സംവിധായകനും നിർമാതാവും നടനുമായ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് ചുവടുമാറ്റത്തിനൊരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പുറത്തുവന്നു.
ഒരു നടനെന്ന നിലയിൽ താൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന് വ്യക്തമാക്കി അനുരാഗ് കശ്യപും പോസ്റ്റർ പങ്കുവച്ചു. മലയാള സിനിമയിൽ അഭിനയിക്കുന്നതിന്‍റെ ആവേശവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ബോളിവുഡ് നടൻ പ്രകടിപ്പിച്ചു.
'ആഷിഖ് അബുവിനൊപ്പം ഒരു നടനെന്ന നിലയിൽ എൻ്റെ ആദ്യ മലയാള സിനിമ പ്രഖ്യാപിക്കുന്നു, മലയാള സിനിമയുടെ മഹത്തായ നിമിഷത്തിൻ്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ്'- അനുരാഗ് കശ്യപ് കുറിച്ചു. ട്രൂ സ്റ്റോറീസ് എൻ്റർടെൻമെൻ്റുമായി സഹകരിച്ച് ഒപിഎം സിനിമാസ് ആണ് 'റൈഫിൾ ക്ലബ്ബ്' നിർമിക്കുന്നത്.
വിൻസെൻ്റ് വടക്കൻ, വിശാൽ വിൻസെൻ്റ് ടോണി എന്നിവർക്കൊപ്പം ആഷിഖ് അബുവും ഈ ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാണ്. അതേസമയം 'മൂത്തോൻ', 'പക (രക്ത നദി)' തുടങ്ങിയ മലയാളം ചിത്രങ്ങൾ അനുരാഗ് കശ്യപ് നേരത്തെ നിർമിച്ചിട്ടുണ്ട്. 'അകിര', 'ഇമൈക്ക നൊടികൾ', 'എകെ വേഴ്‌സസ് എകെ' തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു.
ഷർഫു-സുഹാസ്, ദിലീഷ് കരുണാകരൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് 'റൈഫിൾ ക്ലബ്ബി'ന്‍റെ രചന നിർവഹിച്ചത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ വർഷം ഓണം റിലീസായി 'റൈഫിൾ ക്ലബ്' പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
അതേസമയം മലയാള സിനിമകളുടെ സ്ഥിരം പ്രേക്ഷകനാണ് താനെന്ന് അനുരാഗ് കശ്യപ് പലകുറി വ്യക്തമാക്കിയിരുന്നു. തനിക്ക് മലയാള സിനിമകൾ ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ മലയാളത്തിലെ സർവൈവൽ ത്രില്ലർ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സി'നെ അഭിനന്ദിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
ഒറിജിനൽ കഥപറച്ചിലിന് പകരം റീമേക്കുകൾ അവലംബിക്കുന്ന ഹിന്ദി സിനിമയുടെ പരിമിതികളെ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹം, ചിദംബരം സംവിധാനം ചെയ്‌ത 'മഞ്ഞുമ്മൽ ബോയ്‌സി'ന് കയ്യടിച്ചത്. ചിത്രത്തിൻ്റെ ആഖ്യാനരീതിയേയും അദ്ദേഹം പ്രശംസിച്ചു. ഒപ്പം മലയാളവും ഹിന്ദി സിനിമയും തമ്മിലുള്ള വിടവ് എടുത്തുകാണിച്ച കശ്യപ് ഹിന്ദി സിനിമ ദക്ഷിണേന്ത്യൻ സിനിമകൾക്കൊപ്പം എത്തേണ്ടതിൻ്റെ ആവശ്യകതയേയും അടിവരയിട്ടു. മൗലികവും പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്നതുമായ സിനിമകൾ നിർമിക്കുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലകളെ അഭിനന്ദിക്കാനും അനുരാഗ് കശ്യപ് മറന്നില്ല.