29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. തലസ്ഥാന നഗരിയില്‍ ഡിസംബർ 13 മുതൽ 20 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുക. നിരവധി മികച്ച ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ മാറ്റുരയ്‌ക്കുക.
അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങളാണ് ഇത്തവ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക. 100 വർഷം പിന്നിടുന്ന അർമേനിയൻ സിനിമയോടുള്ള ആദര സൂചകമായാണിത്.
'അമേരിക്കറ്റ്സി', 'ഗേറ്റ് ടു ഹെവൻ', 'ലാബ്റിന്ത്', 'ലോസ്‌റ്റ് ഇൻ അർമേനിയ', 'പരാജ്നോവ്', 'ഷുഡ് ദി വിൻഡ് ഡ്രോപ്പ്', 'ദി ലൈറ്റ് ഹൗസ്' എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ മേളയിൽ പ്രദർശിപ്പിക്കുക. യുദ്ധത്തിൻ്റെയും കുടി ഇറക്കലിൻ്റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ സിനിമകൾ പ്രതിരോധം, സാംസ്‌കാരിക വൈവിധ്യം, സ്വത്വം, അതിജീവനം എന്നീ മനുഷ്യന്‍റെ അടിസ്ഥാനപരമായ ജീവിതത്തിന്‍റെ നേർക്കാഴ്‌ച്ചകളാണ് വരച്ചുകാട്ടുന്നത്.
സ്വവർഗാനുരാഗ കുറ്റത്തെ തുടര്‍ന്ന് 1940കളുടെ അവസാനത്തില്‍ ജയിലിൽ അടയ്ക്കപ്പെട്ട വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്‌നോവിന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ 'പരാജ്‌നോവ്' എന്ന ചിത്രം മേളയിലെ മുഖ്യ ആകർഷണമാകും.
വർഷങ്ങൾക്ക് മുൻപ് ചെയ്‌തുപോയ തെറ്റിനെ ഓർത്ത് പശ്ചാത്തപിക്കുന്ന മിലിട്ടറി മാധ്യമ ഉദ്യോഗസ്ഥനായ റോബർട്ട് എന്ന വ്യക്‌തിയുടെ കഥയാണ് ജിവാൻ അവേതിസ്യാൻ സംവിധാനം ചെയ്‌ത 'ഗേറ്റ് റ്റു ഹെവൻ' പറയുന്നത്.