ജിവി പ്രകാശ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍വൻ'. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ നാലിന് 'കല്‍വൻ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പിവി ശങ്കറാണ് ഈ സിനിമയുടെ സംവിധായകൻ. കാടിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'കല്‍വൻ' സിനിമയുടെ ഒടിടി റൈറ്റ്‍സ് ഇതിനോടകം വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകൾ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇവാനയാണ് 'കല്‍വൻ' സിനിമയിലെ നായിക. ഭാരതി രാജ, ധീന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ പിവി ശങ്കർ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കലാസംവിധാനം എൻ കെ രാഹുലും നിർവഹിക്കുന്നു.
'റെബൽ' ആണ് ജിവി പ്രകാശ് കുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. മലയാളി താരം മമിത ബൈജുവാണ് ഈ ചിത്രത്തിൽ നായികയായി എത്തിയത്. നികേഷ് ആര്‍എസ് സംവിധാനം ചെയ്‌ത 'റെബലി'നായും ജിവി പ്രകാശ് കുമാര്‍ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചത്.
അതേസമയം 'ഇടിമുഴക്കം' ആണ് ജിവി പ്രകാശ് കുമാറിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സീനു രാമസ്വാമിയാണ് ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത 'ഇടിമുഴക്ക'ത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമയുടെ പ്രമേയം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഗായത്രിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. കലൈമകൻ മുബാറക്കാണ് നിര്‍മാണം. തേനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന 'ഇടിമുഴക്കം' സിനിമയ്‌ക്കായി സംഗീതം ഒരുക്കുന്നത് എൻആര്‍ രഘുനന്ദനാണ്.
ALSO READ:റൊമാന്‍റിക് കോമഡി സിനിമയുമായി ജി വി പ്രകാശ് കുമാറും ഐശ്വര്യ രാജേഷും ; 'ഡിയർ' വരുന്നു - DEAR MOVIE RELEASE DATE