താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് നടന്‍ കൃഷ്‌ണ കുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറുമായ ദിയ കൃഷ്‌ണ. മൂന്നു മാസം വരെ ഇക്കാര്യം സര്‍പ്രൈസ് ആക്കി വയ്ക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിന് മുന്‍പേ തന്നെ പലരും ഈ വിശേഷം ഊഹിച്ചെന്നും ദിയ സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ദിയ ആരാധകരെ അറിയിച്ചത്. ഇത് മൂന്നാം മാസത്തിലാണെന്നും താരം വ്യക്തമാക്കി.
"ഞങ്ങളുടെ കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പലരും ഊഹിച്ചതാണ്. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്ന് മാസത്തെ സ്‌കാനിങ് വരെ ഇത് രഹസ്യമാക്കി വയ്ക്കണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ക്ക് വേണം. ദിയ കുറിച്ചു.
ഇതിന് പിന്നാലെ സ്‌കാനിങ് ചെയ്യുന്നതിന്‍റെ വീഡിയോയും ദിയ പങ്കുവച്ചിട്ടുണ്ട്. "നമ്മുടെ കുഞ്ഞു മാലാഖ, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ, നീ എന്നെപ്പോലെ തന്നെ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു", എന്ന കുറിപ്പോടെയാണ് ദിയ വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് ദിയയ്ക്ക് ആശംസയുമായി എത്തിയത്. കുഞ്ഞ് അതിഥിയുടെ വരവിനായി കാത്തിരിക്കുന്നുവെന്നാണ് അഹാന കൃഷ്‌ണ കുമാര്‍ കുറിച്ചത്.
അമ്മയാവുക എന്നതാണ് തന്‍റെ വലിയ സ്വപ്‌നമെന്ന് പല അഭിമുഖങ്ങളിലും ദിയ പറഞ്ഞിരുന്നു. മൂന്ന് മക്കള്‍ വരെ വേണമെന്നും ദിയ പറഞ്ഞിരുന്നു.