വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക് (FEUOK) തീരുമാനത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ. പ്രസിദ്ധീകരണ കുറുപ്പിലൂടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടിയുള്ള ബി ഉണ്ണികൃഷ്‌ണന്‍റെ പ്രതികരണം.
തിയേറ്റർ ഉടമകളുടെ സമര പ്രഖ്യാപനം പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെയാണ് അറിയാൻ സാധിച്ചതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കി. സംഘടനയുടെ തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധർഹവുമാണ്. സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളോടും നടീ-നടന്മാരോടും പ്രേക്ഷകരോടും ഒപ്പം പൊതുസമൂഹത്തോടും കാണിക്കുന്ന അവഹേളനം കൂടിയാണിത്. ഇപ്പോൾ എടുത്ത നിലപാട് ഫിയോക് പുനഃപരിശോധിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് വെള്ളിയാഴ്‌ച മുതൽ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനവുമായി ഫിയോക് മുന്നോട്ടു വന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഭാഗത്ത് നിന്നും തിയേറ്റർ സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് പ്രതികൂല മറുപടി ലഭിച്ചതിനെ തുടർന്നായിരുന്നു തീരുമാനമെന്നാണ് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാർ അറിയിച്ചത്. കരാർ ലംഘനം നടത്തി ഒടിടികൾക്ക് സിനിമകൾ വളരെ നേരത്തെ തന്നെ പ്രദർശനാനുമതി കൊടുക്കുന്നതും തിയേറ്റർ ഉടമകൾ സ്വന്തമായി പ്രൊജക്‌ടർ വേണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ആവശ്യവുമാണ് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്.
തിയേറ്ററുകളില്‍ നിന്നും മികച്ച കളക്ഷൻ നേടിയ സിനിമകൾ വൈഡ് റിലീസിങ്ങിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ കാണുന്നുണ്ടെന്നും ഏകദേശം 25 ദിവസം കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രങ്ങൾ പിന്നെയും ഒടിടിക്ക് നൽകാതെ തടഞ്ഞുവയ്‌ക്കുന്നതിൽ അർഥമില്ലെന്നും കഴിഞ്ഞദിവസം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.