തിരുവനന്തപുരം:29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത ചലച്ചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്‌മി ചടങ്ങില്‍ മുഖ്യാതിഥിയാകും.
ഹോങ്‌കോങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്കാണ് ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം സമര്‍പ്പിക്കും. കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉദ്ഘാടന വേദിയല്‍ അരങ്ങേറും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി വിഖ്യാത ബ്രസീലിയന്‍ സംവിധായക വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
സംവിധായക പായല്‍ കപാടിയക്കാണ് ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. സമാപന സമ്മേളനത്തിലാകും ഈ പുരസ്‌കാരം നല്‍കുക. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാകും 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ന് (ഡിസംബര്‍ 13) മുതല്‍ ഡിസംബര്‍ 20 വരെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.
സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ക്യൂറേറ്ററാകുന്ന മേളയില്‍ മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, ലോക സിനിമ, ഫെസ്‌റ്റിവല്‍ ഫേവറൈറ്റ്‌സ്, കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്‌ടീവ്, ദ ഫിമേല്‍ ഗേയ്‌സ്, ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍, റീസ്‌റ്റോര്‍ഡ് ക്‌ളാസിക്‌സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
മേള നടക്കുന്ന തിയേറ്ററുകളില്‍ സജ്ജീകരിച്ചിട്ടുള്ള വേദികളില്‍ ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്‌ടര്‍, അരവിന്ദന്‍ സ്‌മാരക പ്രഭാഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും ഉണ്ടാകും. 13,000 ലധികം ഡെലിഗേറ്റുകളും 100 ഓളം ചലച്ചിത്ര പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും.