോളിവുഡ് ഹീറോ മാതിരി ഇരുക്ക് ഇന്തയാള് ' ഉണ്ണിയെ കണ്ടയുടൻ. എന്‍റെ അസിസ്റ്റന്‍റ് എന്നോട് പറഞ്ഞ കാര്യമാണിത്.

ഉണ്ണി ഒരു സംവിധായകന്റെയോ ആക്ഷൻ ഡയറക്ടറിന്‍റെയോ പ്രവർത്തന മേഖലയിൽ ആവശ്യമില്ലാതെ ഇടപെടില്ല. വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും അത് കറക്റ്റ് ആയിരിക്കും. ഒരു കാര്യം പറഞ്ഞു കൊടുത്താൽ ഇരട്ടിയായി തിരിച്ചു തരുന്ന മികച്ച ഒരു ആർട്ടിസ്റ്റിനെ ഇത്രയും കാലം നമ്മുടെ ഇൻഡസ്ട്രി കാര്യമായി ഉപയോഗപ്പെടുത്തിയില്ല എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു", ഫൈറ്റ് മാസ്‌റ്റര്‍ പറഞ്ഞു.

പടിക്കെട്ട് ഫൈറ്റ്

"മാർക്കോ എന്ന സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ആക്ഷൻ രംഗങ്ങളിൽ ഒന്നാണ് പടിക്കെട്ട് ഫൈറ്റ്. 'ഞാനിവിടെ വന്ന കാലം മുതൽ ചെന്നായ്ക്കളെന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഇനി ഇവിടെ ഞാൻ മതി' എന്ന മാസ് ഡയലോഗിന് ശേഷം അൻപതിലധികം ഗുണ്ടകളെ ഇടിച്ചുവീഴ്ത്തുന്ന മാർക്കോയുടെ കഥാപാത്രത്തെ നിറഞ്ഞ കയ്യടിയോട് കൂടിയാണ് തിയേറ്ററിൽ സ്വീകരിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്‍റെ മുകളിലേക്ക് ഗുണ്ടകളെ നിലംപരിശാക്കി മുകളിലേക്ക് മാർക്കോ കയറി പോകുന്ന രംഗം റിഹേഴ്‌സലിന്‍റെ പോലും പിൻബലമില്ലാതെ ഒറ്റ ടേക്കിൽ ചിത്രീകരിച്ചതാണ്", കലൈ കിങ്സൺ പറഞ്ഞു.

കലൈ കിങ്സണ്‍ ലൊക്കേഷനില്‍ (ETV Bharat)

" മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ചെറിയ ബഡ്‌ജറ്റില്‍ കുറഞ്ഞ സമയത്തിനുള്ളിൽ രംഗങ്ങൾ ചിത്രീകരിച്ചു തീർക്കണം. മൂന്നാറിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ച് തീർത്ത ശേഷം പിറ്റേന്ന് രാവിലെ തന്നെ എറണാകുളത്ത് പടിക്കെട്ട് ഫൈറ്റ് ഷൂട്ട് ചെയ്യണമായിരുന്നു. അതിരാവിലെയാണ് നിങ്ങൾ സീനിൽ കാണുന്ന പഴയ കെട്ടിടത്തിന്‍റെ ലൊക്കേഷൻ കണ്ടെത്തുന്നത്. അത് സെറ്റ് ഇട്ടതല്ല. ഏറ്റവും വലിയ പ്രതിസന്ധി എന്തെന്നാൽ മാർകോ ഫൈറ്റ് ചെയ്‌തു കയറി പോകുന്ന സ്‌റ്റെയർ കേയ്‌സില്‍ ഒരു പത്ത് പേർ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ കാലപ്പഴക്കം ഉള്ളതുകൊണ്ട് അത് പൊളിഞ്ഞു താഴെ വീഴും. ലൊക്കേഷന്‍റെ ഭംഗി കണ്ടപ്പോൾ ഒഴിവാക്കാൻ തോന്നിയില്ല. സംവിധായകനും ആ സ്ഥലം ഇഷ്ടപ്പെട്ടു.

കലൈ കിങ്സണ്‍ നിര്‍ദേശം നല്‍കുന്നു (ETV Bharat)

പ്രധാന പ്രശ്‌നം ഒറ്റ പകൽ കൊണ്ട് ആ വലിയ രംഗം ചിത്രീകരിച്ചതിന് ശേഷം രാത്രി തന്നെ മറ്റൊരു ലൊക്കേഷനിലേക്ക് പോകേണ്ടതായുണ്ട്. പടിക്കട്ടിലൊക്കെ ഫൈറ്റ് ചിത്രീകരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒറ്റ ഷോട്ടിൽ പോകാമെന്ന് സംവിധായകനോട് അഭിപ്രായപ്പെട്ടു. സംവിധായകൻ ഓക്കെ പറഞ്ഞതോടെ വളരെ പെട്ടെന്ന് തന്നെ കൊറിയോഗ്രാഫി തയ്യാറാക്കി.

ക്യാമറയ്ക്ക് വേണ്ടി ലൈറ്റിംഗ് ചെയ്യുന്ന സമയം കൊണ്ടാണ് ആക്ഷൻ കൊറിയോഗ്രാഫി തയ്യാറാക്കിയത്. രാവിലെ 11. 30 ഓടെ ഫൈറ്റ് കമ്പോസിംഗും ലൈറ്റപ്പും കഴിഞ്ഞു. അപ്പോഴേക്കും ഉണ്ണി ലൊക്കേഷനിൽ എത്തി. ഒരു പ്രൊഫഷണൽ ഫൈറ്റ് മാസ്‌റ്റര്‍ എന്താണോ ചെയ്‌തു കാണിക്കുന്നത് അതിനു മേലെ പെർഫോം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ഉണ്ണിമുകുന്ദൻ. പിന്നെ പുള്ളി ധരിച്ചിരിക്കുന്ന വസ്ത്രവും ലുക്കും കൂടെ ആകുമ്പോൾ തമിഴിൽ പറഞ്ഞാൽ മെരണ്ട് പോയിടും.

ഉണ്ണി ആ രംഗം റിഹേഴ്‌സല്‍ പോലും ചെയ്‌തിട്ടില്ല. വന്ന ഉടനെ കമ്പോസിംഗ് ശ്രദ്ധിച്ചു. റിഹേഴ്‌സല്‍ നോക്കാം എന്ന് പറഞ്ഞപ്പോൾ മാസ്‌റ്റര്‍ ടേക്ക് പോയാലോ എന്നാണ് അദ്ദേഹം ചോദിച്ചത്." കലൈ ഓര്‍ത്തു.

'അനിമൽ', 'തുനിവ്' തുടങ്ങിയ സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുമ്പോൾ പലപ്പോഴും ക്യാമറ കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണെന്ന് കലൈ കിങ്സൺ വെളിപ്പെടുത്തി.

കലൈ കിങ്സണ്‍ ആക്ഷന്‍ ഡയറ്‌ക്ഷന്‍ നല്‍കുന്നു (ETV Bharat)

"ഞാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന ആക്ഷൻ രംഗങ്ങൾ ഏത് രീതിയിൽ ക്യാമറയിൽ ഒപ്പണമെന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. മാത്രമല്ല ഫൈറ്റേഴ്‌സിന്‍റെ എൻട്രി, പഞ്ചിന്‍റെ ഇമ്പാക്‌ട് ഇതൊക്കെ ക്യാമറാമാന് പറഞ്ഞുകൊടുത്ത് റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞു വരുമ്പോൾ ധാരാളം സമയം നഷ്‌ടം വരും. അതുകൊണ്ടാണ് ആക്ഷൻ സീനുകളിൽ ഞാൻ തന്നെ ക്യാമറ കൈകാര്യം ചെയ്യുന്നത്", കലൈ വിശദീകരിച്ചു.

മാർക്കോയിലെ പടിക്കെട്ട് ആക്ഷൻ രംഗങ്ങൾ ഞാൻ ക്യാമറ ചെയ്തോട്ടെ എന്ന് ക്യാമറാമാൻ ചന്ദ്രു സെൽവരാജിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. ഏറ്റവും വലിയ തമാശ ഈ ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്‌തു കൊണ്ടിരിക്കുമ്പോഴും വൈകിട്ട് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്‌തു പോയി ചിത്രീകരിക്കേണ്ട രംഗങ്ങളെക്കുറിച്ചും ഞാനും സംവിധായകനും ക്യാമറാമാനും സംസാരിച്ചുകൊണ്ടിരിക്കും. അതിനിടയിൽ ടേക്കിന് സമയമായി. ഞാൻ ക്യാമറ കയ്യിലെടുത്തു. ഫൈറ്റേഴ്‌സ് റെഡിയായി.

ടൊവിനോയ്ക്ക് നിര്‍ദേശം നല്‍കുന്ന കലൈകിങ്സണ്‍ (ETV Bharat)

"ആ സമയം ഞാൻ ഉണ്ണിയോട് പറഞ്ഞത് ഇപ്രകാരമാണ്, ഒറ്റ ടേക്കാണ് ചിലപ്പോൾ ഫൈറ്റേഴ്‌സിന് അപകടം പറ്റാം, ചിലപ്പോൾ ഉണ്ണിക്ക് അപകടം പറ്റാം. അല്ലെങ്കിൽ ഞാൻ ക്യാമറയുമായി താഴേക്ക് പതിക്കാം. ചിലപ്പോൾ നമ്മളെല്ലാവരും ഈ പടിക്കെട്ട് തകർന്നു താഴേക്ക് പോകാം. എന്തു സംഭവിച്ചാലും ഭയപ്പെടരുത്. തുടങ്ങിയാൽ പ്ലാൻ ചെയ്‌തത് വരെ തീർക്കുക. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഒന്നുകൂടി ഷൂട്ട് ചെയ്യാം. ഉണ്ണി ഡബിൾ ഓക്കെ പറഞ്ഞു. അൻപതിലധികം ഫൈറ്റേഴ്‌സ് ആണ് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്തായാലും ഒറ്റ ടേക്കിൽ കാര്യങ്ങൾ ഓക്കെയായി.

നൂറുലധികം ഫൈറ്റേഴ്‌സ് സിനിമയിൽ മൊത്തം അഭിനയിച്ചിട്ടുണ്ട്. ഒരു പരിധി കഴിഞ്ഞപ്പോൾ കണ്ടിന്യൂറ്റി മിസ്റ്റേക്കുകൾ സാധാരണയായി. കണ്ടിന്യൂറ്റി മിസ്റ്റേക്കുകൾ ഒഴിവാക്കാൻ വേണ്ടിയാണ് പല ഫൈറ്റേഴ്‌സിനും മുഖംമൂടി ധരിപ്പിച്ച് കൊടുത്തത്.

കലൈ കിങ്സണ്‍ (ETV Bharat)

സൗത്ത് ഇന്ത്യയിലെ ചെന്നൈ യൂണിയൻ ഫൈറ്റേഴ്‌സ് മാത്രമാണ് സിനിമയിൽ പെർഫോം ചെയ്‌തിരിക്കുന്നത്. ഇവർക്കൊപ്പം അസിസ്റ്റന്‍റ് ആയാണ് ഞാനെന്‍റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ സ്വതന്ത്ര ആക്ഷൻ ഡയറക്ടറായി ഒരു വർഷം പിന്നിടുന്നു ", കലൈ കിങ്സൺ പറഞ്ഞു.

കലൈ കിങ്സൺ എന്ന ആക്ഷൻ ഡയറക്‌ടര്‍

" ആഗ്രഹം, പാഷൻ, ഇതൊക്കെ കൊണ്ടാണ് ഞാൻ ഒരു ആക്ഷൻ കൊറിയോഗ്രാഫർ ആയതെന്ന് ഒരിക്കലും തറപ്പിച്ചു പറയാൻ ആകില്ല. ഒരു വാശിയായിരുന്നു. എന്‍റെ കുടുംബത്തിൽ എല്ലാവരും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. കുടുംബത്തിൽ 32 പേർ സിനിമ ഫൈറ്റേഴ്‌സ് ആണ്. അച്ഛൻ തമിഴ്, തെലുഗു സിനിമകളിൽ ആക്ഷൻ ഡയറക്‌ടര്‍ ആയിരുന്നു. അച്ഛൻ അടക്കം പ്രശസ്‌തരായ ആക്ഷൻ ഡയറക്‌ടർ കുടുംബത്തിൽ ആരും തന്നെയില്ല. എന്നാൽ ഇന്ത്യ അറിയപ്പെടുന്ന ഒരു ആക്ഷൻ ഡയറക്ടറായി മാറണമെന്ന് ഒരു വാശി ഉണ്ടായി.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം 13 വർഷം ഒരു ഫൈറ്റർ ആകാൻ വേണ്ടിയുള്ള പരിശ്രമത്തിൽ ആയിരുന്നു. മാർഷൽ ആർട്‌സ് പഠിച്ചു, കുതിരയോട്ടം പഠിച്ചു അങ്ങനെ പല പല കാര്യങ്ങൾ. ഇരുപത്തിമൂന്നാം വയസില്‍ ചെന്നൈ ഫൈറ്റേഴ്‌സ് യൂണിയനിൽ കാർഡ് എടുത്തു. വളരെ പെട്ടെന്ന് ലഭിക്കുന്ന സംഗതിയല്ല ഫൈറ്റേഴ്‌സ് യൂണിയൻ കാർഡ്. യൂണിയനിൽ ചേരാൻ ചില ടെസ്റ്റുകൾ ഒക്കെ ഉണ്ട്. 25 വയസ്സിന് മുൻപ് ചേരണം. 26 കഴിഞ്ഞാൽ പിന്നെ ഫൈറ്റേഴ്‌സ് യൂണിയനിൽ ചേരാൻ സാധ്യമല്ല. ടെസ്റ്റ് പാസായില്ലെങ്കിൽ വീണ്ടും അറ്റൻഡ് ചെയ്‌തു വിജയിക്കണം.

അഞ്ചുവർഷം ഫൈറ്ററായി സിനിമകളിൽ ജോലി ചെയ്‌തു. രണ്ടുവർഷം ആക്ഷൻ കൊറിയോഗ്രാഫേഴ്‌സിന്‍റെ സഹായിയായി പ്രവർത്തിച്ചു. പിന്നീടാണ് സ്വതന്ത്ര ആക്ഷൻ ഡയറക്‌ടർ ആവുന്നത്. അനിമൽ, കങ്കുവ, തുനിവ് തുടങ്ങിയ വമ്പൻ സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫർ ആയി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. ജിസ് ജോയി സംവിധാനം ചെയ്‌ച ആസിഫ് അലി-ബിജുമേനോൻ ചിത്രം തലവനിലാണ് ആദ്യം സ്വതന്ത്ര ആക്ഷൻ ഡയറക്‌ടറായി പ്രവർത്തിക്കുന്നത്. അവിടെ നിന്ന് തുടങ്ങി 30 ൽ അധികം സിനിമകൾ പൂർത്തിയാക്കി", കലൈ കിങ്സൺ വെളിപ്പെടുത്തി.

ഒരു വർഷത്തിനുള്ളിൽ 30 സിനിമകൾ പൂർത്തിയാക്കിയ ആക്ഷൻ ഡയറക്‌ടര്‍ എന്ന റെക്കോർഡ് ഒരുപക്ഷേ എനിക്ക് ആയിരിക്കുമെന്നും കലൈ കിങ്സൺ കൂട്ടിച്ചേർത്തു.

കലൈ കിങ്സണ്‍ ലൊക്കേഷനില്‍ നിര്‍ദേശം നല്‍കുന്നു (ETV Bharat)

" ഒരു സിനിമയിൽ പൂർണമായും ആക്ഷൻ കൊറിയോഗ്രാഫറുടെ ഇഷ്‌ടത്തിന് അനുസരിച്ച് ഫൈറ്റ് കമ്പോസ് ചെയ്യാൻ സാധിക്കില്ല. എല്ലാ അഭിനേതാക്കളും ആക്ഷൻ രംഗങ്ങൾ പെർഫോം ചെയ്യാൻ പ്രഗൽഭരൊന്നുമല്ല. ഒരു അഭിനേതാവിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ഒരു ആക്ഷൻ കൊറിയോഗ്രാഫർക്ക് തിരിച്ചറിഞ്ഞാൽ മാത്രമേ അയാൾക്ക് സാധിക്കുന്ന തരത്തിലുള്ള രംഗങ്ങൾ കമ്പോസ് ചെയ്യാനാകൂ.

പലപ്പോഴും കമ്പോസ് ചെയ്‌ത രംഗം ചില നടന്മാരുടെ നിർദ്ദേശപ്രകാരം അവർക്ക് കംഫർട്ടബിൾ ആയ രീതിയിൽ മാറ്റി കമ്പോസ് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അത് സിനിമാ മേഖലയിൽ സാധാരണയാണ്. ഉണ്ണി മുകുന്ദനെ പോലെയും തല അജിത് കുമാറിനെ പോലെയും രൺബീറിനെ പോലെയും മാസ്‌റ്റര്‍ എന്ത് കമ്പോസ് ചെയ്‌താലും പെർഫോം ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത അഭിനേതാക്കളും ഉണ്ട്. മോഹൻലാൽ അത്തരത്തിലുള്ള ഒരാളാണെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഉടൻ വർക്ക് ചെയ്യും", കലൈ പറഞ്ഞു.

പ്രേക്ഷകരെ ഞെട്ടിച്ച പോയ മാർക്കോ ക്ലൈമാക്‌സ്

"മാർക്കോയിലെ ഏറ്റവും ബ്രൂട്ടലായ രംഗമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഭാഗമാണ് ക്ലൈമാക്‌സ്. എട്ടു ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് പൂർണമായും ചിത്രീകരിച്ചത്. രാവിലെ ആറുമണി മുതൽ രാത്രി 9 മണി വരെ ചിത്രീകരണം നീളും. അവസാന ദിവസം 24 മണിക്കൂർ വർക്ക് ചെയ്‌തു.

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്‍റെ അവസാനദിവസം രാവിലെ ആറുമണിക്ക് തുടങ്ങിയ ഷൂട്ട് പിറ്റേന്ന് രാവിലെ പത്തര മണിക്കാണ് അവസാനിച്ചത്. ക്ലൈമാറ്റിൽ രംഗത്തിൽ ഉണ്ണി മുകുന്ദൻ ഷർട്ട് ഇല്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ രംഗത്തിൽ അദ്ദേഹത്തിന്‍റെ ബോഡി മനോഹരമായ കാണുന്നതിന് എടുത്ത കഷ്ടപ്പാടുകൾ വലുതാണ്. ആ ദിവസം അദ്ദേഹം വെള്ളം കുടിച്ചിട്ടില്ല. ഡയറ്റ് ഭക്ഷണം മാത്രമാണ് കഴിച്ചത്. ആക്ഷൻ കമ്പോസ് ചെയ്യുന്നതിനിടയിൽ ഉണ്ണി എക്സസൈസ് ചെയ്‌തുകൊണ്ടിരിക്കും. എത്രത്തോളം മസിൽ പെരുക്കാൻ സാധിക്കുമോ അത്രത്തോളം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്", ഉണ്ണിയെ കുറിച്ചു അദ്ദേഹം പറഞ്ഞു.

ഫൈറ്റിൽ ആളെ ഇടിച്ചു പറത്തുന്ന രീതിയൊക്കെ ഡിസൈൻ ചെയ്യാൻ വളരെ എളുപ്പമാണ്. പക്ഷേ മാൻ ടു മാൻ ഫെയ്‌സ് ചെയ്‌ത് ഒരു സ്ഥലത്ത് സ്റ്റാൻഡ് ചെയ്‌തു നിന്ന് ഫൈറ്റ് ചെയ്യുന്ന രീതി വളരെ ബുദ്ധിമുട്ടാണ്. സംവിധായകന് അത്തരം ഒരു ഫൈറ്റ് തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. സിനിമയുടെ ചർച്ചകൾ ആരംഭിക്കുന്ന സമയത്ത് ഉണ്ണി മുകുന്ദൻ എന്ന നടൻ ആരാണെന്ന് എനിക്ക് വലിയ ധാരണയില്ലായിരുന്നു. സംവിധായകനുമായി ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം അടുത്തുണ്ട്.

"ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാൻ ഇരുപത് ദിവസത്തിലധികം സമയം വേണമെന്ന് ഞാൻ സംവിധായകനോട് ആവശ്യപ്പെട്ടു. അതെന്തിനാണ് ഇരുപത് ദിവസം എന്ന് ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞത് ഇപ്രകാരമാണ്. ഫൈറ്റ് കമ്പോസ് ചെയ്യണം, ആർട്ടിസ്റ്റിനെ പഠിപ്പിക്കണം, ഓരോ ആക്ഷൻ ഷോട്ട് കഴിഞ്ഞ് ആർട്ടിസ്റ്റ് കാരവനിലേക്ക് പോകും, അവരുടെ സേഫ്റ്റി നോക്കണം. അതുകൊണ്ട് 20 ദിവസം എടുക്കും എന്ന് ഞാൻ മറുപടി പറഞ്ഞു.

കലൈ കിങ്സൺ ഈ പടത്തിൽ നായകനായി അഭിനയിക്കുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ഈ ഫൈറ്റ് രംഗം തീരുമെന്ന് ഒരുഭാഗത്തിരുന്ന് ഉണ്ണി എന്നോട് ചോദിച്ചു. മൂന്നുദിവസംകൊണ്ട് തീർക്കും എന്ന് ഞാൻ മറുപടി പറഞ്ഞു. എനിക്ക് സത്യത്തിൽ ഉണ്ണിയെ കണ്ടിട്ട് മനസ്സിലായിട്ടില്ല. പുള്ളി എഴുന്നേറ്റ് എനിക്ക് ഷേക്ക് ഹാൻഡ് തന്നു. സാർ നിങ്ങളാണ് ഹീറോ എന്ന് കരുതി അതുപോലെ ഫൈറ്റ് പ്ലാൻ ചെയ്തോളൂ. ഞാൻ ഉണ്ണി മുകുന്ദൻ. ഈ സിനിമയിലെ നായകൻ. മാസ്റ്ററുടെ രീതികൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി ", കലൈ കിങ്സൺ തുടർന്നു.

ഉണ്ണി ആവശ്യപ്പെട്ട ഫൈറ്റ്

"ഹിന്ദി സിനിമയിൽ ഒരു ദിവസം പരമാവധി 10,15 ഷോട്ടുകൾ മാത്രമാണ് എടുക്കുന്നത്. തമിഴിലും സ്ഥിതി വ്യത്യസ്‌തമല്ല. അതുകൊണ്ടാണ് ഫൈറ്റ് പൂർത്തിയാക്കാൻ ഞാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്ന് പറഞ്ഞത്. ആദ്യമായിട്ടാണ് സാധാരണ നടക്കുന്നതിൽ നിന്നും വിഭിന്നമായി ഒരു താരം ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. മാസ്റ്റർ പറയുന്നത് വളരെ പെട്ടെന്ന് ഉൾക്കൊണ്ട് ഒരു ഷോട്ടിന് ശേഷം ഇടവേള എടുക്കാതെ അഹോരാത്രം ഒരു നടൻ ഞങ്ങൾക്കൊപ്പം നിന്നു. ഉണ്ണിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. " കലൈ കിങ്സൺ വ്യക്തമാക്കി.

സർ 'ഉങ്ങൾക്ക് എന്ത മാതിരി ആക്ഷൻ പുടിക്കും' ഞാൻ ഉണ്ണിയോട് ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു. എനിക്ക് ഡിഷ്യും ഡിഷ്യും രീതിയിലുള്ള ഫൈറ്റ് ഒന്നും വേണ്ട. മുൻപ് മലയാളത്തിൽ ചെയ്‌തുകൊണ്ടിരുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ നാല് വർഷമായി ഞാൻ ആക്ഷൻ സിനിമകളിൽ അഭിനയിക്കാത്തതെന്ന് ഉണ്ണി മറുപടി പറഞ്ഞു.

ഡയറക്‌ടര്‍ ഒറ്റ ഒരാളുടെ നിർബന്ധപ്രകാരമാണ് താന്‍ മാർക്കോയുടെ ഭാഗമാകുന്നത് എന്ന് കലൈ കിങ്സൺ വ്യക്തമാക്കി.

ആന്‍റണി പെപ്പെയ്ക്കൊപ്പം കലൈ കിങ്സണ്‍ (ETV Bharat)

" ഡയറക്‌ടര്‍ ഹനീഫ് അദേനി ആരാണെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. പുള്ളിയുടെ മുൻ സിനിമകൾ ഞാൻ കണ്ടിട്ടുമില്ല. പക്ഷേ പുള്ളിക്ക് നിർബന്ധമുണ്ടായിരുന്നു ഞാൻ തന്നെ ഈ സിനിമയുടെ ആക്ഷൻ ചെയ്യണമെന്ന്. ഞാൻ എങ്ങനെയാണ് ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്യാൻ പോകുന്നതെന്ന് സത്യത്തിൽ ആർക്കും ഒരു ധാരണ ഉണ്ടായിരുന്നില്ല. ഉണ്ണി മുകുന്ദനു പോലും. പക്ഷേ അവരെല്ലാം എന്നെ വിശ്വസിച്ചു. മാസ്റ്റർ എന്ത് പറഞ്ഞാലും അത് ചെയ്യാൻ ഞങ്ങൾ റെഡി ആണെന്നാണ് ഉണ്ണിമുകുന്ദൻ അടക്കമുള്ളവർ എന്നോട് പ്രതികരിച്ചത്".

ഇന്‍റര്‍വല്‍ കത്തി ഫൈറ്റ്

ഒറിജിനൽ കത്തിയാണ് ഉണ്ണി ഇന്‍റര്‍വെല്‍ ഫൈറ്റിൽ കടിച്ചു പിടിച്ചിരിക്കുന്നത് കലൈ കിങ്സൺ പറഞ്ഞു.

"കത്തി കറങ്ങി വായിൽ കടിച്ചുപിടിക്കുന്നത് മാത്രം വി എഫ് എക്‌സ് (V F X) ഉപയോഗിച്ചു. കത്തി ഉപയോഗിച്ച് മുറിക്കുന്നതും കുത്തുന്നതും എല്ലാം ഒറിജിനൽ ആണ്. കത്തി ഉപയോഗിച്ച് മുറിയുന്നതൊക്കെ പ്രോസ്തെറ്റിക് മേക്കപ്പ് അളവെടുത്ത് ചെയ്‌തതാണ്. കഴുത്തിലും മുഖത്തും ഒക്കെ അറിയാത്ത രീതിയിൽ പ്രോസ്റ്റേറ്റിക് മേക്കപ്പ് ചെയ്യും. കത്തികൊണ്ട് വരയുമ്പോൾ അത് മുറിയും. കൃത്യമായ ടൈമിംഗ് വേണം അതിന്. ടൈമിംഗ് തെറ്റിയാൽ ചിലപ്പോൾ കഴുത്തു മുറിഞ്ഞു പോകും. 'ടൈമിങ്ങിൽ കില്ലാടി സാർ അവര് ' ഉണ്ണിയെ കലൈ കിങ്സൺ പ്രശംസിച്ചത് ഇങ്ങനെയാണ്.

കത്തി കുത്തുന്ന എക്‌ട്രീം ക്ലോസ് ഷോട്ടുകൾ ഒക്കെ വി എഫ് എക്‌സ് (V F X) സഹായത്തോടെ ചെയ്‌തു. കാത് കടിച്ചു മുറിക്കുന്നത് പ്രോസ്‌തെറ്റിക് മേക്കപ്പ് ആണ്. അതെ രംഗത്തിൽ മുറിഞ്ഞു പോകുന്ന ഒരു കാലും കൈയും ഒക്കെ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഡമ്മി എനിക്ക് വേണമെന്ന് ആവശ്യപ്പെട്ടത് ഷൂട്ടിംഗ് സമയത്താണ്.

ഇത്തരം ആവശ്യങ്ങൾക്കൊക്കെ ഒരുപക്ഷേ പ്രൊഡ്യൂസർ ആകും മുന്നിട്ടിറങ്ങുക. മറ്റ് ഇൻഡസ്ട്രികൾ പോലെയല്ല മലയാളം. ഇത് അവന്‍റെ ജോലിയാണ്, അത് ഇവന്‍റെ ജോലിയാണ് എന്നൊന്നും ആരും പറയില്ല. ഒരു കാരണവശാലും ചിത്രീകരണം മുടങ്ങാൻ പാടില്ല.

കലൈ കിങ്സണ്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ (ETV Bharat)

മേക്കപ്പിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ മേക്കപ്പ് മാൻ സ്ഥലത്തു ഇല്ലെങ്കിലും ആർട്ട്‌ ഡിപ്പാർട്ട്മെന്‍റ് അത് കൈകാര്യം ചെയ്യും. ആർട്ടിൽ ആളില്ലെങ്കിൽ മേക്കപ്പ് മാൻ അത് നോക്കും. ഒരു കാർ വേണമെന്ന് ആവശ്യപ്പെട്ടാൽ പ്രൊഡക്ഷൻ കൺട്രോളറിന് മുൻപേ തന്നെ പ്രൊഡ്യൂസർ കാര്യങ്ങൾ സെറ്റ് ആക്കും. ഒരാവശ്യം പറഞ്ഞാൽ ചിലപ്പോ ഡയറക്ടർ വരെ വലുപ്പച്ചെറുപ്പം നോക്കാതെ കാര്യങ്ങൾ സെറ്റ് ആക്കാൻ ശ്രമിക്കും. പക്കാ ടീം വർക്ക്. മലയാളികൾ സിനിമയെ ഒരു പാഷൻ ആയി കൂടിയാണ് കാണുന്നത്", കലൈ കിങ്സൺ മലയാളം സിനിമ ഇൻഡസ്ട്രിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

സംവിധായകന്‍റെ ഭയം

" സംവിധായകൻ ഹനീഫ് അദേനിക്ക് സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ നല്ല ഭയം ഉണ്ടായിരുന്നു. മലയാളത്തിൽ പൊതുവെ ബിഗ് ബഡ്‌ജറ്റ് സിനിമകൾ കുറവാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി 30 കോടിയിലധികം രൂപ ചിലവാക്കി ഒരു ചിത്രം ഒരുക്കുന്നത് വിഡ്ഢം ആണെന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചു. പല ഭാഗത്തുനിന്നും സംവിധായകന് ഇത്തരം കുറ്റപ്പെടുത്തലുകൾ ലഭിച്ചതോടെ അദ്ദേഹം കൺഫ്യൂഷൻ ആയി. സാർ പടം വലിയ ഹിറ്റ് ആയില്ലെങ്കിലും കുഴപ്പമില്ല ആവറേജ് എങ്കിലും ആകണം. പക്ഷേ തോറ്റു പോകരുത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ഹനീഫ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്." കലൈ കിങ്സൺ പറഞ്ഞു.

" ഒരു സിനിമ മുഴുവൻ എന്നെ ആക്ഷൻ ഡയറക്‌ടർ തീരുമാനിച്ചതിനും ഹനീഫിന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു. നാല് ആക്ഷൻ രംഗങ്ങൾ ഉണ്ടെങ്കിൽ മലയാളത്തിൽ പൊതുവേ ഒന്നിലധികം ആക്ഷൻ ഡയറക്ടേഴ്‌സ് പ്രവർത്തിക്കും. സിനിമ മുഴുവൻ എന്നെ കൊണ്ടുതന്നെ എന്തിന് ഫുൾ ആക്ഷൻ ചെയ്യിപ്പിക്കണമെന്ന ചോദ്യവും ഹനീഫ് പലയിടത്തുനിന്നും നേരിട്ടു.

കലൈ കിങ്സൺ എന്ന ആക്ഷൻ ഡയറക്‌ടര്‍ തന്നെ സംബന്ധിച്ചിടത്തോളം മികച്ചതായാണ് തോന്നുന്നത്. സിനിമ മുഴുവൻ അദ്ദേഹം തന്നെ ആക്ഷൻ ഡിസൈൻ ചെയ്യും. സംവിധായകന്‍റെ മറുപടി ഇപ്രകാരം ആയിരുന്നു. നിർമ്മാതാവിനും ഉണ്ണിക്കും സംവിധായകന്‍റെ തീരുമാനത്തിന് എതിരഭിപ്രായം ഉണ്ടായിരുന്നില്ല", കലൈ കിങ്സൺ പറഞ്ഞു.

" സിനിമയിൽ മൊത്തം ഏഴ് ആക്ഷൻ അംഗങ്ങൾ ആണുള്ളത്. ഓരോ ആക്ഷൻ അംഗങ്ങളും ഓരോ രീതിയിൽ ഡിസൈൻ ചെയ്യണമായിരുന്നു. എന്നാൽ മാർകോയുടെ സ്റ്റൈൽ മാറാൻ പാടില്ല. അതായിരുന്നു മാർക്കോ എന്ന സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫിയുടെ സ്വഭാവം." കലൈ കിങ്സൺ വ്യക്തമാക്കി.

ക്ലൈമാക്‌സിലെ ഫയർ സീൻ

" ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് ക്ലൈമാക്‌സിലെ ഫയർ സീൻ. മാർക്കോയുടെ കഥാപാത്രം തീയിലൂടെ കടന്നു വരുന്നു. ഡ്യൂപ്പിനെ വച്ച് ചിത്രീകരിക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. ഉണ്ണി അതിന് വിസമ്മതിച്ചു.

സംവിധായകനും നിർമാതാവിനും ഉണ്ണി തീയിലൂടെ നടന്നുവരുന്നതിന് ഭയമുണ്ടായിരുന്നു. ഞാൻ ചെയ്തോളാം ഡ്യൂപ്പ് വേണ്ട മാസ്റ്റർ എന്ന് പറഞ്ഞാണ് ഉണ്ണി മുന്നോട്ടുവന്നത്. കാലിലെ തീ കത്തി നിൽക്കുന്ന രംഗം എങ്കിലും ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാം എന്ന് പറഞ്ഞു. എന്‍റെ പോഷൻസ് തീരുമ്പോൾ തന്നെ രാത്രിയാകും. ഡ്യൂപ്പിനെ വച്ച് നാളെ മാത്രമേ ചിത്രീകരിക്കാൻ സാധിക്കുകയുള്ളൂ. തീയും മറ്റു കാര്യങ്ങളും ഒക്കെ വീണ്ടും സെറ്റ് ചെയ്യാൻ ഒരുപാട് പണം ആകും. കാലിൽ തീ കത്തി നിൽക്കുന്ന രംഗവും ഞാൻ തന്നെ ചെയ്‌തുകൊള്ളാം എന്ന് ഉണ്ണി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു

ടൊവിനോയ്ക്ക് നിര്‍ദേശം നല്‍കുന്ന കലൈകിങ്സണ്‍ (ETV Bharat)

ഫയർ സീനൊന്നും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. അപ്പപ്പോൾ തോന്നുന്നത് അപ്പപ്പോൾ എടുത്തു പോയി. 15 സെക്കൻഡിൽ കൂടുതൽ ഉണ്ണിയുടെ ശരീരത്തിൽ തീ പറ്റിപ്പിടിച്ചു നിൽക്കാൻ പാടില്ല. അതിൽ കൂടുതൽ തീ കത്തിൽ നിന്നാൽ ദേഹം പൊള്ളും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഒന്ന് കൈ കാണിച്ചാൽ മതി അപ്പോൾ വന്ന് അണച്ചു കൊള്ളാം എന്ന രീതിയിലാണ് ഉണ്ണിയെ ഷോട്ടിന് സജ്ജമാക്കിയത്. മൂന്ന് ഷോട്ടുകൾ കൊണ്ടാണ് ഉണ്ണി മുകുന്ദന്‍റെ എൻട്രി ചിത്രീകരിച്ചു തീർത്തത്. ഓരോ ഷോട്ട് കഴിയുമ്പോഴും ഓടിച്ചെന്ന് അദ്ദേഹത്തിന്റെ ശരീരത്തിലെ തിയ്യണക്കും. അതൊക്കെ വി എഫ് എക്‌സ് (V F X) ആണെന്ന് ആരോ പറയുന്നത് കേട്ടു. എല്ലാം പക്കാ ഒറിജിനൽ."

പടയാളികളെ വെട്ടി രാജാവിനെ കീഴടക്കുന്ന രീതിയല്ല

"ക്ലൈമാക്സിൽ ഗുണ്ടകളെ മുഴുവൻ അടിച്ചു നിലംപരിശാക്കിയ ശേഷമാണല്ലോ സാധാരണ നായകൻ മെയിൻ വില്ലനെ ആക്രമിക്കുക. ഉണ്ണിയുടെ ബിൽഡ് അപ്പ്‌ ഷോട്ടുകൾ എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ചോദിക്കുന്നത് എന്തിനാ മാസ്റ്റർ എല്ലാവരെയും അടിച്ച് കുറെ സമയം കളയുന്നത്. മാർക്കോക്ക് എല്ലാവരെയും അടിക്കാൻ പറ്റുമെന്ന് പ്രേക്ഷകർക്ക് അറിയാം. ഡയറക്‌ട് വില്ലനെ അറ്റാക്ക് ചെയ്‌തു കൂടെയെന്ന്.

അതൊരു നല്ല ആശയം ആണെന്ന് തോന്നിയിട്ടാണ് ഗുണ്ടകളുടെ മുകളിലൂടെ നേരെ ചാടിച്ചെന്ന് ഡോക്ടർ സൈറസിന്‍റെ കഥാപാത്രത്തെ മാർക്കോ അടിക്കുന്നത്. പക്ഷേ ഉണ്ണിമുകുന്ദന് ആ ഒരു രീതിയിൽ വളരെയധികം സംശയമുണ്ടായി.

നാടകം ആയി പോകുമോ എന്നൊരു സംശയം അദ്ദേഹം പ്രകടിപ്പിച്ചു മാത്രമല്ല ആളുകളുടെ ശരീരത്തിന്‍റെ മുകളിലൂടെ ഓടുന്നതിനും അദ്ദേഹം വിഷമം പറഞ്ഞു. നമ്പുങ്കെ സർ. ഇത്രമാത്രമാണ് ഞാൻ പറഞ്ഞത്. ഉണ്ണി ഓക്കേ ."കലൈ കിങ്സൺ പറഞ്ഞു. "അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. ഷൂട്ടിംഗ് വളരെ പെട്ടെന്ന് തീർന്നു ഒരുപാട് പണം ലഭിക്കാനും സാധിച്ചു. "

അജിത്തിനോടൊപ്പം കലൈകിങ്സണ്‍ (ETV Bharat)

"രണ്ട് കളർ പാറ്റേൺ ക്ലൈമാക്‌സിന് നൽകിയത് എന്‍റെ നിർദ്ദേശപ്രകാരമാണ്. ഒരു സ്ഥലത്ത് തീയും മറു സ്ഥലത്ത് കെമിക്കൽ ഫാക്ടറിയുടെ അന്തരീക്ഷവും സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് ഒരുവശത്ത് ക്യാമറ വയ്ക്കുമ്പോൾ ചുവപ്പും മറുവശത്ത് കുറച്ച് ലൈറ്റ് ആയ നിറവും ലഭിക്കും. അതിക്രൂരമായ രംഗങ്ങൾ നടക്കുമ്പോൾ കളർ പാറ്റേൺ ചേഞ്ച് ആവുന്നത് കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് കൊടുക്കാവുന്ന ചെറിയ ആശ്വാസമാണ്. മുഴുവൻ തീയിലും ചുവപ്പിലും നിറഞ്ഞു നിന്നാൽ വിഷൽ എക്സ്പീരിയൻസ് ബാലൻസ് ആകില്ല എന്ന് തോന്നി." കലൈ കിങ്സൺ വിശദീകരിച്ചു.

കൊല്ലാനുള്ള നറുക്ക്, ആരു കൊല്ലും എന്നുള്ള ചോദ്യം

'മാർക്കോ'യുടെ ക്ലൈമാക്‌സ് ഒരുപാട് പ്രേക്ഷകരുടെ ഉറക്കം കളഞ്ഞ കാഴ്ചകൾ കൊണ്ട് നിറഞ്ഞതായിരുന്നു. വായ കീറി കൊല്ലുന്നതും, വെടി വെച്ചു കൊല്ലുന്നതും, ഗ്യാസ് കുറ്റി കൊണ്ട് ഇടിച്ചു കൊല്ലുന്നതും,വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ വലിച്ചെടുക്കുന്നതും ഒക്കെ പലരുടെയും നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ ഇതൊക്കെ ചിത്രീകരിക്കുമ്പോൾ വളരെ ജോളിയായി തമാശകൾ പറഞ്ഞാണ് ഷൂട്ടിംഗ് സംഭവിച്ചതെന്ന് കലൈ കിങ്സൺ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

" സ്ക്രിപ്റ്റിൽ കഥാപാത്രങ്ങളെ കൊല്ലുന്നു എന്ന് മാത്രമേ എഴുതിവെച്ചിട്ടുള്ളൂ. എന്നാൽ എങ്ങനെ കൊല്ലുന്നു? ഏത് രീതിയിൽ കൊല്ലുന്നു എന്നൊന്നും പ്രതിപാദിച്ചിട്ടില്ല. ലൊക്കേഷനിൽ ആരെയൊക്കെ ഏതൊക്കെ രീതിയിൽ കൊല്ലണമെന്ന് തീരുമാനിച്ചത് വളരെ രസകരമായയാണ്. കൊല്ലേണ്ട രീതികൾ ഒക്കെ തുണ്ട് കടലാസിൽ എഴുതി ചുരുട്ടി ഒരു പാത്രത്തിലിട്ട് കുലുക്കി ചാകേണ്ട കഥാപാത്രം അഭിനയിക്കുന്നവർക്ക് കൊടുക്കും. അവർ എടുക്കുന്ന കടലാസില്‍ എഴുതിയിരിക്കുന്ന രീതിയ്ക്കനുസരിച്ച് അവരെ കൊല്ലും.

സിദ്ധിഖ് സാറിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ കഥാപാത്രം ചെയ്യുന്ന അഭിനയത്രി ചീട്ട് കുലുക്കി എടുത്തപ്പോൾ കിട്ടിയതാണ് വായ കീറി കൊല്ലുന്നു എന്നുള്ളത്. " ചിരിച്ചുകൊണ്ട് കലൈ കിങ്സൺ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ആക്ഷന്‍ ഫൈറ്റ് ചെയ്യുന്നതിനെ (ETV Bharat)

" സിലിണ്ടർ വച്ച് കുഞ്ഞിനെ കൊല്ലുന്നത് വലിയ ചർച്ചയായിരുന്നു. സത്യമായിട്ടും ആ കുട്ടിയുടെ കഥാപാത്രത്തെ കൊല്ലാൻ ഒരു പ്രോപ്പർട്ടി അവിടെ നിന്നൊന്നും കിട്ടിയില്ല. പെട്ടെന്നൊരു വടിയോ കമ്പിയോ മറ്റ് പ്രോപ്പർട്ടുകളോ എടുത്തു കൊണ്ടു വരാൻ സമയമില്ലാത്തതുകൊണ്ട് ഗ്യാസ് കുറ്റിയെടുത്ത് അടിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്. " കലൈ കിങ്സൺ പൊട്ടിച്ചിരിച്ചു.

" മാല പടക്കം പോലെയാണ് ക്ലൈമാക്‌സില്‍ കൊല നടക്കുന്നത്. ആര് ആരെയൊക്കെ കൊല്ലണമെന്ന് ആകെ കൺഫ്യൂഷൻ ആയി.അതിന് ഒരു മാർഗ്ഗം കണ്ടുപിടിച്ചു. കൊല്ലേണ്ടവരുയും ചാകേണ്ടവരെയും ഒരുമിച്ച് നിർത്തി അത്തള പിത്തള തവളാച്ചി കളിച്ചോ, ഇങ്കി പിങ്കി പൊങ്കി കളിച്ചോ ആണ് ആര് ആരെയൊക്കെ കൊല്ലണമെന്ന് തീരുമാനിക്കുന്നത്.

കലൈ കിങ്സണ്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ (ETV Bharat)

ഷൂട്ട് ചെയ്യുമ്പോൾ വളരെയധികം ആസ്വദിച്ചു ചെയ്‌താണ് ക്ലൈമാക്‌സ്. എന്നാൽ എഡിറ്റ് ചെയ്‌തു മ്യൂസിക് കയറി വന്നപ്പോ ഇതൊക്കെ എക്സിക്യൂട്ട് ചെയ്‌തു എനിക്ക് തന്നെ കണ്ടിട്ട് ഭയം തോന്നി. അഭിമന്യുവിന്‍റെ കഥാപാത്രത്തിന്‍റെ കൈ രണ്ടായി വലിച്ച് കീറുന്നത് കണ്ട് അത് ഡിസൈൻ ചെയ്‌ത ഞാൻ തന്നെ കണ്ണടച്ചു." കലൈ കിങ്സൺ വ്യക്തമാക്കി.

ഹിന്ദി, തമിഴ്, കന്നട, തെലുഗു, മലയാളം ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ കലൈ കിങ്സനു മുന്നിലുണ്ട്. സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിൽ ഉടൻ ജോയിൻ ചെയ്യും. പേര് വെളിപ്പെടുത്താത്ത ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിന്‍റെ ഇടവേളയിലാണ് കലൈ കിങ്സൺ ഇ ടിവി ഭാരതിനോട് സംസാരിക്കുന്നത്. തന്‍റെ ആദ്യത്തെ അഭിമുഖമാണെന്നും കലൈ കിങ്സൺ വ്യക്തമാക്കി.

Also Read:തെലങ്കാനയിലും ആഞ്ഞുവീശി 'മാര്‍ക്കോ'; പതിമൂന്നാം ദിനത്തില്‍ റോക്കറ്റ് പോലെ കുതിച്ച് ബോക്‌സ് ഓഫിസ് കലക്ഷന്‍

ABOUT THE AUTHOR

...view details