ഹൈദരാബാദ് :റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും വ്യവസായിയായ വീരേന്‍ മെര്‍ച്ചന്‍റിന്‍റെ മകള്‍ രാധിക മെര്‍ച്ചന്‍റെയും വിവാഹം ജൂലൈയില്‍. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് ഇന്ന് (മാര്‍ച്ച് 1) തുടക്കമാകും. പരിപാടികള്‍ക്ക് മാറ്റ് കൂട്ടാനായി വിഖ്യാത പോപ്പ് ഗായിക റിഹാനയുടെ സംഗീത പരിപാടിയും ഇന്ന് (മാര്‍ച്ച് 1) അരങ്ങേറും.
ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ മുമ്പിലാകും റിഹാനയുടെ പ്രോഗ്രാം അരങ്ങേറുക. ഏതാനും ദിവസങ്ങളായി വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന ഗായിക റിഹാനയ്‌ക്ക് അംബാനി കുടുംബം നല്‍കുന്ന പ്രതിഫലത്തെ കുറിച്ചാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. അഞ്ച് മില്യൺ പൗണ്ടാണ് (52 കോടി രൂപ) റിഹാനയ്‌ക്ക് പരിപാടി അവതരിപ്പിക്കുന്നതിന് അംബാനി കുടുംബം പ്രതിഫലമായി നല്‍കുക.
പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തന്നെ റിഹാന ട്രൂപ്പിനൊപ്പം ജാംനഗറിലെത്തി. വിമാനത്താവളത്തിലെത്തിയ ഗായികയുടെയും സംഘത്തിന്‍റെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹഘോഷത്തില്‍ പങ്കെടുക്കുന്നതിന് റിഹാന പ്രാക്‌ടീസ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.