എറണാകുളം :'മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാനിര്‍മാതാക്കൾക്കെതിരെ കേസെടുത്ത് മരട് പൊലീസ്. ഷോൺ ആൻ്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് നടപടി.
സിനിമാനിർമാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ല എന്നായിരുന്നു സിറാജിൻ്റെ ആരോപണം. വഞ്ചനാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടുകൊണ്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണർ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്.