ഹൈദരാബാദ്: 11 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഗായകനും നടനുമായ ജിവി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും. ജിവി പ്രകാശ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കവെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്.
വ്യക്തിപരമായ കാരണങ്ങളാണ് വേര്‍പിരിയലിന് പിന്നില്‍ എന്നും പരസ്‌പര ധാരണയോടെ എടുത്ത തീരുമാനമാണെന്നും പ്രസ്‌താവനയിൽ പറയുന്നു. 'ഞങ്ങൾ അകലുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, എന്നാൽ ഇതാണ് മികച്ച തീരുമാനം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ പിന്തുണയും മനസിലാക്കലും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, നന്ദി'.
'ഈ വ്യക്തിപരമായ മാറ്റത്തിനിടയില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും തയ്യാറാവണം എന്ന് ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു'- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്‌താവന അവസാനിപ്പിച്ചത്.