ജി വി പ്രകാശ് കുമാറും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം വരുന്നു. ആനന്ദ് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍' എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്നത്. റൊമാന്‍റിക് - കോമഡി എന്‍റർടെയിനർ സിനിമയായി അണിയിച്ചൊരുക്കിയ 'ഡിയറി'ന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഏപ്രില്‍ 11ന് തിയേറ്ററുകളിലൂടെ ചിത്രം പ്രേക്ഷകർക്കരികിൽ എത്തും.
സംവിധായകൻ ആനന്ദ് രവിചന്ദ്രന്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് 'ഡിയർ' സിനിമയുടെ നിർമാണം. രോഹിണി, തലൈവാസൽ വിജയ് എന്നിവരും ഡിയറിൽ പ്രധാന വേഷങ്ങളിലുണ്ട്.
നായകനായ ജി വി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിർവഹിക്കുന്നത്. കാര്‍ത്തിക് നേത, അറിവ്, ഏകദേശി, ജികെബി, വിണ്ണുലക കവി എന്നിവരാണ് ഗാനരചന. ജഗദീഷ് സുന്ദരമൂര്‍ത്തി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രുകേഷ് ആണ്. കലാസംവിധാനം പ്രഗതീശ്വരന്‍ പണീര്‍സെല്‍വവും നിർവഹിക്കുന്നു.
സൗണ്ട് മിക്‌സിങ് - രാഘവ് രമേശ്, സൗണ്ട് ഡിസൈന്‍ - രാഘവ് രമേശ്, ഹരിപ്രസാദ് എം എ, സൗണ്ട് മിക്‌സ് - ഉദയ് കുമാര്‍ ടി, വസ്‌ത്രാലങ്കാരം - അനുഷ മീനാക്ഷി നൃത്തസംവിധാനം - രാജു സുന്ദരം, ബ്രിന്ദ, അസര്‍ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. അതേസമയം 'റെബല്‍' ആണ് ജി വി പ്രകാശ് കുമാർ നായകനായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. 'പ്രേമലു'വിലൂടെ മറുഭാഷ പ്രേക്ഷകര്‍ക്കിടയിലും പ്രിയങ്കരിയായ മമിത ബൈജുവാണ് ഈ ചിത്രത്തിലെ നായിക. മമിത ബൈജുവിന്‍റെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.
നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്‌ത 'റെബല്‍' സിനിമയിൽ കേരളത്തിലെ കോളജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവിന്‍റെ കഥാപാത്രത്തെയാണ് ജി വി പ്രകാശ് കുമാർ അവതരിപ്പിച്ചത്. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്‌കർ, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരും 'റെബലി'ൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്. ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിര്‍വഹിച്ചത്.