അല്ലു അര്‍ജുന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം 'പുഷ്‌പ2: ദി റൂള്‍' എന്ന ചിത്രത്തിന് ശേഷം തെലുഗ് സിനിമാ മേഖലയില്‍ നിന്നും മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'ഗെയിം ചെയ്ഞ്ചര്‍' ആണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഈ വര്‍ഷത്തെ ബിഗ് ബഡ്‌ജറ്റ് ചിത്രമായതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷയും വാനോളമാണ്.
'ഇന്ത്യന്‍ 2' എന്ന ചിത്രത്തിന് ശേഷം ശങ്കറിന്‍റെ മറ്റൊരു ചിത്രമാണിത്. രാം ചരണ്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സോളോ ഹീറോയായി രാം ചരണ്‍ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
'ഗെയിം ചെയ്ഞ്ചറിന്‍റെ' ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്‍റര്‍ടെയന്‍മെന്‍റ്സ് ആണ്. അല്ലു അർജുന്റെ പുഷ്‌പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്‍റര്‍ടെയന്‍മെന്‍റ്സ് ആയിരുന്നു.
തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ അതിരാവിലെ തന്നെ പ്രദര്‍ശനം നടന്നിരുന്നു. ആദ്യത്തെ ഷോ അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള റിവ്യു നിറയുകയാണ്.
നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണം പങ്കുവയ്ക്കുന്നത്. എന്നാല്‍ സമ്മിശ്ര പ്രതികരണവും ചിത്രത്തിന് വരുന്നുണ്ട്.
ഏതാണ്ട് 450 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒന്നാം പകുതി ആവറേജാണെന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ കരുത്ത് എന്നാണ് ഒരു പ്രേക്ഷകന്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തമിഴ് ട്രാക്കര്‍ മനോബാല വിജയബാലന്‍ ശങ്കറിന്‍റെ തിരിച്ചുവരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. നാല് സ്റ്റാര്‍ റൈറ്റിംഗും ചിത്രത്തിന് നല്‍കുന്നുണ്ട്.