ചലച്ചിത്ര നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി നായികയായ 'ചാപ്പ കുത്ത്' പ്രദർശനത്തിനൊരുങ്ങുന്നു. നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത ഈ ചിത്രം ഏപ്രിൽ അഞ്ചിന് പ്രദർശനം ആരംഭിക്കും. നിരവധി ദേശീയ, അന്തർദേശീയ മേളകളിൽ കയ്യടി നേടിയ 'ചാപ്പ കുത്തി'ന്‍റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
തമിഴ് നടൻ ലോകേഷും 'ചാപ്പ കുത്ത്' സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോം സ്‌കോട്ടാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതേസമയം, അപൂർവ രാഗം, സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, ഇയ്യോബിന്‍റെ പുസ്‌തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാകും 'ചാപ്പ കുത്തി'ലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ജെ എസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ജോളി ഷിബുവാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സമൂഹം ഒരു വ്യക്തിയോട് കാണിക്കുന്ന അവഗണനയും ഒറ്റപ്പെടലിൽ അയാൾ കടന്നുപോകുന്ന മാനസിക വ്യഥകളുമാണ് ചാപ്പ കുത്ത് ദൃശ്യവൽക്കരിക്കുന്നത് എന്നാണ് വിവരം. ഇതിനോടകം നാല്‍പതോളം ദേശീയ, അന്തർദേശീയ മേളകളില്‍ ചാപ്പ കുത്ത് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.