ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും അല്ലു അർജുനും ജൂനിയർ എൻടിആറും. തിങ്കളാഴ്‌ച ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ എത്തിയാണ് തെലുഗു താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 96 പാർലമെൻ്റ് മണ്ഡലങ്ങളിൽ മെയ് 13 ന് രാവിലെ 7:00 ന് ആരംഭിച്ചു.
തന്‍റെ ഭാര്യയ്‌ക്കൊപ്പമാണ് ചിരഞ്ജീവി വോട്ട് ചെയ്യാൻ ഹൈദരാബാദിലെ വോട്ടിങ് ബൂത്തിലെത്തിയത്. വോട്ട് നമ്മുടെ അവകാശമാണെന്നും അത് പാഴാക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പിത്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന നടനും സഹോദരനുമായ പവൻ കല്യാണിന് ആശംസകൾ നേരാനും താരം മറന്നില്ല.
വോട്ട് ചെയ്യാൻ ഊഴം കാത്ത് ജൂനിയർ എൻടിആർ ക്യൂവിൽ നിൽക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം, മാധ്യമങ്ങളുമായി സംസാരിച്ച താരം, മുഴുവൻ വോട്ടർമാരോടും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർഥിച്ചു. വരും തലമുറകൾക്ക് നാം കൈമാറേണ്ട ഒരു നല്ല സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.