കേരളം

kerala

'മണിച്ചേട്ടന്‍റെ അവസാന ഓണം എന്നോടൊപ്പം'; കിഷോറിന്‍റെ സിനിമ പാചക വിശേഷങ്ങൾ - Kishore shared his Onam memories

By ETV Bharat Entertainment Team

Published : Sep 14, 2024, 10:39 AM IST

സിനിമ-സീരിയല്‍ ആര്‍ട്ടിസ്‌റ്റ് കിഷോര്‍ തന്‍റെ ഓണ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയും ഒന്നിച്ചുള്ള ഓണം വിശേഷങ്ങള്‍ ഓര്‍ത്തെടുത്ത് കിഷോര്‍. കിഷോറിന്‍റെ സംരംഭമായ അമ്മ വീട് റെസ്‌റ്റോറന്‍റിനെ കുറിച്ചും നടന്‍ സംസാരിച്ചു.

FILM SERIAL ARTIST KISHORE  KISHORE  കിഷോറിന്‍റെ സിനിമ പാചക വിശേഷങ്ങൾ  കിഷോര്‍
Kishore (ETV Bharat)

Kishore shared his Onam memories (ETV Bharat)

സിനിമ-സീരിയല്‍-സ്‌റ്റേജ് പരിപാടികളിലൂടെ മലയാളിക്ക് സുപരിചിതനാണ് കിഷോർ. അഭിനയത്തില്‍ മാത്രമല്ല, പാചകത്തിലും കിഷോറിന് കൈവഴങ്ങും. പാചക പരിപാടികളിൽ കിഷോറിന്‍റെ അവതരണത്തെ മലയാളികൾ എന്നും നെഞ്ചോട് ചേർത്തിരുന്നു. കിഷോറിന്‍റെ സംരംഭമായ അമ്മ വീട് റെസ്‌റ്റോറന്‍റ്, അദ്ദേഹത്തിന്‍റെ തന്നെ യൂട്യൂബ് വ്‌ളോഗുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ കിഷോറിന്‍റെ ഓണ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് നടന്‍.

മുതലാളി തൊഴിലാളി എന്ന വേർതിരിവില്ലാത്ത സ്ഥാപനമാണ് കിഷോറിന്‍റെ അമ്മവീട്. അടുക്കളയിലേയ്‌ക്ക് ആർക്കും കയറിച്ചെല്ലാം. തൊഴിലാളികൾക്കിടയിൽ മുതലാളിയായ കിഷോറിനെ പെട്ടെന്ന് കണ്ണിൽപ്പെടുകയും ഇല്ല. എന്നാല്‍ തൊഴിലാളികളിൽ ഒരാളായി എല്ലാ കാര്യങ്ങൾക്കും കിഷോര്‍ മുൻപന്തിയിൽ ഉണ്ടാകും.

Kishore (ETV Bharat)

ഓണത്തിന് മാത്രമല്ല, എല്ലാ ദിവസവും അമ്മ വീട്ടിൽ നല്ല ഉഗ്രൻ സദ്യ ഉണ്ടാകും. ഈ ഓണത്തിന് കിഷോറിന് മലയാളികളോട് പറയാനുള്ള ഒരോയൊരു കാര്യം, തോരൻ ഉണ്ടാക്കുമ്പോൾ കാബേജ് ഒഴിവാക്കുക എന്നുള്ളതാണ്. കിഷോറിന്‍റെ അഭിപ്രായത്തിൽ കാബേജ്, അത്ര നല്ല പച്ചക്കറി അല്ല. തോരന്‍റെ സ്വാഭാവിക രുചി കാബേജ് നഷ്‌ടപ്പെടുത്തും. ഒപ്പം മറ്റ് പച്ചക്കറികൾ തരുന്ന പോഷക മൂല്യങ്ങൾ ഒന്നും തന്നെ കാബേജിൽ ഇല്ല.

പകരം അമ്മവീട് സ്പെഷ്യൽ തോരൻ കിഷോർ പരിചയപ്പെടുത്തി. നല്ല ക്യാരറ്റും അമരക്കയും ചേർത്ത് തോരൻ ഉണ്ടാക്കാം. കോളിഫ്ലവറും, ബീൻസും സവാളയും ഒക്കെ ചേർത്തുള്ള ഒരു തോരൻ കിഷോർ ഇടിവി ഭാരതിന് പരിചയപ്പെടുത്തി.

Kishore (ETV Bharat)

'തോരൻ ഉണ്ടാക്കാൻ മലയാളിയെ പഠിപ്പിക്കേണ്ട കാര്യമില്ല. എന്തുണ്ടാക്കിയാലും അതിന്‍റെ പാചക രീതിയിൽ ശ്രദ്ധിച്ചാൽ മതി. തോരൻ ഉണ്ടാക്കുമ്പോൾ അവസാനം മാത്രമെ തേങ്ങ ചേർക്കാൻ പാടുള്ളൂ. മാത്രമല്ല, ചെറു തീയിൽ വേവിച്ച് പച്ചക്കറികൾ കുഴയുന്നതിന് മുമ്പ് കോരി മാറ്റണം. മസാലകളൊക്കെ പാകം പോലെ മനസ്സിനിണങ്ങിയ രീതിയിൽ ചേർക്കാം.' പാചകം ചെയ്‌തു കൊണ്ടാണ് കിഷോറിന്‍റെ സംസാരം.

Kalabhavan Mani (ETV Bharat)

'കലാഭവൻ മണി മരിക്കുന്നതിന് തൊട്ടു മുമ്പുള്ള ഓണക്കാലത്ത് ഒരുമിച്ചുണ്ടായിരുന്നു. ഒരു പ്രമുഖ സാറ്റലൈറ്റ് ചാനലിന് വേണ്ടിയുള്ള പരിപാടിയിൽ കലാഭവൻ മണിക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ എത്തിയത് ഞാനായിരുന്നു. അന്ന് പ്രശസ്‌ത കലാകാരി സുബിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ, ഈയൊരു ഓണക്കാലത്ത് അവരെ കുറിച്ച് ഓർക്കുമ്പോൾ രണ്ടു പേരും ഒപ്പമില്ല എന്ന സങ്കടം മാത്രം.

Sumi (ETV Bharat)

ആ ഓണക്കാലത്ത് മണിച്ചേട്ടനുമായി വിദേശ യാത്ര നടത്തിയിരുന്നു. ഓണത്തിന് വിദേശത്ത് പോയി കപ്പയും മീൻ കറിയും കഴിച്ചു. മണിച്ചേട്ടൻ രാത്രി ആയാൽ സ്വന്തം മുറിയിൽ ഒറ്റയ്ക്ക് കിടക്കില്ല. ഞാനും ആർട്ടിസ്‌റ്റ് ബൈജു ജോസും മണിച്ചേട്ടനോടൊപ്പം യാത്ര ചെയ്‌തിരുന്നു. മണിച്ചേട്ടൻ സ്വന്തം മുറി ഉപേക്ഷിച്ച് ഞങ്ങളോടൊപ്പമാണ് രാത്രി ചിലവഴിക്കുക. തമാശകൾ പറയും. എല്ലാ ഓണക്കാലത്തും മണി ചേട്ടൻ പാചകം ചെയ്യുകയാണെങ്കിൽ ഞങ്ങളെ ക്ഷണിക്കാറുണ്ട്. മണിച്ചേട്ടൻ എന്തുണ്ടാക്കിയാലും അതിന് മണിച്ചേട്ടന്‍റെ ഒരു സ്‌റ്റൈൽ ഉണ്ടാകും.

ഓണക്കാലമായാൽ പിന്നെ ഞങ്ങളെ പോലുള്ള കലാകാരന്‍മാർക്ക് ചാകരയാണ്. സ്‌റ്റേജ് പരിപാടികൾ കൊണ്ട് നിൽക്കാൻ സമയമില്ലാതാകും. പലപ്പോഴും പല പരിപാടികൾക്കും സമയത്ത് എത്താറില്ല. മിക്ക കമ്മിറ്റിക്കാരുടെ കയ്യിൽ നിന്നും തല്ലു കിട്ടാറുണ്ട്. അതാണ് ഓണത്തല്ലിനെ കുറിച്ചുള്ള ഓർമ്മ.' -കിഷോർ ചിരിച്ചുകൊണ്ട് പറഞ്ഞു.

'അധ്യാപകന്‍ ആയിരുന്നുത് കൊണ്ടു തന്നെ കുട്ടികളും ഓണവും തമ്മിലുള്ള ഒരു പ്രത്യേക അഭിരുചി മനസ്സിലാക്കിയിട്ടുണ്ട്. ഓണം ആഘോഷിക്കുക എന്നതല്ല. ഓണപ്പരീക്ഷ കഴിഞ്ഞാൽ 10 ദിവസം അവധി കിട്ടുമല്ലോ എന്നുള്ളതാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം. പിന്നെ ഓണം എന്ന് പറയുന്നത് ഒരു പ്രത്യേക ദിവസങ്ങളിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. ജീവിതത്തിൽ സന്തോഷമുള്ളവന് എന്നും ഓണം ആണ്.

തിരുവിതാംകൂർ ഭാഗങ്ങളിൽ മാത്രമാണ് ഓണത്തിന് സസ്യാഹാരം മാത്രം വിളമ്പുക. എറണാകുളം തൊട്ട് അങ്ങോട്ട് ചിക്കനും മീനും ഇല്ലാതെ ഒരു സദ്യ ചിന്തിക്കുകയേ വേണ്ട. അവിടെ നിന്നുള്ള ആളുകള്‍ക്ക് വേണ്ടി നല്ല ഞണ്ടും, ബീഫും, മീനും ഒക്കെ അമ്മ വീട്ടിൽ റെഡിയാണ്. 11 മണി മുതൽ അമ്മ വീട്ടിൽ സദ്യ ലഭിച്ചു തുടങ്ങും. പത്തരയോടെ പാചകം പൂർത്തിയാക്കിയാൽ പിന്നീടാണ് കലാമേഖലയിൽ സജീവമാകുക.'-അടുക്കളയിൽ നിന്നിറങ്ങി ഒരു ഓണപ്പാട്ടും പാടിയാണ് കിഷോർ സംസാരിച്ചു നിർത്തിയത്.

Also Read: 'അവൾ മീൻ വെട്ടുകയാണ്, കയ്യിൽ മൂർച്ചയുള്ള കത്തിയുണ്ട്, ജീവൻ വേണേല്‍ സ്ഥലം വിട്ടോ': പ്രശാന്ത് കാഞ്ഞിരമറ്റം - Prasanth Kanjiramattom Onam memory

ABOUT THE AUTHOR

...view details