ഇടുക്കി രാമക്കൽമേട് കപ്പിത്താൻ പറമ്പിൽ സജിമോൻ സന്ധ്യ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മൂത്ത കുഞ്ഞ് അനിർവിന്യ, ഇളയവൻ ആവിർഭവ്. തമിഴ്‌നാട്ടിൽ ജീവിതം മുന്നോട്ട് പോകവേ കൊവിഡ് കാലമാണ് കുടുംബത്തെ കേരളത്തിലെ രാമക്കൽമേട്ടിലേക്ക് പറിച്ചു നടുന്നത്. രണ്ട് മക്കളും പാട്ടിന്‍റെ ലോകത്ത് ചിറകുവീശി പറക്കുമ്പോൾ ഇളയവൻ ആവിർഭവ് പറന്നു പറന്നു ആകാശം തൊട്ടു.
ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച സ്വകാര്യ ചാനലിന്‍റെ ഹിന്ദി റിയാലിറ്റി ഷോയിൽ ഗ്രാൻഡ് ഫിനാലെയിൽ കപ്പുയർത്തിയാണ് ഈ ഏഴ് വയസുകാരൻ ബോളിവുഡിന്‍റെ ഹൃദയത്തിൽ സ്‌പർശിച്ചത്. 'ബാബുക്കുട്ടൻ' എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ആവിർഭവിന്‍റെ സംഗീതയാത്ര ആരംഭിക്കുന്നത് രണ്ടാം വയസ് മുതലാണ്. സ്വകാര്യ തെലുഗു ചാനലിൽ സംപ്രേക്ഷണം ചെയ്‌ത് കൊണ്ടിരുന്ന സംഗീത റിയാലിറ്റി ഷോയിൽ സഹോദരി അനിർവിന്യയ്ക്ക് ആത്മബലം പകർന്നു നൽകാൻ വീട്ടുകാർക്കൊപ്പം പോയാണ് ലൈം ലൈറ്റിന്‍റെ ഭംഗിയിൽ സംഗീതത്തിന്‍റെ മായികലോകം ബാബുക്കുട്ടൻ എന്ന ആവിർഭവ് അനുഭവിച്ചറിയുന്നത്.
രണ്ട് വയസുകാരനായ ആവിർഭവ് ചേച്ചിക്ക് സംഗീതം പഠിപ്പിച്ചു നൽകുന്ന ഒരു ചെറിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ ഏറെയായി. ചേച്ചി പങ്കെടുത്തിരുന്ന അതേ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ആ പരിപാടിയിലെ പ്രേക്ഷകരെ രണ്ട് വയസുകാരന്‍റെ ആലാപനസൗകുമാര്യത്തിൽ അത്ഭുതപ്പെടുത്തുകയും ചെയ്‌തു.
മലയാളത്തിൽ എംജി ശ്രീകുമാർ അടക്കം വിധികർത്താക്കളായിരുന്ന റിയാലിറ്റി ഷോയിലേക്ക് ആയിരുന്നു പിന്നീട് ആവിർഭവിന്‍റെ അരങ്ങേറ്റം. മലയാളവും ഹിന്ദിയും തമിഴും തെലുഗും ഭാഷയുടെ അതിർവരമ്പുകൾ നാവിന് തടയിടാതെ സംഗീതഭാഷ്യത്തിൽ കേൾവിക്കാരന്‍റെ കാതുകളിൽ സ്വർഗീയ അനുഭൂതി സൃഷ്‌ടിച്ചു.