കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേട്ടം കൊയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഹൃദു ഹാറൂണ്‍. എന്നാല്‍ ഹൃദു ഹാറൂൺ മലയാളിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സ് എന്ന തമിഴ് ചിത്രം, ആമസോണിൽ ക്രാഷ് കോഴ്സ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിലേക്ക് ഹൃദു ഹാറൂൺ അരങ്ങേറ്റം കുറിച്ച ചിത്രമാണ് മുറ.
തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂൺ മുറയിൽ അവതരിപ്പിച്ച അനന്ദു എന്ന കഥാപാത്രം പ്രേക്ഷകരുടെയും ദേശീയ-പ്രാദേശിക നിരൂപകരുടെയും മുക്ത കണ്ഠമായ പ്രശംസ ഏറ്റു വാങ്ങുകയാണ്. മുറ ഹൗസ് ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തരംഗമാകുകയാണ് തിയേറ്ററുകളിൽ.
തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ദേശീയ സംസ്ഥാന അവാർഡ് നേടിയ കപ്പേളയുടെ സംവിധായകൻ മുസ്തഫയുടെ കൂടെ ആയതിനാൽ ഏറെ സന്തോഷമുണ്ടെന്ന് ഹൃദു പറഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂട്, മാല പാർവതി ഒപ്പം മൊത്തം അഭിനേതാക്കളും ടെക്നിഷ്യൻസും നടത്തിയ കൂട്ടായ പ്രവർത്തനമാണ് മുറയുടെ വിജയത്തിന് പിന്നിൽ എന്ന് ഹൃദു കൂട്ടിച്ചേർത്തു.
ജോബിൻ ദാസ്, അനുജിത്ത് കണ്ണൻ, യദുകൃഷ്ണന്, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസന് ഉൾപ്പെടുന്ന ഞങ്ങൾ ആറുപേരുടെ സിനിമക്കകത്തും പുറത്തുമുള്ള സൗഹൃദം ഞങ്ങൾ ഓരോരുത്തർക്കും അവരവരുടെ പ്രകടനം മികച്ചതാക്കാൻ സഹായകമായി. മുറക്കും ഞങ്ങൾ ഓരോരുത്തർക്കും പ്രേക്ഷകർ നൽകുന്ന കൈയടി തന്നെയാണ് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ ഓരോരുത്തർക്കുമുള്ള പ്രജോദനമെന്നും ഹൃദു പറഞ്ഞു.