എറണാകുളം:ദി പ്ലാൻ ബി എന്‍റർടൈൻമെന്‍റ്‌സിന്‍റെ ബാനറിൽ ബാലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗുഡ് ഫ്രൈഡേ'. ചിത്രത്തിന്‍റെ ടൈറ്റിൽ റിവീൽ ഇന്ന് (ഓഗസ്‌റ്റ് 8) രാവിലെ കൊച്ചിയിൽ നടന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ ശ്രദ്ധേയനായ റോക്കി പ്രധാന വേഷത്തിൽ എത്തുന്നു എന്ന തരത്തിൽ ചിത്രം സോഷ്യൽ മീഡിയയിൽ പൂജ കഴിഞ്ഞത് മുതൽ ജനശ്രദ്ധ നേടിയിരുന്നു.
എന്നാൽ, സിനിമയുടെ പൂജ കഴിഞ്ഞ നാൾ മുതൽ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയിയിൽ പല നെഗറ്റീവ് പ്രചാരണങ്ങളും ഉണ്ടായിരുന്നു. പ്രസിദ്ധ സിനിമ നിർമാണ കമ്പനിയായ പ്ലാൻ ബി മോഷൻ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം എന്നുള്ള രീതിയിലും ആ ചിത്രത്തിൽ ബിഗ്ബോസ് മത്സരാർഥിയായ റോക്കിയെ നായക വേഷത്തിൽ അഭിനയിപ്പിക്കുന്നു എന്നതുമാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചത്. എന്നാൽ പ്ലാൻ ബാലു എന്ന പേരിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത് എന്ന് സംവിധായകൻ ബാലു എസ് നായർ ഇന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ലോഗോയിൽ പ്ലാൻ ബി എന്‍റർടൈൻമെന്‍റ്‌സ് എന്നാണ് കാണിച്ചിട്ടുള്ളത്. നിരവധി ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോയും മറ്റ് അനുബന്ധ പ്രൊഡക്ഷനുകളും വർഷങ്ങളായി നിർമ്മിച്ചുവരുന്ന കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മാത്രമല്ല റോക്കി ഈ ചിത്രത്തിലെ നായകനാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും സംവിധായകൻ പ്രതികരിച്ചു.