മലയാളത്തിന്റെ പാൻ ഇന്ത്യൻ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. മലയാളത്തിലും തമിഴിലും തെലുഗുവിലും തരംഗം സൃഷ്‌ടിച്ച ജേക്‌സ് ബിജോയ് ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ്. 2014 ൽ എയ്ഞ്ചൽസ് എന്ന മലയാളം ചിത്രത്തിലൂടെയാണ് ജേക്‌സ് ബിജോയ് സംഗീത സംവിധായകനായി അരങ്ങേറുന്നത്.
അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്ന ജേക്‌സ് സംഗീതത്തോടുള്ള കടുത്ത അഭിനിവേശത്തിന്‍റെ പുറത്താണ് ജോലി ഉപേക്ഷിച്ച് സിനിമ സംഗീത ലോകത്തേക്ക് ചുവടുവയ്ച്ചത്. ആദ്യകാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾക്ക് മാത്രം സംഗീതസംവിധാനം നിർവഹിച്ചിരുന്ന ജേക്‌സ് ബിജോയ് ഇപ്പോൾ ഒരു വർഷത്തിൽ പത്തിലധികം സിനിമകൾക്കാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
രണം, അയ്യപ്പനും കോശിയും, കൽക്കി, ഇരട്ട, പോർത്തൊഴിൽ, ഗരുഡൻ, ഫോറൻസിക്, സൂര്യാസ് സാറ്റർഡേ, സാറ്റർഡേ നൈറ്റ്സ്, അടിഗോ അമിഗോസ്, ഹലോ മമ്മി, ഐഡന്‍റിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. മോഹൻലാൽ തരുമൂർത്തി ചിത്രം തുടരും, റോഷനാ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ദേവ തുടങ്ങി സിനിമകളാണ് ജേക്‌സ് ബിജോയിയുടെ സംഗീത സംവിധാനത്തിൽ ഉടൻ തീയേറ്ററുകളിൽ എത്തുന്ന സിനിമകൾ. സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് തുറന്നു സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.
പാൻ ഇന്ത്യൻ മ്യൂസിക് ഡയറക്‌ടർ എന്ന വിശേഷണത്തിന് ചിരിയായിരുന്നു ജേക്‌സ് ബിജോയിയുടെ മറുപടി. 'ഒരു സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുമ്പോൾ മലയാളമാണോ തമിഴാണോ തെലുങ്കാണോ എന്നൊന്നും ഒരിക്കലും ചിന്തിക്കാറില്ല. തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ പരമാവധി കഠിനാധ്വാനം ചെയ്‌തുതന്നെയാണ് എല്ലാ ഭാഷയിലുള്ള സിനിമകൾക്കും സംഗീത സംവിധാനം നിർവഹിക്കുന്നത്. തുടർച്ചയായി മലയാള ചിത്രങ്ങൾ ചെയ്‌ത് കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് തമിഴിലോ തെലുങ്കിലോ ഒരു സിനിമ ചെയ്യാൻ അവസരം ലഭിക്കുന്നത് റിലീഫ് ആയിട്ടാണ് കരുതുന്നതെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.
ഏറ്റവും പുതിയ വിശേഷം റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹിന്ദി ചിത്രമായ ദേവ തന്നെയാണ്. സിനിമ അതിഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമ നന്നായി വരും എന്നതിൽ യാതൊരു സംശയവും തനിക്കില്ല. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനുമായി ഇതിനു മുമ്പ് രണ്ട് ചിത്രങ്ങളിൽ താൻ വർക്ക് ചെയ്‌തിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ സല്യൂട്ട്, നിവിൻപോളി ചിത്രം സാറ്റർഡേ നൈറ്റ് എന്നിവയാണ് ആ സിനിമകൾ.
അങ്ങനെ ഒരു ബന്ധത്തിന്‍റെ പുറത്ത് തന്നെയാണ് റോഷൻ ആൻഡ്രൂസ് തന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. റോഷൻ ആൻഡ്രൂസ് തന്നെ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം മുംബൈ പോലീസിന്‍റെ റീമേക്ക് ആണോ ദേവ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. വ്യക്തമായി പറയട്ടെ, ദേവ ഒരു റീമേക്ക് ചിത്രമല്ല. തികച്ചും ഫ്രഷ് ആയിട്ട് തന്നെയാണ് റോഷൻ ആൻഡ്രൂസ് ദേവ ഒരുക്കിയിരിക്കുന്നത്.
എങ്കിലും മുംബൈ പോലീസ് എന്ന ചിത്രത്തിലെ ചില കാര്യങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ പോലീസ് എന്ന സിനിമ അപ്പാടെ റീമേക്ക് ചെയ്യാൻ റോഷൻ ആൻഡ്രൂസിന് താത്‌പര്യമുണ്ടായിരുന്നില്ല, ജേക്‌സ് ബിജോയ് വെളിപ്പെടുത്തി.
മുംബൈ പോലീസിലെ ചില എലമെന്‍റ്സ് ദേവ എന്ന ചിത്രത്തിലുണ്ട്:മുംബൈ പോലീസ് എന്ന സിനിമയിലെ ചില എലമെന്‍റ്സ് ദേവ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വളരെയധികം മാറ്റങ്ങൾ വരുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തികച്ചും ഒരു വ്യത്യസ്‌ത ചിത്രം തന്നെയാണത്. സോഷ്യൽ മീഡിയയിൽ ഇതൊരു റീമേക്ക് ചിത്രമാണെന്ന് പ്രചരിക്കുന്നുണ്ട്. അതിനുള്ള വ്യക്തമായ മറുപടിയാണ് ഞാനിപ്പോൾ പറഞ്ഞിരിക്കുന്നതെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.
ഹിന്ദി സിനിമകളിൽ ജോലി ചെയ്യുക എന്ന് പറഞ്ഞാൽ വളരെ വ്യത്യസ്‌തമായ ഒരു അനുഭവമാണ് നമുക്ക് ലഭിക്കുക. സൗത്ത് ഇന്ത്യൻ സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ അവസാനവാക്ക് സംവിധായകന്‍റേതാണ്. നമ്മുടെ ക്രിയേറ്റീവ് സ്പേസുകളിൽ ഒരു പക്ഷേ സംവിധായകൻ മാത്രമാകും ഇടപെടുക. എന്നാൽ ബോളിവുഡിൽ അങ്ങനെയല്ല. ക്രിയേറ്റിവിറ്റിക്കപ്പുറം ഒരു കോർപ്പറേറ്റ് ലെവൽ ചിന്താഗതി കൂടി അവർക്കുണ്ട്. വർക്ക് ചെയ്യാൻ ധാരാളം സമയം ലഭിക്കുമെങ്കിലും കൃത്യസമയം, കോർപ്പറേറ്റ് മാനദണ്ഡങ്ങൾ എന്നിവയൊക്കെ പാലിക്കപ്പെടേണ്ടി വരും.
'പക്ഷേ ദേവ എന്ന ചിത്രത്തിൽ ഇത്തരം കോർപ്പറേറ്റ് ഇടപെടലുകളിൽ നിന്ന് എന്നെ സംരക്ഷിച്ചു നിർത്തിയത് സംവിധായകൻ റോഷൻ ആൻഡ്രൂസ് ആണ്. പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള എനിക്കുള്ള നിർദേശങ്ങൾ റോഷൻ ചേട്ടന്‍റെ പക്കൽ എത്തിയ ശേഷം ഫിൽട്ടർ ചെയ്‌താകും എന്നിലേക്ക് എത്തുക. അദ്ദേഹത്തെ പോലൊരു കമാൻഡിങ് പവർ ഉള്ള സംവിധായകന്‍റെ വാക്കുകൾക്ക് അവിടെ നല്ല വിലയുണ്ട്. അതുകൊണ്ട് തന്നെ സംവിധായകന് മേലെ എനിക്ക് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല. എന്‍റെ സൃഷ്‌ടികളിൽ ആരും ഇടപെട്ടിട്ടുമില്ല' എന്ന് ജേക്‌സ് ബിജോയ് വ്യക്തമാക്കി.
ദേവ എന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് എന്‍റെ ശൈലിയിൽ തന്നെയാണ്. ഒരൽപം മെലോഡിയസ് ആയി ചെയ്യേണ്ട സംഗീതത്തിന് കുറച്ച് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മേമ്പൊടി ചേർക്കും. മലയാളത്തിനാണെങ്കിലും തമിഴിൽ ആണെങ്കിലും തെലുഗുവിലാണെങ്കിലും ഹിന്ദിയിൽ ആണെങ്കിലും ബാക്ഗ്രൗണ്ട് സ്കോർ ഒരുക്കുമ്പോൾ പൊതുവേ ഒരു ഇന്‍റർനാഷണൽ പാറ്റേൺ ആണ് ഞാൻ പിടിക്കാറുള്ളത്. അങ്ങനെ ഒരു പാറ്റേൺ എല്ലാ ഭാഷയിലും വർക്ക് ഔട്ടാകും. അതേ രീതി തന്നെയാണ് ദേവയിലെ ബാഗ്രൗണ്ട് സ്കോർ ഒരുക്കുമ്പോഴും സ്വീകരിച്ചത്.