സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. എആര്‍ റഹ്‌മാന്‍റെ ഭാര്യ സൈറയാണ് ഇരുവരും വേര്‍പിരിയുന്നതിനെ കുറിച്ച് പ്രസ്‌താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.
സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് ആആര്‍ റഹ്‌മാന്‍റെയും സൈറയുടെയും വിവാഹമോചന വാര്‍ത്ത പ്രസ്‌താവനയിലൂടെ പുറത്തുവിട്ടത്. ഏറെ വിഷമത്തോടെയാണ് ഈ കഠിനമായ തീരുമാനം എടുക്കുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് സൈറ പ്രസ്‌താവന പുറത്തുവിട്ടത്.
ഇപ്പോഴിതാ തന്‍റെ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് എആര്‍ റഹ്‌മാന്‍. 30 വര്‍ഷത്തെ ദാമ്പത്യ ജീവിതം തങ്ങള്‍ ഒന്നിച്ച് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കുറിച്ച് കൊണ്ടാണ് എആര്‍ റഹ്‌മാന്‍ തന്‍റെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് റഹ്‌മാന്‍റെ പ്രതികരണം. എആര്‍ആര്‍ സൈറ ബ്രക്കപ്പ് (#arrsairabreakup) എന്ന ഹാഷ്‌ടാഗോടു കൂടിയാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
"മുപ്പത് വർഷം എന്ന വലിയ ഒരു നാഴികക്കല്ല് നമ്മൾ ഒരുമിച്ച് പിന്നിടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദമ്പതികൾ പിരിയുമ്പോൾ ദൈവത്തിൻ്റെ സിംഹാസനം വിറയ്‌ക്കുന്നു എന്നാണ് തിരുവചനം. അങ്ങനെ സംഭവിച്ചിരിക്കുന്നു.
എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുന്നു. ചിതറിപ്പോയ ചിലതൊക്കെ വീണ്ടും കൂട്ടിച്ചേര്‍ക്കുക അസാധ്യം. ഞങ്ങളുടെ സുഹൃത്തുക്കളോട്, നിങ്ങളുടെയൊക്കെ കരുണയ്ക്കും സ്നേഹത്തിനും നന്ദി. ജീവിതത്തിലെ ഈ ദുര്‍ബലമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ അഭ്യർത്ഥിക്കുന്നു."