കേരളം

kerala

ETV Bharat / entertainment

എഎംഎംഎ യോഗത്തിന് കൊച്ചിയിൽ തുടക്കം; പുതിയ നേതൃത്വത്തെ വൈകീട്ടോടെ അറിയാം - AMMA Meeting - AMMA MEETING

ഔദ്യോഗിക വിഭാഗത്തിന് വെല്ലുവിളി ഉയർത്തി ഭാരവാഹി സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്.

എഎംഎംഎ യോഗം  MALAYALAM MOVIE ARTISTS ASSOCIATION  AMMA MEETING BEGINS IN KOCHI  AMMA ELECTION
AMMA meeting begins in Kochi (ETV Bharat)

By ETV Bharat Kerala Team

Published : Jun 30, 2024, 2:30 PM IST

എഎംഎംഎ ജനറൽബോഡി യോഗം കൊച്ചിയിൽ തുടങ്ങി (ETV Bharat)

ലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ (AMMA) മുപ്പതാമത് ജനറൽബോഡി യോഗം കൊച്ചിയിൽ തുടങ്ങി. പ്രവർത്തന റിപ്പോർട്ട് അവതരണവും ഭാരവാഹി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നത്തെ യോഗത്തിൽ നടക്കും. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിൻ്റ് സെക്രട്ടറി എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും നിശ്ചയിക്കാനാണ് തെരഞ്ഞെടുപ്പ് നടക്കുക.

സംഘടനയിൽ അംഗത്വമുള്ള 506 പേരിൽ യോഗത്തിൽ പങ്കെടുക്കുന്നവർ വോട്ട് ചെയ്‌താകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. വൈകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും പുതിയ കമ്മിറ്റി ചുമതല ഏറ്റെടുക്കുകയും ചെയ്യും. ഔദ്യോഗിക വിഭാഗത്തിന് വെല്ലുവിളി ഉയർത്തി ശക്തമായ മത്സരമാണ് ഭാരവാഹി സ്ഥാനങ്ങളിലേക്ക് നടക്കുന്നത്.

കഴിഞ്ഞ തവണയും ഔദ്യോഗിക വിഭാഗം സ്ഥാനാർഥികളായ ശ്വേത മേനോൻ ഉൾപ്പടെ പരാജയപ്പെട്ടിരുന്നു. അതേസമയം നേരത്തെ തന്നെ മോഹൻലാൽ വീണ്ടും സംഘടന പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിരില്ലാതെയാണ് മോഹൻലാൽ ഇത്തവണയും പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നടന്മാരായ സിദ്ദിഖ് , ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. നേരത്തെ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്ന കുക്കു പരമേശ്വൻ എതിർപക്ഷത്തിനൊപ്പം ചേർന്നാണ് മത്സരത്തിന് ഇറങ്ങുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരിക്കുന്നുണ്ട്. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സര രംഗത്തുള്ളത്. ഡബ്ള്യുസിസി സജീവമല്ലെങ്കിലും അവരുയർത്തുന്ന സ്‌ത്രീപക്ഷ നിലപാടിനെ പിന്തുണക്കുന്ന നിരവധി താരങ്ങൾ സംഘടനയിലുണ്ട്. ഇതടക്കം മത്സരത്തിൽ പ്രതിഫലിച്ചേക്കും.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപ്പിള്ള, ജയൻ ചേർത്തല എന്നിവരും മത്സര രംഗത്തുണ്ട്. സംഘടനയുടെ രൂപീകരണ കാലം മുതൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബു ഇത്തവണ സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനറൽ ബോഡി യോഗത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നത് ഭാരവാഹി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പാണ്.

പ്രവർത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഭാരവാഹികളുടെ ഔദ്യോഗികമായുള്ള ചുമതല ഏറ്റെടുക്കലും ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകുമെന്ന് നേതൃത്വം അറിയിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ട് എഎംഎംഎ ഭാരവാഹികൾ നടത്താറുള്ള വാർത്ത സമ്മേളനം ഇത്തവണ ഒഴിവാക്കി. വാർത്ത കുറിപ്പ് ഇറക്കി ഭാരവാഹികളുടെ പേരുകൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് നേതൃത്വം അറിയിച്ചു.

എഎംഎംഎ അംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും ജനറൽ ബോഡി യോഗത്തിനെത്തും. മൂന്ന് വർഷത്തിൽ ഒരിക്കലാണ് താരസംഘടന എഎംഎംഎയുടെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗത്തിൽ വച്ച് തെരഞ്ഞെടുക്കുന്നത്.

ABOUT THE AUTHOR

...view details