തിരുവനന്തപുരം: മലയാള സിനിമയില്‍ പല നടീ നടന്‍മാര്‍ക്കും സംവിധായകര്‍ക്കും അപ്രഖ്യാപിതവും നിയമ വിരുദ്ധവുമായ വിലക്കുകള്‍ നേരിടേണ്ടി വന്നത് മുന്‍പും ചര്‍ച്ചയായിട്ടുള്ളതാണ്. നടന്‍ തിലകനും സംവിധായകന്‍ വിനയനുമൊക്കെ അത്തരത്തില്‍ മലയാള സിനിമയില്‍ വിലക്ക് നേരിട്ടിട്ടുള്ളവരാണ്. എന്നാല്‍ ആരെയും വിലക്കിയിട്ടില്ലെന്നായിരുന്നു അന്ന് മലയാള സിനിമയിലെ പ്രമുഖ നടന്‍മാരുടെയും പ്രമുഖ സംഘടനകളുടെയും നിലപാട്.
അതേസമയം അത്തരത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അനധികൃതവും നിയമവിരുദ്ധവുമായ വിലക്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഹേമ കമ്മിറ്റി. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആ 15 അംഗ പവര്‍ ഗ്രൂപ്പിനെ തനിക്കറിയാമെന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വിനയന്‍ മാധ്യമങ്ങളോടു തുറന്നടിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ 125-ാം പേജിലാണ് മലയാള സിനിമയിലെ നിയമ വിരുദ്ധ വിലക്കുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇത്തരത്തിലുള്ള വിലക്കുകളെ കുറിച്ച് കമ്മിറ്റിക്ക് തെളിവു തന്നതില്‍ ഭൂരിഭാഗവും പുരുഷന്‍മാരായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന 10-15 പേരുടെ ഒരു പവര്‍ ഗ്രൂപ്പാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. കമ്മിറ്റിക്കു വാക്കാലും മറ്റ് രീതികളിലും ലഭിച്ച തെളിവു പ്രകാരം മലയാള സിനിമയിലെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ ചില പ്രമുഖ നടന്‍മാര്‍ക്കാണ് മലയാള സിനിമയുടെ പൂര്‍ണ നിയന്ത്രണമെന്ന് മാത്രമല്ല, ഇവര്‍ വാരിക്കൂട്ടിയ സമ്പത്തിനും പ്രശസ്‌തിക്കും കയ്യും കണക്കുമില്ല.
പ്രമുഖരായ പല നടന്‍മാര്‍ക്കും ഇത്തരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ഗൗരവമായ കാരണങ്ങളൊന്നും വേണമെന്നില്ല. ഈ 15 അംഗ പവര്‍ഗ്രൂപ്പില്‍ ആര്‍ക്കെങ്കിലും ഒരു സിനിമാ പ്രവര്‍ത്തകന്‍റെ പെരുമാറ്റത്തില്‍ അനിഷ്‌ടം തോന്നിയാല്‍ മതി, വിലക്കിനു കാരണമായി. പവര്‍ ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ അതൃപ്‌തിക്ക് കാരണമായാല്‍ ഈ 15 അംഗങ്ങളും കൈകോര്‍ത്തായിരിക്കും.