കേരളം

kerala

ETV Bharat / entertainment

ഭ്രമം നിറയ്ക്കുന്ന യുഗത്തിലേയ്ക്ക് സ്വാഗതം! ഭ്രമയുഗം ഒടിടി റിലീസിനൊരുങ്ങുന്നു - Bramayugam movie

ഫെബ്രുവരി 15ന് തിയേറ്ററുകളില്‍ എത്തിയ ഭ്രമയുഗം മാര്‍ച്ച് 15ന് ഒടിടിയിലെത്തും.

ഭ്രമയുഗം  ഭ്രമയുഗം ഒടിടി റിലീസ്  Bramayugam ott release  Bramayugam movie  Mammootty
Bramayugam

By ETV Bharat Kerala Team

Published : Mar 7, 2024, 10:34 AM IST

വർഷം മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ ഭ്രമയുഗം ഒടിടി റിലീസിനൊരുങ്ങുന്നു (Bramayugam ott release). മാര്‍ച്ച് 15ന് ചിത്രം സോണിലിവിൽ സ്‌ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി 15ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

തീയേറ്ററിൽ റിലീസ് ചെയ്‌ത് കൃത്യം ഒരു മാസത്തിനിപ്പുറമാണ് സിനിമ ഓടിടിയിലെത്തുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റായാണ് ചിത്രീകരിച്ചിരുന്നത്. മമ്മൂട്ടിയാണ് (Mammootty) ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകൻ, സിദ്ധാര്‍ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലുടനീളമുള്ള മറ്റ് കഥാപാത്രങ്ങളായി എത്തിയത്. അമാല്‍ഡ ലിസും മണികണ്‌ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. 'ഭ്രമം നിറയ്ക്കുന്ന യുഗത്തിലേയ്ക്ക് സ്വാഗതം! മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഭ്രമയുഗം ഈ മാർച്ച് 15 മുതൽ സോണിലിവിൽ സ്‌ട്രീം ചെയ്യും'- എന്ന ക്യാപ്‌ഷനോടെയാണ് ചിത്രത്തിന്‍റെ ഓടിടി റിലീസ് തീയതി ഔദ്യോഗിക സോണിലിവ് എക്‌സ് പേജിൽ പങ്കുവച്ചത്.

മലയാളം പതിപ്പിന്‍റെ വന്‍ വിജയത്തിന് പിന്നാലെ ഭ്രമയു​ഗത്തിന്‍റെ തെലുഗു, തമിഴ്, കന്നഡ പതിപ്പുകളും തീയേറ്ററുകളിലെത്തിയിരുന്നു. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും പ്രകടനങ്ങള്‍ക്ക് വലിയ കൈയടിയായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഭാവപ്രകടനമാണ് മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിന് നല്‍കിയത്.

ചിത്രത്തിന്‍റെ മെയ്‌ക്കിങ്ങിനും നിരവധി പ്രശംസകൾ ലഭിച്ചിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെയും, വൈ നോട്ട് സ്റ്റുഡിയോസിന്‍റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്രയും ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമിച്ചിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 60 കോടിയിലേറെ നേടിയതായി ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

ക്രിസ്റ്റോ സേവിയർ സംഗീതവും ഷഹനാദ് ജലാൽ ഛായാഗ്രഹണവും നിർവഹിച്ചു. പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ് ചിത്രത്തിലെ സംഭാഷണങ്ങൾ എഴുതിയത്. ഷഫീഖ് മുഹമ്മദ് അലി ചിത്രസംയോജനം കൈകാര്യം ചെയ്‌തു.

ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ABOUT THE AUTHOR

...view details