എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള അഞ്ചാം ദിനത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഇക്കുറി മേളയില്‍ സ്ത്രീ സംവിധായകരുടെ സിനിമകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയിരുന്നു. മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകളാണ് ഇക്കുറി മാറ്റുരയ്‌ക്കുന്നത്.
വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്‌ത ചിത്രങ്ങൾ ഈ മേളയുടെ മുഖ്യാകര്‍ഷണമാണ്. ഇന്ദു ലക്ഷ്‌മി സംവിധാനം ചെയ്‌ത 'അപ്പുറം' എന്ന മലയാള ചിത്രത്തിന് മേളയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനോടകം തന്നെ ചലച്ചിത്ര മേളയില്‍ ശ്രദ്ധാ കേന്ദ്രമായ 'അപ്പുറം' ത്തെ പുകഴ്‌ത്തി നിരവധി സംവിധായകരും നിരൂപകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സംവിധായിക ഇന്ദു ലക്ഷ്‌മി ഇടിവി ഭാരതിനോട് സംസാരിച്ചിരിക്കുകയാണ്. സിനിമയെ മികച്ച രീതിയിൽ ഉൾക്കൊള്ളുകയും ചലച്ചിത്ര മേളയിൽ ചർച്ചാ വിഷയം ആക്കുകയും ചെയ്‌ത പ്രേക്ഷകരോട് ഇന്ദു ലക്ഷ്‌മി ആദ്യം തന്നെ നന്ദി അറിയിച്ചു.
Indu Lakshmi (ETV Bharat) ഒരു സംവിധായിക എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം നൽകുന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ഇന്ദു ലക്ഷ്‌മി. സിനിമയ്‌ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും സംവിധായിക പ്രതികരിച്ചു.
"ഒരു സിനിമ, പ്രേക്ഷകരുമായി കൃത്യമായ രീതിയിൽ കണക്‌ട് ചെയ്യുമ്പോഴാണ് ഒരു സംവിധായിക എന്ന യാത്രയ്ക്ക് അർത്ഥം ഉണ്ടാകുന്നത്. ചെയ്യുന്ന സിനിമകൾ ജനങ്ങളെ സ്വാധീനിച്ചില്ലെങ്കിൽ സംവിധായകനും പ്രേക്ഷകരുമായി വലിയൊരു അകൽച്ച ഉണ്ടാകും.
അപ്പുറം എന്ന ചിത്രം എന്‍റെ സ്വകാര്യ ജീവിതത്തോട് വളരെയധികം ചേർന്നു നിൽക്കുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും രീതിയിൽ ഈ ഒരു കഥ ജനങ്ങളിൽ എത്തിക്കണമെന്ന് മുമ്പേ ആഗ്രഹം ഉണ്ടായിരുന്നു. എന്‍റെ ആദ്യ സിനിമയായ നിള, ജീവിതത്തിൽ ഏൽപ്പിച്ച മുറിവ് വളരെ വലുതാണ്.
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ ഒരു സംവിധായിക എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എന്നെ അടിച്ചമർത്തി. അപ്പുറം എന്ന സിനിമ, അടിച്ചമർത്തലുകളിൽ നിന്നുള്ള അതിജീവനം കൂടിയാണ്. ഈ ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചില്ലായിരുന്നെങ്കിൽ ഞാനീ ലോകത്ത് ഉണ്ടായിരിക്കുമോ എന്ന് കൂടി സംശയമാണ്." -ഇന്ദു ലക്ഷ്‌മി വൈകാരികമായി പറഞ്ഞു.
'നിള' ആണ് ഇന്ദു ലക്ഷ്‌മി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. വനിത സംവിധായകരെ ശാക്‌തീകരിക്കുക എന്ന ലക്ഷ്യവുമായി കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രമാണിത്. 'നിള'യിൽ കെഎസ്‌എഫ്‌ഡിസി (KSFDC) അനാവശ്യമായ കൈകടത്തലുകൾ നടത്തുന്നുവെന്ന പരാതിയുമായി രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ദു ലക്ഷ്‌മി മാധ്യമങ്ങൾക്ക് മുന്നില്‍ എത്തിയിരുന്നു.
തുടർന്ന് കെഎസ്‌എഫ്‌ഡിസിയിലെ ചില പ്രമുഖർ തന്നെ നിരന്തരം ഹരാസ് ചെയ്‌തിരുന്നുവെന്നും ഇന്ദു ലക്ഷ്‌മി വെളിപ്പെടുത്തിയിരുന്നു. താന്‍ നിരന്തരം നേരിട്ട അത്തരം മാനസിക പീഡനങ്ങൾക്കെതിരെയുള്ള അതിജീവനത്തിന്‍റെ ഭാഷ്യമാണ് അപ്പുറം എന്നും ഇന്ദു ലക്ഷ്‌മി വ്യക്‌തമാക്കി.
"സിനിമയുടെ മൂല്യം ഉയർത്താൻ വേണ്ടി ഒരു നടനെയോ നടിയെയോ നിർബന്ധിതമായി കാസ്‌റ്റ് ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല. ഒരു കഥാപാത്രം ഏതൊരാൾ ചെയ്‌താൽ നന്നാകും എന്നൊരു ഇന്‍റ്യൂഷന്‍ എന്നിലെ കലാകാരിക്കുള്ളിൽ എപ്പോഴും സംഭവിക്കും.
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സുദീർഘമായ ഒരു വിവരണം അഭിനേതാക്കൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും നൽകും. കഥയുടെ വിവരണ വേളയിൽ തന്നെ കാസ്‌റ്റ് ചെയ്‌തിരിക്കുന്ന നടീനടന്‍മാർക്ക് ഏത് രീതിയിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന കൃത്യമായ ബോധ്യം ഉണ്ടാകും.
അങ്ങനെയൊരു ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സിനിമയിൽ ജഗദീഷിനെയും, മേഘനയെയും കാസ്‌റ്റ് ചെയ്യുന്നത്. ഒരിക്കൽ കൂടി ഊന്നിപ്പറയുന്നു ഒരു താരത്തിന്‍റെയും സ്‌റ്റാർ വാല്യൂ എന്‍റെ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉള്ള യോഗ്യതയാണെന്ന് കരുതുന്നില്ല." -ഇന്ദു ലക്ഷ്‌മി പറഞ്ഞു പറഞ്ഞു.
സിനിമയില്‍ ജഗദീഷിന്‍റെ അഭിനയ മികവിനെ കുറിച്ചും സംവിധായിക വിശദീകരിച്ചു. തന്‍റെ സിനിമയില്‍ ജഗദീഷ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ശാഠ്യം തനിക്ക് ഉണ്ടായിരുന്നുവെന്നും അവര്‍ തുറന്നു പറഞ്ഞു.
"ജഗദീഷ് സാറിന്‍റെ രണ്ടാം വരവ് മലയാളം സിനിമ ഇപ്പോൾ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. എത്ര വ്യത്യസ്‌തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇപ്പോൾ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിനയ മികവ് തന്നെയാണ് ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തെ വേണമെന്ന് തോന്നാൻ കാരണം.
കഥാപാത്രത്തിന്‍റെ വൈകാരിക തലങ്ങൾ കൃത്യമായി ഉൾക്കൊണ്ട് ബാലൻസ്‌ഡായി അദ്ദേഹം അവതരിപ്പിച്ചു. അത്‌ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന്‍റേത്. ജഗദീഷ് എന്‍റെ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്കൊരു ശാഠ്യം ഉണ്ടായിരുന്നു.
ഒരുപാട് എക്‌സ്‌പ്രഷൻസ് മുഖത്ത് കൊണ്ടുവന്ന് വൈകാരിക പ്രക്ഷുബ്‌ധത കാണിക്കേണ്ട ഒരു കഥാപാത്രമല്ല ജഗദീഷ് അവതരിപ്പിച്ച വേണു. കഥാപാത്രത്തിന് ഡയലോഗ് വരെ കുറവാണ്. വേണു എന്ന കഥാപാത്രത്തിന്‍റെ ഇന്നർ വേൾഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് വളരെ മിനിമലായ ഒരു പെർഫോമൻസിലൂടെ വേണമായിരുന്നു.
സിനിമയുടെ ആദ്യ അവസാനം കഥാപാത്രം സ്ഥിരതയോടെ പ്രേക്ഷകരോട് സംവദിക്കണം. കയ്യടക്കത്തോടെ അദ്ദേഹം കഥാപാത്രത്തെ കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന് ഒരു സംവിധായക എന്നുള്ള നിലയിൽ ഉറപ്പു പറയാം. ചെറിയൊരു നോട്ടത്തിലൂടെ പോലും വൈകാരിക നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് കണക്‌ട് ചെയ്യാനുള്ള ജഗദീഷ് സാറിന്‍റെ പാടവത്തെ കയ്യടിച്ചേ മതിയാകൂ." -ഇന്ദു ലക്ഷ്‌മി വിശദീകരിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും സംവിധായിക സംസാരിച്ചു. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും കൂട്ടിച്ചേർത്ത് അപ്പുറം എന്ന സിനിമയെ വിലയിരുത്തരുതെന്നും അവര്‍ പറഞ്ഞു.
Indu Lakshmi (ETV Bharat) "സിനിമയുടെ ഒരു ഭാഗത്ത് വിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും ഇടയിലുള്ള നേർത്ത നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും കൂട്ടിച്ചേർത്ത് അപ്പുറം എന്ന സിനിമയെ വിലയിരുത്തരുത്. സിനിമയിൽ അങ്ങനെയൊരു ഘടകം ചർച്ച ചെയ്യുന്നുണ്ട്.
പക്ഷേ സിനിമയുടെ യഥാർത്ഥ ആശയം യഥാർത്ഥ മനുഷ്യ ജീവിതവുമായി ചേർന്നു നിൽക്കുന്നു. പിന്നെ ചില വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തേണ്ടതായി വന്നു. അതൊരു പക്ഷേ മനപ്പൂർവ്വം ചെയ്‌തതല്ല. വിശ്വാസ സംബന്ധമായ ചില കാര്യങ്ങളൊക്കെ നമ്മൾ നിത്യ ജീവിതത്തിൽ കാണാറുണ്ട്. സിനിമയുടെ കഥ പറച്ചിൽ അതൊക്കെ ഇൻസ്പെയർ ചെയ്‌തൂവെന്ന് മാത്രമെ പറയാനാകൂ.
ചില വിശ്വാസങ്ങളൊക്കെ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാണ്. ജീവിതം തിരശ്ശീലയിൽ എത്തുമ്പോൾ നമ്മുടെ ജീവിതത്തിലെ ഭാഗമായ ചിലതൊക്കെയും അതിൽ കാണാം. വിശ്വാസം vs അവിശ്വാസം എന്നൊരു കാര്യം സിനിമയിൽ ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാര്യങ്ങളൊക്കെ തന്നെ സത്യസന്ധമായി പറയാൻ ശ്രമിച്ചു, അത്രമാത്രം." -ഇന്ദു ലക്ഷ്‌മി വ്യക്‌തമാക്കി.
സിനിമയുടെ സംവിധാനത്തിനിടെ അവര്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ഇന്ദു ലക്ഷ്‌മി തുറന്നു പറഞ്ഞു. തന്നെ മാനസികമായി തളർത്തുന്നതിൽ മലയാളത്തിന്‍റെ വിഖ്യാത സംവിധായകനായ ഒരു മനുഷ്യന്‍ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അയാളെ കുറിച്ച് പറയുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് ഭയമുള്ളതായി തോന്നിയെന്നും സംവിധായിക പറഞ്ഞു.
"ആണോ പെണ്ണോ ഇവിടെ ഒരു സിനിമ സംവിധാനം ചെയ്യാൻ മുന്നോട്ടു വരുമ്പോൾ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടതായി വരും. സ്ട്രഗിൾ സോൺ എന്നൊക്കെയാണ് അതിനെ പറയുക. എന്‍റെ ആദ്യ ചിത്രമായ നിളയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങൾ നേരത്തെ പറഞ്ഞ സ്ട്രഗിൾ സോണുമായി ഒരിക്കലും ചേർത്ത് വായിക്കാൻ കഴിയില്ല.
ഞാൻ നേരിട്ട പ്രതിസന്ധികൾ ബോധപൂർവ്വം ചിലർ സൃഷ്‌ടിച്ചതാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ മറ്റൊരു പ്രമുഖ മാധ്യമം എന്‍റെ അഭിമുഖം എടുത്ത് യൂട്യൂബിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടാം ദിവസം പ്രമുഖരുടെ പേരുകൾ ഒഴിവാക്കി വീഡിയോ റീ അപ്‌ലോഡ് ചെയ്യപ്പെട്ടു.
അങ്ങനെയെങ്കിൽ ആ വ്യക്‌തിക്ക് അല്ലെങ്കിൽ ഒരു കൂട്ടം പ്രമുഖർക്ക് കേരളത്തിലെ മാധ്യമങ്ങളുടെ മുകളിലും വലിയ സ്വാധീനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഞങ്ങളെ പോലുള്ളവർ പലതും തുറന്നു പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും മലയാളത്തിന്‍റെ വിഖ്യാത സംവിധായകനായ ഒരു മനുഷ്യനെ കുറിച്ച് പറയുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് ഭയമുള്ളതായി തോന്നി.
Indu Lakshmi (ETV Bharat) എന്നെ മാനസികമായി തളർത്തുന്നതിൽ അയാൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. മാധ്യമങ്ങൾ എന്തിന് ഭയപ്പെടുന്നു എന്നുള്ള ചോദ്യം ഇവിടെ പ്രസക്‌തമാണ്. എങ്കിലും ഭയമില്ലാതെ ചില മാധ്യമങ്ങൾ ആ വ്യക്‌തിയുടെ പേര് സമൂഹത്തിൽ വിളിച്ചു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന പവർ ഗ്രൂപ്പുകൾ ഈ വിഖ്യാത സംവിധായകനുമായി ചേർത്ത് വായിക്കാവുന്നതാണ്." -ഇന്ദു ലക്ഷ്‌മി തുറന്നു പറഞ്ഞു.
സമൂഹത്തിൽ വനിത സംവിധായിക, പുരുഷ സംവിധായകൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ ഉണ്ടെന്നും അവര്‍ വ്യക്‌തമാക്കി. തന്‍റെ കാഴ്‌ച്ചപ്പാടിൽ അങ്ങനെ ഒരു വേർതിരിവിന്‍റെ ആവശ്യമില്ലെന്നും അവര്‍ വ്യക്‌തമാക്കി.
"ഒരു ഡയറക്‌ടർക്ക് അയാളുടെ മനസ്സിൽ തോന്നുന്ന ആശയം, പ്രേക്ഷകരോട് സംസാരിക്കാനുള്ള മാധ്യമമാണ് സിനിമ. ഒരു വനിത സംവിധായിക സ്ത്രീപക്ഷ സിനിമകൾ മാത്രം ചെയ്യണമെന്നത് അംഗീകരിക്കാൻ ആകില്ല. പക്ഷേ നിള എന്ന സിനിമ സംഭവിക്കുമ്പോൾ KSFDCയിലെ ചിലർ എന്നെ ഒരു വനിത സംവിധായിക എന്ന രീതിയിൽ വിലകുറച്ചു കണ്ടു.
ഞാനൊരു പെണ്ണാണ്, അതുകൊണ്ട് ഒരു ബോക്‌സിനുള്ളില്‍ ഇട്ട് എന്നെ തരംതാഴ്ത്താൻ ആണ് അവർ ശ്രമിച്ചത്. അത് മനസ്സിലാക്കി തന്നെയാണ് അപ്പുറം എന്ന സിനിമയിൽ ആൺ പെൺ വേർതിരിവില്ലാതെ മനുഷ്യന്‍റെ കഥപറയാൻ ഞാൻ ശ്രമിച്ചത്. പുരുഷനും സ്ത്രീയും സമൂഹത്തിന്‍റെ ഭാഗമാണ്. അവരുടെ വൈകാരിക വശങ്ങൾ വേർതിരിവോടെ കാണാൻ എനിക്ക് അറിയില്ല.
ഒരു സ്‌ത്രീ സംവിധാനം ചെയ്യുമ്പോൾ, സ്ത്രീപക്ഷം ചർച്ച ചെയ്യണം എന്നുള്ളത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ചിലർ പറയുന്നത്. ഇവിടെ സ്ത്രീപക്ഷ സിനിമകൾ സംസാരിച്ച പുരുഷ സംവിധായകൻ ഉണ്ടല്ലോ. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകൻ കെജി ജോർജ് സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രം ആദാമിന്‍റെ വാരിയെല്ല് മൂന്ന് സ്ത്രീകളുടെ കഥയാണ് പറയുന്നത്.
അദ്ദേഹം ഒരു പുരുഷനല്ലേ? പക്ഷേ അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളിൽ ഒന്നായ ആദാമിന്‍റെ വാരിയെല്ല് സ്ത്രീകളുടെ ഭാഗത്ത് നിന്നാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെല്ലാം മനപ്പൂർവം ഒരു പ്രശ്‌നം സമൂഹത്തിൽ ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നതാണ്." -ഇന്ദു ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.
അപ്പുറം എന്ന സിനിമയിൽ സ്ത്രീ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും സംവിധായിക വ്യക്‌തമാക്കി. എന്നാല്‍ ജഗദീഷ് അവതരിപ്പിച്ച വേണുവിന്‍റെ കഥാപാത്രത്തിന്‍റെ പ്രസ്പെക്റ്റീവ് തനിക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്. എല്ലാം സമമായി കാണാൻ ശ്രമിക്കുന്ന ഒരാളാണ് താനെന്നും ഇന്ദു ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.
വളരെ ശക്തമായ ഭാഷയിൽ സംസാരിക്കുമെങ്കിലും, നേരിട്ട് അടിച്ചമർത്തലുകളിൽ സംഭവിച്ച മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് 'അപ്പുറം' എന്ന സിനിമ സംവിധാനം ചെയ്‌തതെന്നും സംവിധായിക തുറന്നു പറഞ്ഞു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അപ്പുറം പ്രേക്ഷകരെ ആകർഷിച്ചത് വലിയൊരു യാത്രയുടെ പര്യാവസാനമായി കണക്കാക്കുന്നില്ലെന്നും ഇതൊരു തുടക്കമാണെന്നും ഇന്ദു ലക്ഷ്‌മി പ്രതികരിച്ചു.
Also Read: ലോക സിനിമകൾ കണ്ടെത്തി ക്ഷണക്കത്ത് അയക്കും, 6 മാസം മുൻപ് തുടങ്ങുന്ന ഒരുക്കങ്ങൾ.. അറിയാം ചലച്ചിത്ര മേളയുടെ അറിയാ കഥകൾ - IFFK UNKNOWN STORIES