തെലുഗു മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബജറ്റ് ചിത്രം വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ റിലീസ്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്‌ഠ രചനയും സംവിധാനവും നിര്‍വഹിച്ച ഈ മാസ് ഫാന്‍റസി അഡ്വെഞ്ചർ ചിത്രം നിർമിക്കുന്നത് യു വി ക്രിയേഷൻസാണ്. വംശി കൃഷ്‌ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡിയാണ്.
കാഴ്‌ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ദുഷ്‌ട ശക്തിയോട് ഏറ്റുമുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പർ ഹീറോയെപ്പോലെ, പറക്കുന്ന കുതിരയുടെ പുറത്ത് എൻട്രി നടത്തുന്ന ചിരഞ്ജീവി കഥാപാത്രത്തിന്‍റെ അമാനുശിക ശക്തിയുടെ സൂചന നൽകിക്കൊണ്ട്, ഭഗവാന്‍ ഹനുമാന്‍റെ പ്രതിമയുടെ മുന്നിൽ ഭീമാകാരമായ ഒരു ഗദയുമായി നിൽക്കുന്ന രീതിയിലാണ് ടീസർ അവസാനിപ്പിച്ചിരിക്കുന്നത്.