ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവന്‍ ആളുകളുടെയും പേരു വിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്‌ക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് 10-ാം നാൾ പ്രതികണവുമായി ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. സംഘടനയുടെ മൗനം ഏറെ വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ഫെഫ്‌ക പ്രസ്‌താവനയിറക്കിയത്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തിൽ കൂടുതല്‍ എന്തെങ്കിലും പറയുന്നത് ഉചിതമാവില്ല. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്‌ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ, പരാതി നല്‍കുന്നതിലേയ്‌ക്കും, നിയമപരമായ നടപടികളിലേയ്‌ക്കും സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്‌കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമ നടപടികൾ തുടങ്ങിവയ്ക്കാനുമുള്ള അതിജീവിതകൾക്കുള്ള ഭയാശങ്കകളെ അകറ്റാൻ വിദഗ്‌ദയായ ഒരു ക്ലീനിക്കൽ സൈക്കോളജിസ്‌റ്റിൻ്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്‌ക അംഗങ്ങളുടെ കാര്യത്തിൽ, മുൻകാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ, വ്യക്തമായ പരാമർശങ്ങളോ, കണ്ടെത്തലുകളോ, അല്ലെങ്കിൽ അറസ്‌റ്റ് പോലുള്ള നടപടികളോ ഉണ്ടായാൽ, വലിപ്പ-ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഒന്നാകെ രാജി വെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്‍റെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗരേഖയായാണ് കാണുന്നതെന്ന് ഫെഫ്‌ക വ്യക്തമാക്കി. റിപ്പോർട്ടിനെ കുറിച്ചുള്ള അപക്വവും വൈകാരികവുമായുള്ള പ്രതികരണങ്ങൾ മലയാള സിനിമയിലെ ഏക ട്രേഡ് യൂണിയൻ ഫെഡറേഷനിൽ നിന്ന് ഉണ്ടാവരുതെന്നും, ഫെഫ്‌കയിലെ വിവിധ അംഗ സംഘടനകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച ഗൗരവകരമായ പരാമർശങ്ങളും നിരീക്ഷണങ്ങളും റിപ്പോർട്ടിലുള്ളതിനാൽ, റിപ്പോർട്ടിനെ സമഗ്രമായി വിലയിരുത്തി, വിശദമായ ഒരു അവലോകന റിപ്പോർട്ടിലൂടെ സർവ്വതല സ്‌പർശിയായ ഒരു നിലപാടില്‍ എത്തിച്ചേരുന്നതാവും ഉചിതമെന്നാണ് ഫെഫ്‌ക സ്‌റ്റിയറിംഗ് കമ്മിറ്റിയുടെ അഭിപ്രായം.