എറണാകുളം: ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം 'ലെവൽ ക്രോസി'ന്‍റെ കർണാടക വിതരണാവകാശം പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്‌സായ എവി മീഡിയ കൺസൽട്ടൻസി സ്വന്തമാക്കി. ആസിഫ് അലി തന്നെ നായകനായ കൂമൻ എന്ന ചിത്രത്തിന് ശേഷമാണു ജിത്തു ജോസഫ്-ആസിഫ് അലി കോമ്പിനേഷൻ വീണ്ടും എത്തുന്നത്. അമല പോൾ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം.
കർണാടകയിൽ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ വെങ്കടേശിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എവി മീഡിയ കൺസൽട്ടൻസി. തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ രജനീകാന്ത് ചിത്രം ജയിലർ, ശിവ കാർത്തികേയ കേന്ദ്ര കഥാപാത്രമായ ഡോക്‌ടർ, ചിലമ്പരശന്‍റെ മാനാട്, വിടുതലൈ, കാർത്തി ചിത്രം സർദാർ തുടങ്ങിയ ചിത്രങ്ങളുടെ വിതരണം എവി മീഡിയ കൺസൽട്ടൻസിക്ക് ആയിരുന്നു.
ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ധനുഷ് ചിത്രം രായിൻന്‍റെ വിതരണാവകാശവും എവി മീഡിയ കൺസൾട്ടൻസിക്കാണ്. ആസിഫ് അലി ചിത്രം ലെവൽ ക്രോസിലൂടെ ഇതുവരെയുള്ള വിജയ ചരിത്രം ആവർത്തിക്കാൻ തയ്യാറെടുക്കുകയാണിവര്‍. അതേസമയം ജിത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്‌ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന 'റാം' ന്‍റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്‍റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.