'ഗുരുവായൂര്‍ അമ്പല നടയില്‍' എന്ന സിനിമയിലെ ബേസിൽ ജോസഫ് അഭിനയിച്ച വിനു എന്ന കഥാപാത്രത്തിന്‍റെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുണ്ണിയെ ഓര്‍മ്മയില്ലേ. രണ്ണെണ്ണം കയ്യില്‍ നിന്ന് ഇട്ടിട്ടുണ്ട് എന്ന് പറയുന്ന ആ കൂട്ടുകാരനെ. ചിത്രത്തിലെ അനേകം ചിരി മുഹൂർത്തങ്ങള്‍ കാണികൾക്ക് സമ്മാനിച്ച ആ കലാകാരനാണ് അഖില്‍ കവലയൂര്‍.
'ഒരു തെക്കൻ തല്ല് കേസ്', 'ഗുരുവായൂർ അമ്പലനടയിൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുത്തൻ വാഗ്‌ദാനമായി മാറുകയാണ് അഖിൽ കവലയൂർ. വർഷങ്ങളോളം ടെലിവിഷൻ കോമഡി പരിപാടികളിലും സ്‌റ്റേജ് പരിപാടികളിലും സജീവമായിരുന്ന അഖിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ- കവലയൂർ സ്വദേശിയാണ്.
ലോക്ക് ഡൗൺ സമയത്ത് ഇന്‍റര്‍നെറ്റ് സെൻസേഷൻ ആയി മാറിയ 'പ്രീമിയർ പത്മിനി' എന്ന വെബ് സീരീസിലൂടെയാണ് അഖിൽ കവലയൂർ എന്ന കലാകാരന്‍റെ അഭിനയ മികവിനെ മലയാളി പ്രേക്ഷകർ കയ്യടിച്ചു സ്വീകരിക്കുന്നത്. ചെറുപ്പകാലം മുതൽക്ക് തന്നെ സ്‌റ്റേജ് പരിപാടികളോടും മിമിക്രികളോടും അഖിൽ കടുത്ത താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടിൽ ഒരു വീഡിയോഗ്രാഫറായി. ആ എന്ന തൊഴിലിനിടയിൽ ലഭിക്കുന്ന സമയങ്ങളിൽ ചെറിയ ട്രൂപ്പുകളിൽ കയറിക്കൂടി കലാവേദികളിൽ സജീവമായി.
മോഹൻലാലിന്‍റെ ഫിഗറും എംജി ശ്രീകുമാറിന്‍റെ ഫിഗറും അഖിലിനോളം കൃത്യമായി അവതരിപ്പിച്ചിരുന്ന മറ്റൊരു കലാകാരൻ അക്കാലത്ത് വേറെ ഇല്ലായിരുന്നു. എംജി ശ്രീകുമാറിന്‍റെ രൂപവും ശബ്‌ദവും മിമിക്രി വേദികളിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ അഖിൽ കവലയൂരിനെ സഹായിച്ചു. ജീവിതത്തിൽ വഴിത്തിരിവ് സംഭവിക്കുന്നത് ഫ്ലവേഴ്‌സ് ടിവി പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കുന്ന സ്‌റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ്. തന്‍റെ സിനിമാ ജീവിതത്തെ കുറിച്ച് അഖില്‍ കവലയൂര്‍ ഇ ടിവി ഭാരതുമായി പങ്കുവയ്‌ക്കുന്നു.
ആദ്യത്തെ സിനിമ
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത 'അന്യർ' എന്ന ചിത്രത്തിലാണ് ആദ്യമായി താൻ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. നാലോ അഞ്ചോ കഥാപാത്രങ്ങൾ ഞാൻ ആ സിനിമയിൽ ചെയ്തിട്ടുണ്ട്.ഗുജറാത്ത് തീവ്രവാദി, അടുത്ത ഷോട്ടിൽ ശവം, അടുത്ത ഷോട്ടിൽ ഗുണ്ടാ അങ്ങനെ പല രൂപത്തിൽ പല ഭാവത്തിൽ ഒരു സിനിമയിൽ പല കഥാപാത്രങ്ങളായി വേഷമിട്ടു. അവിടെന്ന് ഇങ്ങോട്ട് ദീർഘനാളത്തെ ശ്രമഫലമാണ് ഇപ്പോഴത്തെ ജീവിതം. നിരവധി ചിത്രങ്ങളിൽ അവസരങ്ങൾ തേടിയെത്തുന്നു.
ജീവിതത്തില്‍ വഴിത്തിരിവായത്
സ്‌റ്റാര്‍ മാജിക് എന്നത് ഏതൊരു കലാകാരനും തന്‍റെ കഴിവുകൾ സർവ്വസ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ സ്പൂഫ് രൂപത്തിൽ അവതരിപ്പിച്ചത് ഏറെ ജനപിന്തുണ ലഭിക്കാൻ കാരണമായി. ഒരുകാലത്ത് ടെലിവിഷൻ കോമഡി സ്കിറ്റുകൾക്കുണ്ടായിരുന്ന ഫോർമാറ്റ് സ്റ്റാർ മാജിക് ലൂടെ പൊളിച്ചെഴുതിയത് താനാണ്. സ്പടികം എന്ന ചിത്രത്തിന്‍റെ സ്പൂഫ് അവതരിപ്പിക്കുമ്പോൾ സാക്ഷാൽ ഉർവശി ചേച്ചിയോടൊപ്പം വേദി പങ്കിടാൻ സാധിച്ചതൊക്കെ ജീവിതത്തിലെ വലിയ കാര്യങ്ങൾ തന്നെ.
സ്‌റ്റാര്‍ മാജിക്ക്
സ്റ്റാർ മാജിക് എന്ന പരിപാടിയിലെ ചില കലാകാരന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റീവ് ക്യാമ്പയിനെ കുറിച്ച് ഒന്നും ധാരണയില്ല. തനിക്കിതുവരെ ഒരു തരത്തിലുമുള്ള തട്ടുകേടും ലഭിച്ചിട്ടില്ല. പ്രധാനമായും സോഷ്യൽ മീഡിയയിലെ കമന്റ് ബോക്‌സ് വായിക്കുന്ന സ്വഭാവം തനിക്കില്ല. പിന്നെ എല്ലാവരും മനുഷ്യനാണല്ലോ. ഏതെങ്കിലും ഒരു സമയത്ത് നാവിൽ വികട സരസ്വതി വിളയാടിയാൽ എന്തുചെയ്യാൻ സാധിക്കും. ആരും ആരെക്കുറിച്ചും ഒന്നും മനപൂർവ്വം പറയില്ല. അങ്ങനെയൊക്കെ തെറ്റിദ്ധരിച്ച് ചിലരെ കുറിച്ച് നെഗറ്റീവ് പറയുന്നതിനോട് യോജിക്കാൻ ആകില്ല.
ഗുരുവായൂര്‍ അമ്പലനടയിലെ വേഷം
'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിൽ അവസരം ലഭിക്കേണ്ടതായിരുന്നു. അതിന് പരിഹാരം എന്നോണം ആണ് വിപിൻദാസ് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിൽ മികച്ച ഒരു വേഷം തനിക്ക് തന്നത്. ചിത്രത്തിലെ കഥാപാത്രം കൂളിംഗ് ഗ്ലാസ് വച്ച് വാഴയ്ക്കു കുഴിയെടുക്കുന്ന രംഗം ഒരുപാട് പ്രശംസകൾ ലഭിക്കുന്നതിന് കാരണമായി. 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയുടെ ചിത്രീകരണ സമയവും മറക്കാനാകാത്തതാണ്.
അഖിൽ കവലയൂർ ഗുരുവായൂര്‍ അമ്പലനടയില്‍ നിന്ന് എന്ന സിനിമയില്‍ (ETV Bharat) എല്ലാ ദിവസവും ആറുമണിയോടെ സിനിമയുടെ ഷൂട്ടിംഗ് കഴിയും. അതിനുശേഷം നടൻ ബേസിൽ ജോസഫും സംവിധായകൻ വിപിൻദാസും രണ്ട് ടീമുകളായി പിരിഞ്ഞ് ടർഫ് വാടകക്കെടുത്ത് ക്രിക്കറ്റ് കളി ആരംഭിക്കും. മിക്കവാറും ബേസിലിന്‍റെ ടീമിനെ വിപിൻദാസിന്റെ ടീം തോൽപ്പിക്കും. ഇനി വിപിൻദാസിന്റെ ടീം തോറ്റാൽ പിന്നെ വാശിയാണ്. പിറ്റേന്ന് പകരം വീട്ടിയിട്ടെ ബാക്കി കാര്യമുള്ളൂ. സിനിമയുടെ ക്രൂ മെമ്പേഴ്സിൽ കാരവൻ ഡ്രൈവറായ ഒരു ചെറുപ്പക്കാരൻ ഉണ്ട്. അയാൾ നന്നായി ക്രിക്കറ്റ് കളിക്കും. അയാളെ സ്വന്തം ടീമിൽ ഉൾപ്പെടുത്താൻ വിപിൻദാസും ബേസിലും മത്സരമാണ്. അഖിൽ കവലയൂർ പറയുകയുണ്ടായി .
സുരാജേട്ടന്‍റെ പരിപാടികള്‍
ചെറിയ പ്രായത്തിൽ ഞാനും നോബിയും സുരാജ് വെഞ്ഞാറമൂടിന്റെ അനിയൻ അരുണും ആയിരുന്നു നല്ല സുഹൃത്തുക്കൾ. ഞങ്ങൾ മൂന്നുപേരും സുരാജ് ഏട്ടന്റെ പരിപാടികൾ കാണാൻ സ്ഥിരം പോകും. വേദിക്ക് പിന്നിൽ ഞങ്ങളെ കാണുകയാണെങ്കിൽ സുരാജേട്ടൻ ഒറ്റ ഓടിപ്പാണ് ഞങ്ങളെ. വീട്ടിൽ പോയിനെടാ.. പോയി പഠിക്ക്.. സുരാജേട്ടൻ ഞങ്ങളെ ഓടിച്ചു വിട്ടാലും ഒളിച്ചും പാത്തും പരിപാടി മുഴുവൻ കാണും. എത്ര പ്രാവശ്യം കണ്ടാലും സുരാജേട്ടന്റെ സ്റ്റേജ് പരിപാടികൾ മതിയാകില്ല. സുരാജേട്ടന്റെ പരിപാടികൾ കണ്ടാണ് മിമിക്രി മേഖല ഹരമായി മാറിയത്.
കൊല്ലം സുധിച്ചേട്ടന്‍
മരിച്ചുപോയ കൊല്ലം സുധി ചേട്ടനുമായി 20 വർഷത്തിലധികം മുൻപത്തെ പരിചയമാണ്. ആദ്യകാലങ്ങളിൽ സ്റ്റാർ മാജിക് പരിപാടി കഴിഞ്ഞ് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ഞങ്ങൾ ഒരുമിച്ചാണ് ബസ്സിൽ വരാറ്. സുധി ചേട്ടൻ ഒരിക്കലും വണ്ടി ഓടിക്കാൻ ഇഷ്ടമുള്ള ആളായിരുന്നില്ല. ബൈക്കോ കാറോ എടുത്ത് കറങ്ങുന്ന സ്വഭാവവും ഉണ്ടായിരുന്നില്ല. അദ്ദേഹം വാഹനാപകടത്തിൽപ്പെട്ട് മരണപ്പെട്ടു എന്നുള്ളത് ഉൾക്കൊള്ളാൻ ആകുന്ന സംഗതി അല്ല.
അഖില്‍ കവലയൂര്‍ (ETV Bharat) പുതിയ പ്രൊജക്‌ടുകള്‍ അജു വർഗീസ് നായകനാകുന്ന പടക്കുതിര എന്ന ചിത്രമാണ് ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞത്. മാത്യു തോമസ് നായകനാകുന്ന പുതിയ ചിത്രത്തിൽ ഉടൻ അഭിനയിച്ചു തുടങ്ങും. അഖിൽ കവലയൂർ പറഞ്ഞു നിർത്തി.
Also Read:ദുൽഖർ സല്‍മാന്‍റെ വേഫറര്‍ ഇനി ജി സി സി ലും സിനിമ വിതരണം ചെയ്യും;'ലക്കി ഭാസ്‌കര്‍' ആദ്യ ചിത്രം