ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം', ആന്‍റണി വർഗീസിന്‍റെ 'കൊണ്ടൽ', ടൊവിനോ തോമസിന്‍റെ 'അജയന്‍റെ രണ്ടാം മോഷണം' തുടങ്ങി ചിത്രങ്ങളാണ് ഇത്തവണ ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാൽ ഈ ചിത്രങ്ങളോടൊപ്പം 'ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്', ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' തുടങ്ങി ചിത്രങ്ങളും തിയേറ്ററിൽ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ആസിഫ് അലിയും ടൊവിനോ തോമസും ആന്‍റണി വർഗീസും തങ്കളുടെ ചിത്രങ്ങളെ പരസ്‌പരം പ്രമോട്ട് ചെയ്‌തു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ മൂന്ന് വലിയ ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ എത്തുന്നത് എന്നുള്ള തെറ്റിദ്ധാരണ ഇവർ ഉണ്ടാക്കുന്നതായാണ് ആരോപണം.
എന്നാൽ ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമല്ല, 'ബാഡ് ബോയ്‌സ്' പോലുള്ള ചെറിയ സിനിമകളും തിയേറ്ററുകളിൽ എത്തുന്നുണ്ട്. ആസിഫ് അലി, ടൊവിനോ തോമസ്, ആന്‍റണി വര്‍ഗീസ് എന്നിവരുടെ വീഡിയോയ്‌ക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
എങ്ങനെയാണ് സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലേ എന്നായിരുന്നു ഷീലു എബ്രഹാം പ്രതികരിച്ചത്. സിനിമയിൽ ഇതിനെയാണ് പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നായിരുന്നു ഷീലുവിന്‍റെ പ്രതികരണം.
അതേസമയം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്‍റെ ആദ്യ ഷോ കഴിഞ്ഞാണ് ആസിഫിന്‍റെ പ്രതികരണം. എത്രയൊക്കെ പ്രൊമോഷന്‍ ചെയ്‌താലും ആരുടെ സിനിമ കാണണമെന്നും, ഏതു സിനിമ വിജയിപ്പിക്കണമെന്നും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണെന്നാണ് ആസിഫ് അലി പറയുന്നത്.
'സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് രാത്രിയിൽ, താനും ടൊവിനോ തോമസും ആന്‍റണിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ സിനിമകളെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ ഒരു വീഡിയോ ചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യാൻ തീരുമാനിച്ചത്. അതിന് മറ്റു സിനിമകളെ തഴയണം എന്നുള്ള ഉദ്ദേശശുദ്ധി ഉണ്ടായിരുന്നില്ല.
ഏത് സിനിമ കാണാനാണെങ്കിലും തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുക എന്നുള്ളത് മലയാളം ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമാണ്. അതിപ്പോൾ ഏതു ചിത്രമാണെങ്കിലും. വെറുതെ കാര്യങ്ങളെ വളച്ചൊടിക്കരുത്.അതല്ല, ഞങ്ങൾ മൂന്നു പേരും ചേർന്ന് ഞങ്ങളുടെ സിനിമകൾ മാത്രം കണ്ടാൽ മതി എന്ന ഉദ്ദേശത്തിലാണ് വീഡിയോ ചെയ്‌തതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ഈ ഓണത്തിന് പല ജോണറിലുള്ള സിനിമകൾ റിലീസിനെത്തുന്നുണ്ട്. ആരുടെ സിനിമ കാണണമെന്ന് എത്രയൊക്കെ പ്രമോട്ട് ചെയ്‌താലും, ഏതു സിനിമ വിജയിപ്പിക്കണം എന്നുള്ള തീരുമാനം പ്രേക്ഷകന്‍റേത് മാത്രമാണ്. 'ബാഡ് ബോയ്‌സ്' എന്ന ചിത്രത്തിനും പ്രേക്ഷകർ പോസിറ്റീവ് മനോഭാവമാണ് കാണിക്കുന്നത്.' -ആസിഫ് അലി പറഞ്ഞു.
Also Read: 3 നായകന്‍മാര്‍ ഒന്നിച്ചപ്പോള്‍; ഓണം റിലീസുകളെ പരസ്‌പരം പ്രൊമോട്ട് ചെയ്‌ത് താരങ്ങള്‍ - Actors joint for movie promotion