ഹൈദരാബാദ്: പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്കായ കവാസാക്കി നിഞ്ച 500 മോഡലിന്‍റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. 5.29 ലക്ഷം രൂപയാണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന്‍റെ എക്‌സ് ഷോറൂം വില. ഇത് മുൻ മോഡലിനേക്കാൾ 5,000 രൂപ കൂടുതലാണ്. പുതിയ കളർ ഓപ്‌ഷൻ ചേർത്തു എന്നതാണ് പുതുക്കിയ പതിപ്പിലെ പ്രധാന മാറ്റം.
മെക്കാനിക്കൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ പുതുക്കിയ മോഡൽ ഏറെക്കുറെ മുൻമോഡലിന് സമാനമാണ്. ഡിസൈനിലേക്ക് വരുമ്പോൾ പുതുക്കിയ കവാസാക്കി നിഞ്ച 500ൽ ഫെയറിങിൽ പച്ച ആക്‌സൻ്റ് ചേർത്തിട്ടുണ്ട്. നിഞ്ച 400 മോഡലിന്‍റെ പിൻഗാമിയാണ് നിഞ്ച 500. പുതുക്കിയ പതിപ്പിലെ ഡിസൈൻ നിഞ്ച 400ന് സമാനമാണെന്ന് പറയാം.
സവിശേഷതകൾ: പുതുക്കിയ കാവസാക്കി നിഞ്ച 500ന്‍റെ ഫീച്ചറുകളിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിഞ്ച 500ന്‍റെ സ്റ്റാൻഡേർഡ് വേരിയൻ്റാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. അതിനാൽ അടിസ്ഥാന മോഡലുകളിൽ ലഭ്യമായിട്ടുള്ള ഫീച്ചറുകൾ മാത്രമേ ഇന്ത്യയിൽ ലഭ്യമാവൂ. ബൈക്കിലുള്ള ബ്ലൂടൂത്ത് കണക്‌റ്റിവിറ്റിയോട് കൂടിയ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ മൊബൈൽ നോട്ടിഫിക്കേഷനുകളും ഗിയർ-പൊസിഷൻ ഇൻഡിക്കേറ്ററും കാണിക്കും. ഇതിനുപുറമെ പുതുക്കിയ നിഞ്ച 500ൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡ്യുവൽ ചാനൽ എബിഎസും ഫീച്ചർ ചെയ്യുന്നുണ്ട്.
എഞ്ചിൻ: പുതുക്കിയ മോഡലിലെ എഞ്ചിൻ സവിശേഷതകൾ പരിശോധിക്കുമ്പോൾ, മുൻ മോഡലിന് സമാനമായി 451 സിസി, പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് നൽകിയതെന്ന് കാണാം. 44.3 ബിഎച്ച്പി പവറും 42.6 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചോടു കൂടിയ 6 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. എലിമിനേറ്റർ 500 ക്രൂയിസറിലും കാവസാക്കിയുടെ തന്നെ നിഞ്ച 7 ഹൈബ്രിഡ് മോട്ടോർസൈക്കിളിലും ഇതേ എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്.
വില: പുതുക്കിയ മോഡലിന് 5,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചത്. 5.29 ലക്ഷം രൂപയാണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിന്‍റെ വില. 2024 അവസാനിക്കുമ്പോൾ 15,000 രൂപ കിഴിവിൽ നിഞ്ച 500 വിറ്റഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 2025ൽ വില വർധിപ്പിച്ചത്.
Also Read:
- റോയൽ എൻഫീൽഡിനും ഹിമാലയനും എതിരാളി: പുതിയ അഡ്വഞ്ചർ ബൈക്കുമായി കവസാക്കി
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ