19-ാം വയസ്സില്‍ ആദ്യ ജോലിയില്‍ പ്രവേശനം.. പ്രതിസന്ധികള്‍ക്കിടെ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം. നേരെ വിട്ടത് ധ്യാന്‍ ശ്രീനിവാസന്‍റെ വീട്ടിലേയ്‌ക്ക്.. പിന്നീട് നടന്നത് അത്‌ഭുതം.. അത് വഴിയെ പറയാം. ഇത് ആരുടെ കഥ എന്നല്ലേ..? ഇത് കഥയല്ല, യഥാര്‍ത്ഥ ജീവിതമാണ്. മലയാള സിനിമയിലെ ആദ്യ വനിതാ പോസ്‌റ്റര്‍ ഡിസൈനറുടെ കഥയാണിത്. നാട്ടിന്‍പ്പുറത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച റോസ്‌മേരി ലില്ലുവിന്‍റെ കഥ.
കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്തും സിനിമയ്‌ക്ക് വേണ്ടി സ്വന്തം ജോലി ഉപേക്ഷിച്ച പെണ്‍ക്കുട്ടി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഈ മേഖലയില്‍ സജീവമാണ് കണ്ണൂര്‍ സ്വദേശിനിയായ റോസ്‌മേരി ലില്ലു. ചെറുപ്രായത്തില്‍ തന്നെ ജീവിതത്തിന്‍റെ ചൂടറിഞ്ഞ റോസ്‌മേരി കൗമാരപ്രായത്തില്‍ തന്നെ സ്വന്തമായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി.
സിനിമ എന്ന മാസ്‌മരിക ലോകത്തേയ്‌ക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടോ? സിനിമയില്‍ അഭിനയിക്കണമെന്നും ക്യാമറയ്‌ക്ക് മുന്നില്‍ തിളങ്ങണമെന്നുമാണ് പലരുടെയും സ്വപ്‌നം. ക്യാമറയ്‌ക്ക് മുന്നില്‍ മാത്രമല്ല, പിന്നില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരും നമ്മുക്കിടയിലുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് റോസ്‌മേരി ലില്ലു. മലയാള സിനിമയില്‍ ഇതാദ്യം.. മലയാള സിനിമയിലെ ആദ്യ വനിതാ പോസ്‌റ്റര്‍ ഡിസൈനര്‍, അറിയപ്പെടുന്ന ഗ്രാഫിക് ആര്‍ട്ടിസ്‌റ്റ്. തന്‍റെ കെരിയര്‍ സിനിമ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് റോസ്‌മേരി ലില്ലു.
ഭ്രാന്തമായ അഡിക്ഷന്‍
ചെറുപ്പം മുതല്‍ സിനിമ കാണുന്ന കൂട്ടുത്തിലായിരുന്നു റോസ്‌മേരി. സിനിമയോട് ഭയങ്കര അഡിക്‌ട് ആയിരുന്നു. സിനിമ മാത്രമല്ല, സിനിമാ മാസികകളും വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഏത് സിനിമയെ കുറിച്ച് ചോദിച്ചാലും ആ ചിത്രം റോസ്‌മേരി അതിന് മുമ്പേ കണ്ടിട്ടുണ്ടാകും. അയല്‍വക്കത്തെ വീട്ടിലും മറ്റും പോയാണ് സിനിമ കണ്ടിരുന്നുത്.
സിനിമാ പേരിനിടെ സ്‌ട്രൈക്കായ ആ പേര്..
കുട്ടിക്കാലത്ത് സിനിമ കാണുന്നതിനിടെ മനസ്സില്‍ തറച്ച ഒരു പേരിനെ കുറിച്ചും റോസ്‌മേരി പങ്കുവച്ചു. "ചെറുപ്പത്തില്‍ സിനിമ കാണുമ്പോള്‍ സിനിമയില്‍ പേരെഴുതി കാണിക്കുന്ന സമയത്ത് പിആര്‍ഒ വാഴൂര്‍ ജോസ് എന്ന പേര് ഭയങ്കരമായി സ്‌ട്രൈക്ക് ചെയ്‌തിരുന്നു. അതിന് കാരണം അറിയില്ല. കുഞ്ഞിലെ മുതല്‍ ആ പേര് മനസ്സിലുണ്ട്. എന്‍റെ പേരും ഇതുപോലെ സിനിമയില്‍ എഴിതിക്കാണിക്കണമെന്ന ആഗ്രഹം അന്ന് മുതല്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഒരു തവണ സാറിനെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് തുറന്നു പറഞ്ഞിരുന്നു. ഡിസൈനര്‍ ആകണം എന്നില്ലായിരുന്നു, ഏതുവിധേനയും സിനിമയില്‍ എത്തണം. സംവിധാനം ആയിരുന്നു ആദ്യ മോഹം. പിന്നീടത് മാറി മാറി ഡിസൈനിലേക്ക് എത്തി," റോസ്‌മേരി പറഞ്ഞു.
ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിക്കും ലാലേട്ടനും ഒപ്പം..
ഏതൊരു ഡിസൈനറെ പോലെയും മമ്മൂക്കയുടെയും ലാലേട്ടന്‍റെയും സിനിമകള്‍ ചെയ്യണമെന്നത് തന്‍റെയും വലിയ ആഗ്രഹമാണെന്നാണ് റോസ്‌മേരി പറയുന്നത്. "നേരിലൂടെ ലാലേട്ടന്‍റെ ചിത്രം ചെയ്യാനായി. ഇരുവരുടെയും സിനിമകളില്‍ അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു," റോസ്‌മേരി പറഞ്ഞു.
പരിചയത്തിലൂടെ അവസരം..
കോണ്‍ടാക്‌ടുകള്‍ വഴിയാണ് റോസ്‌മേരിക്ക് ഇതുവരെ സിനിമയില്‍ അവസരം ലഭിച്ചിട്ടുള്ളത്. ഇക്കാര്യം റോസ്‌മേരി തന്നെയാണ് വ്യക്‌തമാക്കുന്നത്. "എന്‍റെ കോണ്‍ടാക്‌ടുകള്‍ വഴിയാണ് ഇതുവരെ സിനിമയില്‍ അവസരം ലഭിച്ചിട്ടുള്ളത്. ആദ്യ സിനിമ 'കവി ഉദ്ദേശിച്ചത്' ആണ്. ഫാന്‍മെയിഡ് പോസ്‌റ്റര്‍ കണ്ടിട്ടാണ് ഈ സിനിമയില്‍ അവസരം ലഭിക്കുന്നത്. ഈ ഫീല്‍ഡില്‍ കുറച്ച് നാളായി.. അതുകൊണ്ട് പ്രൊമോഷന്‍ വര്‍ക്കുകളും ചെയ്യുമായിരുന്നു. അങ്ങനെ പരിചയം ഉള്ളവര്‍ വഴിയാണ് എനിക്ക് വര്‍ക്ക് വന്നിട്ടുള്ളത്. പിന്നെ എന്‍ക്വയര്‍ ചെയ്‌തും വരാറുണ്ട്," റോസ്‌മേരി പറഞ്ഞു.
ഫാന്‍ മെയിഡിലൂടെ ടൈറ്റില്‍ ഡിസൈനിലേക്ക്
കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത റോസ്‌മേരിയുടെ കണ്ണിലുടക്കിയിരുന്നു. ഈ സിനിമയില്‍ ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് അഭിനയിക്കുന്നതും. ഇതിന് പിന്നാലെ ഈ മൂന്നാളെയും വച്ച് നാട്ടിന്‍പ്പുറം പശ്ചാത്തലമാക്കി റോസ്‌മേരി ആര്‍ട്ട് ഫോമിലുള്ള ഒരു ഫാന്‍മെയിഡ് പോസ്‌റ്റര്‍ ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സംവിധായകന്‍ ലിജു തോമസ് ഈ പോസ്‌റ്റര്‍ കാണാനിടയായി. തുടര്‍ന്ന് സംവിധായകന്‍ റോസ്‌മേരിയെ ബന്ധപ്പെടുകയും സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാനുള്ള ദൗത്യവും ഏല്‍പ്പിച്ചു. ഇതുകൂടാതെ മറ്റ് കുറച്ച് പോസ്‌റ്ററുകളും ചെയ്യാനേല്‍പ്പിച്ചിരുന്നു. ഇതാണ് റോസ്‌മേരിയുടെ സിനിമയിലേയ്‌ക്കുള്ള പ്രവേശനം.
പോസ്‌റ്റര്‍ ഡിസൈനിംഗ് മാത്രമല്ല, മിനിമല്‍ പോസ്‌റ്റര്‍, സ്‌റ്റോറി ബോര്‍ഡ് റൈറ്റിംഗ് എന്നിവയിലും അനായാസം കൈവഴങ്ങും റോസ്‌മേരിക്ക്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ റോസ്‌മേരി പോസ്‌റ്റര്‍ ഡിസൈനിംഗില്‍ തന്‍റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചു.
സിനിമയുടെ വാതില്‍ തുറന്ന വെക്‌ടര്‍ ആര്‍ട്ട്
വെക്‌ടര്‍ ആര്‍ട്ടിലൂടെയാണ് റോസ്‌മേരി ലില്ലു മലയാള സിനിമയില്‍ എത്തുന്നത്. 2015-2016ല്‍ മലയാള സിനിമ താരങ്ങളുടെ വെക്‌ടര്‍ ആര്‍ട്ടുകള്‍ ചെയ്‌തിരുന്നു. ആസിഫ് അലി, അജു വര്‍ഗ്ഗീസ്, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ് തുടങ്ങി അഭിനേതാക്കളുടെ വെക്‌ടര്‍ ആര്‍ട്ടുകള്‍ ചെയ്‌ത ശേഷം റോസ്‌മേരി തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെ ആളുകള്‍ ഈ കൊച്ച് കലാകാരിയെ അറിഞ്ഞുതുടങ്ങി. കൂടാതെ സിനിമ പ്രൊമോഷനിടെ താരങ്ങളുടെ ഫോട്ടോകളും റോസ്‌മേരി എടുക്കുമായിരുന്നു. ആ ചിത്രങ്ങള്‍ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മെന്‍ഷന്‍ ചെയ്‌ത് ഷെയര്‍ ചെയ്യുമായിരുന്നു. ഇതും റോസ്‌മേരി ലില്ലു എന്ന പേര് ശ്രദ്ധിക്കപ്പെടാന്‍ ഒരു കാരണമായി
ഡിസൈനിംഗ് തിരഞ്ഞെടുത്തിന് പിന്നില്‍..
"എന്‍റെ വീട് കണ്ണൂര്‍ ജില്ലയിലെ കുടിയാന്‍മലയിലെ ഒരു മലയോര മേഖലയിലാണ്. എന്നാല്‍ ജോലിസംബന്ധമായി കൊച്ചിയിലാണ് താമസം. വീട്ടില്‍ പപ്പയും മമ്മയും ചേട്ടായിയും ഭാര്യയും ഉണ്ട്.. ഞങ്ങള്‍ സാധാരണ ഒരു കുടുംബമാണ്. കാലിക്കട്ട് വിസ്‌മയ കോളേജില്‍ ബിഎംഎംസി മള്‍ട്ടി മീഡിയ കമ്മ്യൂണിക്കേഷന്‍സ് ആണ് പഠിച്ചത്. ഈ കോഴ്‌സിനോടും ജോലിയോടും എല്ലാത്തിനും കുടുംബം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പപ്പയുടെ അനിയനാണ് ഇതിലേക്ക് എന്നെ എത്തിച്ചത്. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ പറഞ്ഞിരുന്നു, നഴ്‌സിംഗിനോടോ ബികോമിനോ ഒന്നും എനിക്ക് താല്‍പ്പര്യം ഇല്ലെന്ന്. ഡിസൈനിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്‌സോ ജോലിയോ മതിയെന്നും," റോസ്‌മേരി ലില്ലു പറഞ്ഞു.
ഫോക്കസ് ഡിസൈനിംഗിനോട്..
"പപ്പയുടെ അനിയന്‍ ആര്‍ട്ടിസ്‌റ്റാണ്. ഇതും ഈ മേഖലയോട് താല്‍പ്പര്യം തോന്നാന്‍ കാരണമായി. പഠനം കഴിഞ്ഞ് ഇന്‍റേണ്‍ഷിപ്പ് ചെയ്‌തതും ഡിസൈനിംഗില്‍ തന്നെയായിരുന്നു. വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ഫിലിം മേക്കിംഗ്, ഡിസൈനിംഗ് എല്ലാം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഫോക്കസ് ചെയ്‌തിരുന്നത് ഡിസൈനിംഗ് ആയിരുന്നു. പെട്ടെന്ന് ജോലി കിട്ടുന്നതും ഡിസൈനിംഗില്‍ ആയിരുന്നു. അതും ഒരു കാരണമാണ്. ഒരു സിനിമ പശ്ചാത്തലവും ഇല്ലാതെ ഇതുവരെ എത്തിയതില്‍ എല്ലാവര്‍ക്കും എന്നെക്കുറിച്ച് അഭിമാനം മാത്രമെ ഉള്ളൂ," റോസ്‌മേരി കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക അനൗദ്യോഗിക വര്‍ക്കുകള്‍..
സിനിമയില്‍ പോസ്‌റ്റര്‍ ഡിസൈനിംഗില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല റോസ്‌മേരി ലുല്ലുവിന്‍റെ ലോകം. ഔദ്യോഗിക ഡിസൈനിംഗ് അല്ലാതെ സ്‌കൈലാര്‍ക്ക്‌സ് എന്‍റര്‍ടെയിന്‍മെന്‍റ്‌സ് എന്ന യൂട്യൂബ് ചാനല്‍, ഷോര്‍ട്ട്‌സ് ട്യൂബ് എന്ന കമ്പനി എന്നിവയുടെ പാര്‍ട്ട്‌ണര്‍ കൂടിയാണ്. സ്‌കൈലാര്‍ക്ക്‌സ് എന്‍റര്‍ടെയിന്‍മെന്‍റ്‌സിന് വേണ്ടി അഭിമുഖങ്ങളും പ്രൊമോഷന്‍ കാര്യങ്ങളും ഷോര്‍ട്ട്‌സ് ട്യൂബിന് വേണ്ടി ഡിജിറ്റില്‍ മാര്‍ക്കറിംഗുമാണ് ചെയ്യുന്നത്. രണ്ടിടത്തും ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, കണ്ടന്‍റ് ക്രിയേഷന്‍സ് എന്നിവ ചെയ്യാറുണ്ട്.
വര്‍ക്ക് ലഭിച്ച ശേഷമുള്ള തയ്യാറെടുപ്പുകള്‍
"ഔദ്യോഗിക പോസ്‌റ്ററുകള്‍ ഒരു സമയത്ത് ഒരെണ്ണം മാത്രമെ ചെയ്യാറുള്ളു. അതേസമയം ഓണ്‍ലൈന്‍ പ്രൊമോഷനാണെങ്കില്‍ ഒരു സമയത്ത് രണ്ടോ മൂന്നോ ചെയ്യും. ഔദ്യോഗികമായി വരുന്ന സമയത്ത് അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാം മുന്‍കൂട്ടി ചെയ്‌ത് വയ്‌ക്കും. ഒരു വര്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ ആദ്യം അവര്‍ നമ്മോട് കഥയും തീമും കാര്യങ്ങളും പറയും. അതുകഴിഞ്ഞ് ആദ്യം ടൈറ്റിലാകും ചെയ്യുക. രണ്ട് ദിവസമെടുത്ത് ടൈറ്റിലിന്‍റെ സാമ്പിള്‍സ് കൊടുക്കും. അതവര്‍ സെലക്‌ട് ചെയ്‌ത ശേഷം ടൈറ്റില്‍ നന്നായി ഫൈനല്‍ ഔട്ട് ചെയ്‌ത് കൊടുക്കും. അതുകഴിഞ്ഞ് പോസ്‌റ്ററിന്‍റെ തീം സെറ്റ് ചെയ്‌ത് അവര്‍ കണ്‍ഫോം ചെയ്‌ത് കഴിഞ്ഞാല്‍ ആ രീതിയില്‍ വര്‍ക്ക് നടക്കും," റോസ്‌മേരി ലുല്ലു വിശദീകരിച്ചു.
മോഹന്‍ലാലിന്‍റെ 'നേര്', നിവിന്‍ പോളിയുടെ 'ലൗ ആക്ഷന്‍ ഡ്രാമ', ആസിഫ് അലിയുടെ 'എല്ലാം ശരിയാകും', 'കവി ഉദ്ദേശിച്ച്' തുടങ്ങി നിരവധി സിനിമകള്‍ക്ക് പോസ്‌റ്റര്‍ ഡിസൈനിംഗ് ചെയ്‌തു കൊണ്ടാണ് ഈ കലാകാരി മലയാള സിനിമയില്‍ പേരെടുത്തത്. ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് റോസ്‌മേരി ആദ്യമായി പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്‌തത്.
ആശിര്‍വാദ് സിനിമാസും നേരും..
സിനിമയില്‍ റോസ്‌മേരി ലില്ലു എന്ന പേര് കൂടുതല്‍ ആളുകള്‍ക്കിടയില്‍ ചര്‍ച്ചച്ചെയ്യാന്‍ ഇടയായത് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'നേരി'ന് ശേഷമാണ്. 'നേരി'ന്‍റെ അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ ഉള്‍പ്പെടെ ഫസ്‌റ്റ് ലുക്ക് ഔദ്യോഗിക പോസ്‌റ്ററുകള്‍ ചെയ്‌തത് റോസ്‌മേരിയാണ്. മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റിലീസായ 'ബറോസി'ന് വേണ്ടിയും ഏതാനും ഓണ്‍ലൈന്‍ പ്രൊമോഷന്‍ പോസ്‌റ്ററുകള്‍ ചെയ്‌തിരുന്നു.
"ഏകദേശം ഒരു വര്‍ഷമായി ആശിര്‍വാദ് സിനിമാസിന് വേണ്ടിയും വര്‍ക്ക് ചെയ്യുകയാണ്. എന്നാല്‍ 'നേര്' മാത്രമാണ് ആശിര്‍വാദിന്‍റെ കീഴില്‍ ചെയ്‌തിട്ടുള്ളത്. ആശിര്‍വാദിന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍, യൂട്യൂബ് ചാനലിന് വേണ്ട കണ്ടന്‍റുകള്‍ എന്നിവയും ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ ചെയ്യുന്ന സമയത്താണ് 'നേരി'ലേക്ക് അവസരം ലഭിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടി ഒരു അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ ചെയ്‌തു. അത് ഇഷ്‌ടപ്പെട്ട ശേഷം ഔദ്യോഗിക പോസ്‌റ്ററും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ചെയ്യാനുള്ള അവസരം ഉണ്ടായി. ഒടുവില്‍ ഔദ്യോഗിക പോസ്‌റ്ററും ചെയ്‌തു,"റോസ്‌മേരി പറഞ്ഞു.