മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് ആന്‍സണ്‍ പോള്‍. 'ബാഡ് ബോയ്‌സ്', 'ആട് 2', 'സുസു സുധി വാത്‌മീകം', 'കെക്യൂ' തുടങ്ങി നിരവധി സിനമകളില്‍ വേഷമിട്ട് ജനശ്രദ്ധ നേടിയ നടനാണ് ആന്‍സണ്‍ പോള്‍.
ഉണ്ണി മുകുന്ദന്‍റെ റിലീസിനൊരുങ്ങുന്ന 'മാർക്കോ' എന്ന സിനിമയിലും ആൻസൻ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആൻസൻ നായകനാകുന്ന മറ്റൊരു ചിത്രമാണ് 'മഴയിൽ നനയ്‌കിരേയൻ'. ഈ ചിത്രം ഡിസംബർ 12നാണ് റിലീസിനെത്തുക. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമകളുടെ വിഷേങ്ങല്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ആന്‍സണ്‍ പോള്‍.
സിനിമ വിശേഷങ്ങള്‍ പങ്കുവച്ചതിനൊപ്പം മമ്മൂട്ടിയിൽ നിന്നും താന്‍ മോഷ്‌ടിച്ച സംഗതിയെ കുറിച്ചും ആന്‍സണ്‍ പോള്‍ തുറന്നു പറഞ്ഞു. മമ്മൂട്ടിയുടെ 'എബ്രഹാമിന്‍റെ സന്തതികളിൽ' നായക കഥാപാത്രത്തിന് തുല്യമായൊരു വേഷം ആൻസൻ പോൾ കൈകാര്യം ചെയ്‌തിരുന്നു. മമ്മൂട്ടിയുടെ സഹോദരനായാണ് ചിത്രത്തില്‍ ആന്‍സണ്‍ വേഷമിട്ടത്.
"മമ്മൂട്ടി അടക്കമുള്ള സീനിയർ നടന്‍മാരുടെ സ്വഭാവ ഗുണങ്ങളും ജീവിത രീതികളുമൊക്കെ അവര്‍ അറിയാതെ നിരീക്ഷിച്ച് മോഷ്‌ടിച്ച് എടുക്കുന്നത് പോലെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് എല്ലാ നടന്‍മാരും ചെയ്യുന്ന ഒരു കാര്യമാണ്. അത്തരത്തിൽ മമ്മൂട്ടിയുടെ ഒരു സ്വഭാവഗുണമാണ് എബ്രഹാമിന്‍റെ സന്തതികൾ എന്ന സിനിമയുടെ യാത്രയ്‌ക്കിടെ ഞാൻ മോഷ്‌ടിച്ചെടുത്ത് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കിയത്.
Abrahaminte Santhathikal (ETV Bharat) മോഷ്‌ടിച്ചെടുത്തു എന്നതിനേക്കാൾ കൂടുതൽ ഇൻസ്‌പെയര്‍ ചെയ്‌തുവെന്ന് പറയുന്നതാകും നല്ലത്. ചെന്നൈയിലാണ് ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും. ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു സിനിമ. ചെന്നൈയിലെ തിയേറ്ററുകളിൽ ആഘോഷപൂർവ്വം സിനിമകൾ കാണുന്നതാണ് എന്‍റെ ഹോബി.
പിന്നീട് സിനിമയുടെ ഭാഗമായപ്പോഴും ആ രീതികൾക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല. സിനിമകളുടെ വിജയ പരാജയങ്ങൾ എക്കാലത്തും എന്നെ ബാധിച്ചിരുന്നു. വിജയങ്ങളിൽ സന്തോഷിക്കുകയും പരാജയങ്ങളിൽ സങ്കടപ്പെടുകയും ചെയ്‌തിരുന്നു."-ആന്‍സണ്‍ പോള്‍ പറഞ്ഞു.
മമ്മൂട്ടി ആരാധകര്‍ക്കൊപ്പമാണ് താന്‍ എബ്രഹാമിന്‍റെ സന്തതികൾ കണ്ടതെന്നും ആന്‍സണ്‍ പറഞ്ഞു. ഒരു പ്രേക്ഷകനെ പോലെയാണ് തിയേറ്ററിൽ എത്തിയ മാധ്യമങ്ങൾക്ക് മുന്നിൽ സിനിമയുടെ വിജയത്തെ പറ്റി സംസാരിച്ചതെന്നും നടന്‍ പറഞ്ഞു.
"എബ്രഹാമിന്‍റെ സന്തതികൾ തിയേറ്ററിൽ റിലീസ് ചെയ്യുകയാണ്. ആദ്യ ദിവസം ആദ്യം തന്നെ മമ്മൂട്ടി ആരാധകർക്കൊപ്പമാണ് ആ സിനിമ കാണുന്നത്. ഒരു ആഘോഷമായിരുന്നു ആ ഷോ. ആരാധകർക്കൊപ്പം സിനിമ ആർത്തുവിളിച്ച് കാണുന്നതിനിടയിൽ ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്നുള്ള കാര്യം പോലും മറന്നു പോയി.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ആരാധകർക്കൊപ്പമുള്ള ആഘോഷത്തിൽ പങ്കുചേർന്നു. തിയേറ്ററിൽ എത്തിയ മാധ്യമങ്ങൾക്ക് മുന്നിൽ ഒരു പ്രേക്ഷകനെ പോലെയാണ് സിനിമയുടെ വിജയത്തെ പറ്റി സംസാരിച്ചത്. സിനിമയുടെ വലിയ വിജയം അക്ഷരാർത്ഥത്തിൽ എന്നെ ആഹ്‌ളാദഭരിതനാക്കി.
പെട്ടെന്ന് ഞാനും ഈ സിനിമയുടെ ഭാഗമാണല്ലോ എന്നൊരു ചിന്ത വന്നു. ഈ സന്തോഷം മമ്മൂക്കയ്‌ക്കൊപ്പം പങ്കുവയ്‌ക്കണമെന്ന് തോന്നി. ഫോണെടുത്ത് മമ്മൂക്കയെ വിളിച്ചു. വീട്ടിലേക്ക് വരാൻ മമ്മൂക്ക നിർദ്ദേശം നൽകി. ഞാൻ നേരെ മമ്മൂക്കയുടെ വീട്ടിലേക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ ഞാൻ കണ്ട ഒരു കാഴ്‌ച്ച എന്നെ അക്ഷരാർത്ഥത്തിൽ അത്‌ഭുതപ്പെടുത്തി."-ആന്‍സണ്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
വളരെ എക്‌സ്‌പീരിയൻസ് ഉള്ള മഹാനടന്‍ ആയിട്ട് കൂടി ഇൻഡസ്ട്രിയിലേക്ക് ആദ്യമായി കടന്നുവരുന്ന ഒരു നടനെ പോലെയാണ് മമ്മൂട്ടി ഒരു സിനിമയെ സമീപിക്കുന്നതെന്നും മമ്മൂട്ടിയില്‍ നിന്നും താന്‍ വലിയൊരു പാഠം ഉൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
"മമ്മൂക്കയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ട ആ കാഴ്‌ച്ച എന്നെ വല്ലാതെ അത്‌ഭുതപ്പെടുത്തി. ഇതിനിടെ അവിടെയെത്തിയ എന്നെ മമ്മൂക്ക നോക്കി. നീ തിയേറ്ററിൽ കാണിച്ച അഭ്യാസം ഒക്കെ ഞാൻ യൂട്യൂബിലൂടെ കണ്ടെന്ന് മമ്മൂക്ക പറയുകയും ചെയ്‌തു. സിനിമയുടെ വിജയത്തെപ്പറ്റിയോ സിനിമ റിലീസ് ചെയ്‌തതിനെ കുറിച്ചോ ഒന്നും മമ്മൂട്ടി ചിന്തിക്കുന്നത് കൂടി ഇല്ല എന്നാണ് തോന്നിയത്.
മമ്മൂക്കയുടെ വീടിന്‍റെ ഹാളിന് ഒരു വശത്ത് ഒരു പോടിയം ഉണ്ട്. ആ പോടിയത്തിന് ഒരു വശത്ത് മമ്മൂക്ക ഇരിക്കുന്നു. ധാരാളം A4 വെള്ള ഷീറ്റുകൾ മമ്മൂക്കയുടെ മുന്നിൽ കിടക്കുകയാണ്. മമ്മൂക്ക അതിൽ ഒരു കടലാസിൽ എന്തോ എഴുതുന്നു. പോടിയത്തിന് ഇപ്പുറത്ത് മറ്റൊരാൾ ഇരുന്ന് ഒരു തിരക്കഥ വായിക്കുകയാണ്.
മമ്മൂട്ടി നായകനാകുന്ന തെലുഗു ചിത്രം വൈഎസ്‌ആർ യാത്ര എന്ന സിനിമയുടെ സഹ സംവിധായകനാണ് മമ്മൂട്ടിയുടെ ഓപ്പോസിറ്റ് ഇരിക്കുന്നത്. അയാൾ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗുകൾ തെലുഗു ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയാണ്. മമ്മൂക്ക ആ ഡയലോഗുകൾ മലയാളത്തിൽ പേപ്പറിൽ എഴുതിയെടുക്കുന്നു. ഇത്രയധികം എക്‌സ്‌പീരിയൻസ് ഉള്ള മഹാനടനാണ് ഇൻഡസ്ട്രിയിലേക്ക് ആദ്യമായി കടന്നു വരുന്ന ഒരു നടനെ പോലെ ഒരു സിനിമയെ സമീപിക്കുന്നത്.
ആ കാഴ്‌ച്ച കണ്ടപ്പോൾ വല്ലാതെ അത്‌ഭുതപ്പെട്ടു. മമ്മൂക്കയിൽ നിന്നൊരു വലിയ പാഠം ഞാൻ ഉൾക്കൊള്ളുകയായിരുന്നു. ഒരിക്കലും വിജയ പരാജയങ്ങൾ നമ്മെ ബാധിക്കാൻ പാടുള്ളതല്ല. ഒരു സിനിമ കഴിഞ്ഞാൽ മുന്നോട്ടുള്ള യാത്രയ്‌ക്ക് വേണ്ടി സ്വയം പര്യാപ്‌തപ്പെടുത്തുക. മമ്മൂക്കയിൽ നിന്ന് കിട്ടിയ ഈ ജീവിത പാഠമാണ് ഞാനിപ്പോൾ ജീവിതത്തിൽ പിന്തുടരുന്നത്." -ആൻസൻ പോൾ പറഞ്ഞു.
Also Read: ചോറില്ല.. കഞ്ഞിയും നെത്തോലിയും; മമ്മൂട്ടിയുടെ ഇഷ്‌ട ഭക്ഷണം കേട്ടാല്‍ ഞെട്ടും